പുകയിലയില്‍ കാണപ്പെടുന്ന ടാര്‍ ഏകദേശം 40 ഓളം രാസവസ്തുക്കള്‍ അടങ്ങിയതാണ്. അവയില്‍ പലതും കാന്‍സര്‍ ഉണ്ടാക്കുന്നവയാണ്. ശ്വാസകോശ കാന്‍സറാണ് ഇതില്‍ പ്രധാനം. അടയ്ക്ക, പുകയിലപ്പൊടി, ചുണ്ണാമ്പ്, കൊന്നമരത്തിന്റെ പശ, സുഗന്ധദ്രവ്യങ്ങള്‍ ഇത്യാദി നിരവധി വസ്തുക്കള്‍ അടങ്ങിയതാണ് പാന്‍മസാല. എന്നാല്‍ പഠനങ്ങള്‍ വ്യക്തമാക്കുന്നത് നിക്കല്‍, കാഡ്മിയം തുടങ്ങിയ ലോഹവിഷങ്ങള്, കീടനാശിനിയുടെ അവശിഷ്ടങ്ങള്‍, ചില്ലുപൊടി… മാരകരോഗങ്ങള്‍ ഉണ്ടാക്കുന്ന ഇത്യാദി വസ്തുക്കള്‍ പോലും ഇതില്‍ ചേര്‍ന്നിരിക്കുന്നുവെന്നാണ്.
ചുരുങ്ങിയകാലത്തെ ഉപയോഗം നിമിത്തം കവിളിന്റെ കട്ടികൂടി വായ തുറക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നു. എരിവ്, പുളി തുടങ്ങിയവയ്ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന സബ്മ്യൂക്കസ് ഫൈബ്രോസിസ് എന്ന അവസ്ഥയും ചിലരില്‍ വായില്‍ വെളുത്തതോ ചുവപ്പ് കലര്‍ന്നതോ ആയ പാടകള്‍ ലൂകോപ്ലാക്കിയ ഇത്യാദി കാന്‍സറിന് മുന്നോടിയായ അവസ്ഥകളും സംജാതമാകുന്നു. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ കമ്യൂണിറ്റി ഓങ്കോളജി വിഭാഗത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് നമ്മുടെ നാട്ടില്‍ പുകയില ഉപയോഗിക്കുന്ന പുരുഷന്മാരില് കാണാറുള്ള കാന്‍സറില്‍ ഏകദേശം 13 ശതമാനം ശ്വാസകോശാര്‍ബുദവും 11 ശതമാനം വായിലെ കാന്സറുമാണെന്നാണ്.
കുട്ടികളിലെ ദൂഷ്യഫലങ്ങള്‍
വളരെ ചെറുപ്പത്തില്‍ പുകവലി ആരംഭിക്കുകയോ പുകവലിക്കാരായ മാതാപിതാക്കളുടെ കൂടെ താമസിക്കുകയോ ചെയ്യുന്ന കുട്ടികളില്‍ വിട്ടുമാറാത്ത ചുമ, വലിവ്, ജലദോഷം, വയറുവേദന, ന്യുമോണിയ ഇത്യാദി അസുഖങ്ങള്‍ കൂടുതല്‍ കണ്ടുവരുന്നു. ഇത്തരം കുട്ടികള്‍ മറ്റുകുട്ടികളെ അപേക്ഷിച്ച് ശ്രദ്ധയും ഉണര്‍വും ഉന്മേഷവും കുറഞ്ഞുകാണുന്നു.
സ്ത്രീകളിലെ ദൂഷ്യഫലങ്ങള്‍
സിഗരറ്റ് വലി, പുകയില കൂട്ടിയുള്ള മുറുക്കല്‍ എന്നീ ദുശീലങ്ങള്‍ സ്ത്രീകള്‍ക്കിടയില്‍ കൂടിവരുന്നതായാണ് കാണുന്നത്. ഗര്‍ഭിണി പുകവലിച്ചാല്‍ രക്തസ്രാവം, ഗര്‍ഭം അലസല്‍, മാസം തികയാത്ത പ്രസവം, പ്രസവിച്ച കുഞ്ഞിന്റെ ഭാരക്കുറവ്, പ്രതിരോധ ശക്തിക്കുറവ്, ശ്വാസകോശ രോഗങ്ങള്‍, അംഗവൈകല്യങ്ങള്‍ എന്നുവേണ്ട ബുദ്ധിമാന്ദ്യം വരെ ഉണ്ടാകാം.
വിവരങ്ങള്‍: ഡോ.പ്രശാന്ത്, പ്രാഥമികാരോഗ്യ കേന്ദ്രം, പാമ്പാടുംപാറ