ആലുവ: കൊട്ടാര സദൃശമായ ആഡംബര വീടു കാണിച്ച് അഭിഭാഷകനും ബന്ധുക്കളും ചേര്‍ന്ന് തട്ടിയെടുത്തത് മൂന്നുകോടിയോളം രൂപ. തട്ടിപ്പിനിരയായ സിനിമ നിര്‍മാതാവും വിദേശ വ്യവസായിയുമായ ടോമിച്ചന് മുളവുകാട് ആദ്യം സമീപിച്ചത് പരാതിയുമായി അങ്കമാലി സിഐയാണ്. കോണ്‍ഗ്രസ് നേതാവിനുവരെ പങ്കുണ്ടായിരുന്ന ഈ തട്ടിപ്പ് കേസ് രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് അന്ന് പോലീസ് എഴുതി തള്ളി. ഒടുവില്‍ ഹൈക്കോടതിയില്‍ നീതി തേടിയെത്തിയപ്പോള്‍ കേസിലെ പ്രധാനപ്രതിയായ അഭിഭാഷകന് അറസ്റ്റിലായി.
അങ്കമാലി തുറവൂര്‍ മൂപ്പന് കവലയ്ക്ക് സമീപം താമസിക്കുന്ന കൊരട്ടി പഴവേലില്‍ സര്‍വനാഥന്‍ (47) എന്ന അഭിഭാഷകനെ ആലുവ ഡിവൈഎസ്പി വൈ.ആര്. റസ്റ്റമാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു പ്രതികളായ ഇയാളുടെ സഹോദരന് ശ്രീ പഴവേലില്‍, ഭാര്യ വര്‍ഷ ബിന്പട്ടേല് എന്നിവര്‍ വിദേശത്തേയ്ക്ക് കടന്നു. ഇവരുടെ സഹായി സനീഷും കേസില്‍ പ്രതിയാണ്. അമേരിക്കയിലുള്ള പ്രതികളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
ചെങ്ങമനാട് പഞ്ചായത്തിലെ മേയ്ക്കാട് മധുരപ്പുറത്ത് രാജസ്ഥാന് വാസ്തുശില്പ ക്ഷേത്രമാതൃകയിലാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. രാജസ്ഥാനിലെ പരമ്പരാഗത തൊഴിലാളികളെ ഉപയോഗിച്ച് അവിടത്തെ മാര്‍ബിള്‍ കൊണ്ടുണ്ടാക്കിയ ഈ കൊട്ടാരത്തില്‍ തുടക്കത്തില്‍ ആരാധനകളും മറ്റും നടന്നിരുന്നു. അറസ്റ്റിലായ അഭിഭാഷകന്റെ ഗുജറാത്ത് സ്വദേശിയായ സഹോദര ഭാര്യ വര്‍ഷ ബിന്‍ പട്ടേലിന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് രാജസ്ഥാനിലെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ആരാധനകേന്ദ്രം എന്ന നിലയിലാണ് ഇത് സ്ഥാപിച്ചത്. ട്രസ്റ്റ് വകയായിരുന്ന സ്ഥലത്തിന്റെ പവര്‍ ഓഫ് അറ്റോണി പിന്നീട് വര്‍ഷ പട്ടേലിന്റെ പേരിലാക്കി. രണ്ടേക്കര്‍ വരുന്ന ഈ സ്ഥലവും 21,000 ചതുരശ്രയടിയുള്ള കെട്ടിടവും, നാലരക്കോടി വില നിശ്ചയിച്ച് ടോമിച്ചന് മുളവുകാടിന് വില്‍ക്കുന്നതായി പ്രതികള്‍ കരാര്‍ ഉണ്ടാക്കി.
പലഘട്ടങ്ങളായി ടോമിച്ചനില്‍ നിന്നും മൂന്നരക്കോടി രൂപ കൈപ്പറ്റിയെങ്കിലും വസ്തു രജിസ്റ്റര്‍ ചെയ്തകൊടുത്തിരുന്നില്ല. എന്നാല്‍ ഇതേ വസ്തു അഭിഭാഷകന്റെ ബിസിനസ് പങ്കാളിയായ തൃശൂര്‍ സ്വദേശിയായ കോണ്‍ഗ്രസ് നേതാവിന് 12 ലക്ഷം രൂപയ്ക്ക് വില്പന നടത്തിയതായി രേഖയുണ്ടാക്കി. പാലക്കാട് ജില്ലയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ട ഈ നേതാവിന്റെ രാഷ്ട്രീയ സ്വാധീനവും പ്രതികള്‍ പ്രയോജനപ്പെടുത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് ഇവരെല്ലാവരും കൂടി ചേര്‍ന്ന് ആറുകോടി രൂപയ്ക്ക് മറ്റൊരു തൃശൂര്‍ സ്വദേശിക്ക് വസ്തു വില്‍ക്കുകയായിരുന്നു.
തട്ടിപ്പ് മനസിലാക്കിയ നിര്‍മാതാവ് അങ്കമാലി സിഐയ്ക്ക് പരാതി നല്‍കിയെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ കേസൊതുക്കുകയായിരുന്നു. തുടര്‍ന്നാണ് ടോമിച്ചന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കോടതി നിര്‍ദേശപ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രധാനപ്രതിയായ അഭിഭാഷകന് അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പുലിമുരുകന് എന്ന മോഹന്‍ലാല്‍ ചിത്രങ്ങളുടെയടക്കം നിര്‍മാതാവായ ടോമിച്ചന് മുളവുകാടിനെ വഞ്ചിച്ച വാര്‍ത്ത സിനിമ രംഗത്തും ഏറെ ചര്‍ച്ചയായിരുന്നു.