പെരുമ്പഴുതൂര്‍ പോളിടെക്‌നിക്കില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം

TVM-POLIഅമരവിള : പെരുമ്പഴുതൂര്‍ പോളിടെക്‌നിക്കില്‍ വിദ്യര്‍ഥികള്‍ ഏറ്റുമുട്ടി. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ ആരംഭിച്ച സംഘര്‍ഷം വൈകുന്നേരം അഞ്ചോടെയാണ് അവസാനിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ചേരിതിരിഞ്ഞ് തല്ലുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു.  ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്ന പോളിടെക്ക്‌നിക്കുകാരുടെ സമരത്തില്‍ പങ്കെടുക്കാതിരുന്ന രണ്ടാം വര്‍ഷ കംപ്യൂട്ടര്‍ ആപഌക്കേഷന്‍ ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയെ തല്ലിയതാണ് സംഘര്‍ഷങ്ങളുടെ തുടക്കം . സമരത്തില്‍ പങ്കെടുക്കാത്തതിന് വിശദീകരണം നല്‍കാതിരുന്ന ജൂണിയര്‍ വിദ്യാര്‍ഥിയെയാണ് പോളിടെക്കനിക്കിലെ നേതാവ് തല്ലിയത്.

തുടര്‍ന്ന് തിരിച്ച് ജൂണിയറും  തല്ലിയതോടെ സ്ഥിതി വഷളായി. ജൂണിയര്‍  വിദ്യാര്‍ഥിയെ തല്ലാനായി പുറത്തുനിന്ന് ആളെ വിളിച്ചതോടെ മുപ്പതോളം വിദ്യാര്‍ഥികള്‍ ക്ലാസില്‍ നിന്ന് പുറത്തിറങ്ങാതായി. തുടര്‍ന്ന് എത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ ജൂണിയേഴ്‌സിനെ ക്ലാസിനുള്ളില്‍ പൂട്ടുകയായിരുന്നു. സംഘര്‍ഷം തുടര്‍ന്നതോടെ അധികൃതര്‍ പോലീസിനെ അറിയിച്ചെങ്കിലും നെയ്യാറ്റിന്‍കര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുളള പോലീസുകാരെ പ്രധാന വാതിലില്‍ വിദ്യാര്‍ഥികള്‍ തടഞ്ഞു.

മൂന്നരയോടെ കുട്ടികള്‍ പുറത്തു പോണമെന്ന് പ്രിന്‍സിപ്പല്‍ മൈക്കിലൂടെ വിളിച്ച് പറഞ്ഞെങ്കിലും ആരെയും പുറത്തിറക്കാന്‍ വിദ്യാര്‍ഥി നേതാക്കള്‍ സമ്മതിച്ചില്ല.  പ്രധാന വാതിലില്‍ 100 ഓളം കുട്ടികള്‍ നിരന്നതോടെ പോലീസും നിസഹായരായി. നാലുമണിയോടെ മര്‍ദനമേറ്റ ജൂണിയര്‍ വിദ്യാര്‍ഥിയുടെ രക്ഷിതാക്കളെത്തി പരിക്കേറ്റ കുട്ടിയെ കൂട്ടികൊണ്ടു പോയി . തുടര്‍ന്ന് വൈകുന്നേരം അഞ്ചോടെയാണ് പെണ്‍കുട്ടികളുള്‍പ്പെടെയുളള കുട്ടികളെ പുറത്തു വിട്ടത്. പെരുമ്പഴുതൂര്‍ പോളിടെക്കനിക്കില്‍ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാണെന്നും പോലീസ് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാരും ആവശ്യപ്പെട്ടു.

Related posts