പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പീഡിപ്പിച്ച വ്യാജ പാസ്റ്റര്‍ റിമാന്‍ഡില്‍; പ്രതി ബാധ ഒഴിപ്പിക്കലില്‍ ‘വിദഗ്ധന്‍’; പ്രതിക്ക് നാട്ടില്‍ ഭാര്യയും രണ്ടു മക്കളും

peedanamമഞ്ചേരി: പാസ്റ്റര്‍ ചമഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിടിയിലായ വ്യാജപാസ്റ്ററെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ബാലരാമപുരം മുടവൂര്‍പാറ കാട്ടുകുളത്തിന്‍കര ജോസ്പ്രകാശിനെ(46)യാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ അടുത്തദിവസം കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്നും മഞ്ചേരി പോലീസ് അറിയിച്ചു. സമാനമായ കേസുകളിലും തട്ടിപ്പുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതു സംബന്ധിച്ചു കൂടുതല്‍ അന്വേഷണം നടത്തും. ബാധ ഒഴിപ്പിക്കലില്‍ വിദഗ്ധനാണെന്നു വിശ്വസിപ്പിച്ചാണ് ജനങ്ങളെ കൈയിലെടുക്കുന്നത്.

മഞ്ചേരിയില്‍ പതിമൂന്നുകാരിയായ പെണ്‍കുട്ടിയുടെയും ഇളയ സഹോദരന്റെയും ദേഹത്ത് ബാധ കയറിയിട്ടുണ്ടെന്ന് രക്ഷിതാക്കളെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ഒഴിപ്പിക്കുന്നതിനായി പെരിന്തല്‍മണ്ണയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയുമായിരുന്നു. രണ്ടു ദിവസം കുടുംബം ഇവിടെ താമസിച്ചു. പ്രാര്‍ഥനയ്‌ക്കെന്ന് പറഞ്ഞ് കുട്ടികളെ തന്റെ റൂമിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

ഫെബ്രുവരിയിലും മാര്‍ച്ച് ആദ്യവുമാണ് സംഭവം. പെരിന്തല്‍മണ്ണയിലും മഞ്ചേരിയിലുമുള്ള വീടുകളില്‍ പ്രാര്‍ഥനയ്‌ക്കെന്ന പേരില്‍ പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ് ഇയാള്‍. പ്രതിക്ക് നാട്ടില്‍ ഭാര്യയും രണ്ടു മക്കളുമുണ്ട്. ഒരു സംഘടനയില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രതി ഒരിടത്തും പാസ്റ്ററായി ജോലി ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

കുട്ടിയും മാതാവും ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം വനിതാ സെല്‍ പോലീസ് കേസെടുക്കുകയായിരുന്നു. സിഐയുടെ നേതൃത്വത്തില്‍ എസ്‌ഐ എസ്.ബി. കൈലാസ്‌നാഥ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി.സഞ്ജീവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Related posts