പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി: യെമനില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ പാലാ രാമപുരം സ്വദേശിയായ സലേഷ്യന്‍ വൈദികന് ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം സംബന്ധിച്ച് തീവ്രവാദികള്‍ യെമന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടെന്നു സൂചന. മോചനദ്രവ്യം ആവശ്യപ്പെട്ട് സര്‍ക്കാരുമായി ബന്ധപ്പെട്ടെന്നും ഫാ. ടോമിന്റെ വീഡിയോ ഇവര്‍ സര്‍ക്കാരിന് അയച്ചുകൊടുത്തെന്നും സൂചനയുള്ളതായി ഐബിഎന്‍ റിപ്പോര്‍ട്ട് ചെയ്തു. മോചനം വേഗത്തിലാക്കാനുള്ള ശ്രമങ്ങള്‍ സജീവമെന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
നയതന്ത്രശ്രമങ്ങള്ക്കു പുറമേ മറ്റെല്ലാ സാധ്യതകളും ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി കെ.വി. തോമസ്, ജോസ് കെ. മാണി എംപി, സിബിസിഐ പ്രതിനിധികള്‍ തുടങ്ങിയവര്‍ക്കു വിദേശകാര്യമന്ത്രി ഉറപ്പു നല്കി. ആസാമിലായിരുന്ന മന്ത്രി സുഷമയുമായി മുഖ്യമന്ത്രിയും മറ്റും ഫോണില്‍ സംസാരിച്ചു. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറുമായി ഇന്നലെ നേരിട്ടു സംസാരിച്ചതായി കെ.വി. തോമസ് അറിയിച്ചു. മോചനം സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ ഗൗരവപൂര്‍വമായ ഇടപെടല്‍ നടത്തുന്നുണ്ടെന്നു സുഷമ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഫാ. ടോമിന്റെ കുടുംബാംഗവും വിദേശകാര്യമന്ത്രാലയത്തില്‍ ഇപ്പോള്‍ ഡയറക്ടര്‍തല ഉദ്യോഗസ്ഥനുമായ നോയല്‍ തോമസുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി.
പ്രധാനമന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയത്തിലെ യെമന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി മൃദുല്‍ കുമാര്‍, ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സൗദി അറേബ്യയിലുണ്ട് മൃദുല്‍ കുമാര്‍, അണ്ടര്‍ സെക്രട്ടറി ഗൗരവ് എന്നിവരുമായി ജോസ് കെ. മാണി എംപിവിശദമായ ചര്‍ച്ച നടത്തി. ഫാ. ടോം സുരക്ഷിതനാണെന്നും മോചനശ്രമങ്ങള്‍ തീവ്രതയോടെ നടക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതര്‍ എംപിമാരെ അറിയിച്ചു.
ലിബിയയില്‍ റോക്കറ്റാക്രമണത്തില്‍ മരിച്ച മലയാളികളായ സുനു സത്യന്റെയും മകന് പ്രണവിന്റെയും റഷ്യയില്‍ വിമാനാപകടത്തില്‍ മരിച്ച മലയാളി ദമ്പതികളായ ശ്യാംമോഹന്, അഞ്ജു എന്നിവരുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്രമന്ത്രിയുമായി മുഖ്യമന്ത്രി സംസാരിച്ചു. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനു നിര്‍ദേശം നല്കുമെന്നു സുഷമ സ്വരാജ് അറിയിച്ചു.
ഫാ. ടോം ഉഴുന്നാലിലിന്റെ സുരക്ഷയും മോചനവും സംബന്ധിച്ച ആശങ്കള്‍ക്കു എത്രയും വേഗം ശുഭകരമായ അന്ത്യമുണ്ടാക്കണമെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. ഫാ. ടോമിന്റെ മോചനത്തിനുള്ള ശ്രമങ്ങള്‍ എത്രയും വേഗത്തിലാക്കണമെന്നു സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് ചിന്നയ്യനും നിവേദനത്തില്‍ ആവശ്യപ്പെട്ടു.