ആലപ്പുഴ: സംവരണം ദലിത് പിന്നാക്ക വിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശമാണെന്നും ഇതട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെടുത്താന്‍ ഈ വിഭാഗങ്ങളുടെ ഐക്യനിര രൂപപ്പെടണമെന്നും പിഡിപി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സംവരണ സെമിനാര്‍ അഭിപ്രായപ്പെട്ടു. ജനസംഖ്യാനുപാതികമായ സംവരണം നേടിയെടുക്കാന്‍ സംവരണ വിഭാഗങ്ങളുടെ ഐക്യനിര രൂപപ്പെട്ടേ മതിയാകൂ എന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി.
ഫാസിസ്റ്റ് ഭീഷണി നേരിടുന്ന സംവരണം എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ അഡ്വ. ജമീലാ പ്രകാശം എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംവരണം തൊഴില്‍ദാന പദ്ധതിയല്ലെന്നും അധികാരത്തില്‍നിന്നും തൊഴിലവസരങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കുള്ള തിരുത്തല്‍ പ്രക്രിയ മാത്രമാണെന്നും ജമീലാപ്രകാശം അഭിപ്രായപ്പെട്ടു.സംവരണ വിഷയത്തില്‍ ദലിതുകളെയും പിന്നാക്കക്കാരെയും ഭിന്നിപ്പിക്കാനാണ് മോദി ശ്രമിക്കുന്നതെന്നും ഇതു തിരിച്ചറിയാതെ പോകരുതെന്നും അവര്‍ പറഞ്ഞു. അഡ്വ. മാത്യു വേളങ്ങാടന്‍, ഡോ. വര്‍ഷാബഷീര്‍ എന്നിവര്‍ വിഷയമവതരിപ്പിച്ചു.
രാവിലെ നടന്ന പ്രതിനിധി സമ്മേളനം പിഡിപി സംസ്ഥാന സീനിയര്‍ ജനറല്‍ സെക്രട്ടറി കെ.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ വര്‍ക്കല രാജ് അധ്യക്ഷത വഹിച്ചു. അന്‍സാരി ആലപ്പുഴ, ശ്രീധരന് പുലരി, മുഹമ്മദ് റജീബ്, മുട്ടം നാസര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇന്നുരാവിലെ 11നു പ്രവാസി സംഗമം നടക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു അരലക്ഷംപേര്‍ പങ്കെടുക്കുന്ന പ്രകടനവും പൊതുസമ്മേളനവും നടക്കും. ഡോ. അംബേദ്കറുടെ പൗത്രന് പ്രകാശ് അംബേദ്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.