പീഡാനുഭവത്തിന്റെ ഓര്‍മ്മ പുതുക്കി മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് തീര്‍ഥയാത്ര; മലകയറിയത് പതിനായിരങ്ങള്‍

ekm-malayatoorകാലടി : പീഡാനുഭവത്തിന്റെ ഓര്‍മ്മ പുതുക്കി മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് തീര്‍ഥയാത്ര  നടത്തിയത് പതിനായിരങ്ങള്‍. ഓശാന ഞായറാഴ്ചയോടെ തുടക്കംകുറിച്ച വിശുദ്ധവാരത്തില്‍ പെസഹാവ്യാഴായ്ചയും ദുഃഖവെളളിയാഴ്ചയും കുരിശുമുടിയിലേക്ക് ഭക്തജനപ്രവാഹമായിരുന്നു.  പൊന്നിന്‍ കുരിശുമുത്തപ്പോ പൊന്‍മല കയറ്റമെന്ന ശരണവിളികളുമായാണ് വിശ്വാസികള്‍  മലകയറിയത്. ഭാരമേറിയ മരകുരിശുകളുമായി ചെറുതും വലുതുമായ തീര്‍ഥാടകരുടെ സംഘങ്ങള്‍ വന്നു ചേര്‍ന്നതോടെ കുരിശുമുടി വിശ്വാസികളെകൊണ്ട് നിറഞ്ഞു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി തീര്‍ഥാടകരാണ് കൂട്ടമായി കുരിശുമുടിയിലെത്തിയത്. കേരളത്തില്‍ വിവിധ ജോലികള്‍ക്ക് എത്തിയ തൊഴിലാളികളും ഇക്കൂട്ടത്തില്‍പ്പെടും.

മലകയറ്റത്തിലെ പതിനാല് പീഡാനുഭവ സ്ഥലങ്ങളിലും മെഴുകുതിരികള്‍ കത്തിച്ച് പ്രാര്‍ഥനകള്‍ അര്‍പ്പിച്ചാണ് വിശ്വാസികള്‍ മലകയറുന്നത്. മലയിറങ്ങുന്ന വിശ്വാസികള്‍ക്ക് അടിവാരത്തും മടക്കയാത്ര വഴികളിലും നിരവധി സംഘടനകളുടെയും യുവാക്കളുടെയും നേതൃത്വത്തില്‍ അന്നദാന വിതരണവും ഉണ്ടായിരുന്നു. വാഹനങ്ങള്‍ മലയാറ്റൂര്‍ അടിവാരത്തു നിന്നും വണ്‍വേയായി യൂക്കാലി, നടുവട്ടം, മഞ്ഞപ്ര ചന്ദ്രപ്പുര വഴി കാലടിയിലേക്കും അങ്കമാലിയിലേക്കും തിരിച്ചു വിട്ടതിനാല്‍ ഗതാഗതം സുഗമമായിരുന്നു. കൂടാതെ മലയാറ്റൂര്‍ -കോടനാട് പാലവും ഒട്ടേറെ തീര്‍ഥാടകര്‍ക്ക് ആശ്വാസമായി. അഞ്ച് ട്രെയിനുകള്‍ക്ക് അങ്കമാലി താത്കാലിക സ്റ്റോപ്പ് അനുവദിച്ചത് തീര്‍ഥാടകര്‍ക്കു വളരെ പെട്ടെന്ന് എത്തിച്ചേരാന്‍ സഹായകരമായി. ഉയിര്‍പ്പു ഞായറാഴ്ചയും പുതുഞായര്‍ തിരുനാളിലേക്കും പ്രവേശിക്കുന്നതോടെ തീര്‍ഥാടകരുടെ തിരക്ക് ഇനിയും ക്രമാതീതമായി വര്‍ദ്ധിക്കും.

പീഢാനുഭവ വെളളിയാഴ്ച കുരിശുമുടിയില്‍  പീഢാനുഭവ തിരുക്കര്‍മ്മങ്ങള്‍, വിശുദ്ധ കുര്‍ബാന സ്വീകരണം, നഗരികാണിക്കല്‍ എന്നിവ നടന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് റെക്ടര്‍ ഫാ. സേവ്യര്‍ തേലേക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കുരിശുമുടി സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സ്മിന്റോ ഇടശേരി, സാരഥി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ തേക്കാനത്ത് എന്നിവര്‍ സഹകാര്‍മ്മികരായി. സെന്റ് തോമസ് പളളിയില്‍(താഴത്തെ പളളി)  പീഡാനുഭവതിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ഫാ. ജോണ്‍ തേയ്ക്കാനത്ത് കാര്‍മ്മികനായി. സഹവികാരി ഫാ. മെല്‍വിന്‍ ചിറ്റിലപ്പിളളി, ഫാ. ബാസ്റ്റിന്‍ കിഴക്കേറ്റം, ഫാ. ചാള്‍സ് കോറോത്ത് എന്നിവര്‍ സഹകാര്‍മ്മികരായി.

രാവിലെ ആരാധനയോടെ പീഡാനുഭവതിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു.തുടര്‍ന്ന് വിശുദ്ധ കുര്‍ബാന സ്വീകരണം, വൈകിട്ട് മൂന്നിന് ആഘോഷമായ വിശുദ്ധ കുരിശിന്റെ വഴി, വാണിഭത്തടം പളളിയിലേക്ക് വിലാപയാത്ര, പീഢാനുഭവ സന്ദേശം എന്നിവയുണ്ടായിരുന്നു. കുരിശുമുടിയില്‍  ഇന്ന് രാത്രി 11.45 ന് ഉയിര്‍പ്പു തിരുക്കര്‍മ്മങ്ങള്‍, പ്രദക്ഷിണം, ആഘോഷമായ വി.കുര്‍ബാന. സെന്റ് തോമസ് പളളിയില്‍(താഴത്തെ പളളി)രാത്രി 11.45 ന് ഉയിര്‍പ്പു തിരുക്കര്‍മ്മങ്ങള്‍, പ്രദക്ഷിണം, വി.കുര്‍ബാന. 27 ന് സെന്റ് തോമസ് പളളിയില്‍ രാവിലെ 5.30, ഏഴ്, വൈകുന്നേരം 5.30 നും വി.കുര്‍ബാന. കുരിശുമുടിയില്‍ രാവിലെ 5.30, 7.30, വൈകുന്നേരം ആറിനും വി.കുര്‍ബാന എന്നിവയുണ്ടാകും.

Related posts