കോട്ടയം: സിഎസ്‌ഐ മധ്യകേരള മഹായിടവക മുന്‍ അധ്യക്ഷന്‍ കാലംചെയ്ത ബിഷപ് റവ. സാം മാത്യുവിന്റെ കബറടക്കം നാളെ രാവിലെ 11നു കോട്ടയം സിഎസ്‌ഐ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടക്കും. ഭൗതികശരീരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30നു കരിപ്പാല്‍ ആശുപത്രിയില്‍ നിന്നു മാങ്ങാനം ക്രൈസ്തവാശ്രമം ചാപ്പലില്‍ എത്തിച്ചു പൊതുദര്‍ശനത്തിനു വയ്ക്കും.
തുടര്‍ന്ന് 4.30ന് മാങ്ങാനത്തിനു സമീപമുള്ള വസതിയില്‍ എത്തിക്കും. നാളെ രാവിലെ എട്ടിനു ഭവനത്തിലെ ശുശ്രൂഷകള്‍ ആരംഭിക്കും. ശുശ്രൂഷയ്ക്കുശേഷം ഭവനത്തില്‍നിന്നും ആരംഭിക്കുന്ന നഗരികാണിക്കല്‍ കഞ്ഞിക്കുഴി, കളക്‌ട്രേറ്റ്്, സെന്‍ട്രല്‍ ജംഗ്ഷന്‍, ബേക്കര്‍ ജംഗ്ഷന്‍ വഴി സിഎസ്‌ഐ സഭാ ആസ്ഥാനത്ത് എത്തിച്ചേരും. ഒമ്പതു മുതല്‍ 10.30 വരെ സിഎസ്‌ഐ മധ്യകേരള മഹായിടവക കേന്ദ്രഓഫീസിനോടു ചേര്‍ന്നുള്ള ബിഷപ് ജേക്കബ് മെമ്മോറിയല്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
തുടര്‍ന്ന് മഹായിടവക ആസ്ഥാനത്തുനിന്ന് സ്ഥാനവസ്ത്രങ്ങള്‍ ധരിച്ച ഗായകസംഘങ്ങളുടെയും സഭാശുശ്രൂഷകരുടെയും വൈദികരുടെയും മഹായിടവക ഭാരവാഹികളുടെയും അകമ്പടിയോടെ ഭൗതികശരീരം സിഎസ്‌ഐ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ എത്തും.
കത്തീഡ്രല്‍ കവാടത്തില്‍ വൈദികര്‍ ഭൗതികശരീരം ഏറ്റുവാങ്ങുന്നതോടു കൂടി സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കും. സിഎസ്‌ഐ ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ശുശ്രൂഷകള്‍ക്ക് സിഎസ്‌ഐ ബിഷപ്പുമാര്‍, ഇതര സഭാമേലധ്യക്ഷന്മാര്‍, വൈദികര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കും. ശുശ്രൂഷകള്‍ക്കും അന്തിമോപചാരങ്ങള്‍ക്കും ശേഷം ഹോളി ട്രിനിറ്റി കത്തീഡ്രല്‍ മദ്ബഹയോട് ചേര്‍ന്നു പ്രത്യേകം തയാറാക്കിയ കല്ലറയില്‍ സംസ്കരിക്കും.