ബിസിനസ്, വിവാഹം, കരിയര്‍: കാവ്യ മനസുതുറക്കുന്നു

kavya-madhavanബിജോ ജോ തോമസ്

കാവ്യ അന്നും ഇന്നും മലയാളികള്‍ക്ക് ഒരു കൗതുകമാണ്. സിനിമയില്‍ 25 വര്‍ഷങ്ങള്‍ പിന്നിട്ടു. ഇപ്പോള്‍ പഴയതുപോലെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നില്ല. എന്നിട്ടും കാവ്യയുടെ പോപ്പുലാരിറ്റി തെല്ലും കുറഞ്ഞിട്ടില്ല. സിനിമ മാത്രമല്ല ഇന്നു കാവ്യയുടെ ജീവിതത്തിലുള്ളത്. ലക്ഷ്യ എന്ന ഓണ്‍ലൈന്‍ ഗാര്‍മെന്റ്‌സ് സംരംഭം വിജയകരമായി ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. അച്ഛനും അമ്മയും ചേട്ടനുമെല്ലാം ലക്ഷ്യക്കു പിന്നിലുണ്ടെങ്കിലും കാവ്യയോടുള്ള പ്രേക്ഷകരുടെ ഇഷ്ടമാണ് ഇപ്പോഴും ലക്ഷ്യയെ മുന്നോട്ടു നയിക്കുന്നതില്‍ പ്രധാന ഘടകം. ബിസിനസ്, കരിയര്‍, വിവാഹം ഇതിനെക്കുറിച്ചെല്ലാം കാവ്യ മനസു തുറക്കുന്നു….

സിനിമകളുടെ എണ്ണം ഇപ്പോള്‍ കുറച്ചിരിക്കുന്നു. ഇതിനിടയില്‍ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ ഗാര്‍മെന്റ്‌സ് ബിസിനസ് വിജയകരമായി മുന്നേറുന്നു. ലക്ഷ്യയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ് ?

ലക്ഷ്യ പെട്ടെന്നുണ്ടായ ഒരു സംഭവമല്ല. ഒരുപാട് വര്‍ഷത്തെ ആലോചനയുടെ ഫലമാണ്. സിനിമയില്‍ ബാലതാരമായി എത്തി. പ്രതീക്ഷിക്കാതെതന്നെ നായികയാകുമായി. അപ്പോഴും ഇത്രയും വര്‍ഷം പിടിച്ചു നില്‍ക്കുമെന്ന് കരുതിയില്ല. പക്ഷേ അന്നേ മനസിലുണ്ടായിരുന്നു എല്ലാക്കാലത്തും ആശ്രയിക്കാവുന്ന മേഖലയല്ല സിനിമയെന്ന്. വെറെന്തെങ്കിലും കൂടി ചെയ്യണമെന്നു തോന്നിയിരുന്നു. പക്ഷേ ആദ്യകാലങ്ങളില്‍ വീട്ടില്‍ പോലും വരാന്‍ സാധിക്കാത്ത തിരക്കായിരുന്നു. പിന്നീട് പല കാലങ്ങളിലായി പല ആലോചനകളും നടന്നു. പലതും നമുക്ക് പറ്റില്ലെന്നു തോന്നും. അങ്ങനെയാണു കഴിഞ്ഞവര്‍ഷം ലക്ഷ്യ എന്ന ഐഡിയ വന്നത്. ഇത് എന്റെ സഹോദന്റെ ആശയമായിരുന്നു. ഗാര്‍മെന്റ്‌സ് സംബന്ധമായ കാര്യങ്ങള്‍ ഞങ്ങളുടെ കുടുംബത്തിലെല്ലാവര്‍ക്കും അറിയാം. അച്ഛന് ടെക്‌സ്‌റ്റൈല്‍സ് ഉണ്ടായിരുന്നു. അമ്മയ്ക്കും ഇതില്‍ നല്ല താല്‍പര്യമാണ്. ചേട്ടനാണെങ്കില്‍ ഫാഷന്‍ ഡിസൈനിംഗ് ഓസ്‌ട്രേലിയായില്‍ നിന്ന് പഠിച്ചതാണ്. ചേട്ടന്റെ ഭാര്യ റിയയും ഇതില്‍ പ്രവര്‍ത്തിക്കുന്നു. ആദ്യം ബൊട്ടീക് ആണ് ആലോചിച്ചത്. പക്ഷേ അതിന് എപ്പോഴും നമ്മുടെ സാന്നിധ്യം വേണം. വിട്ടു നില്‍ക്കാന്‍ പറ്റില്ല. അങ്ങനെയാണ് ഓണ്‍ലൈന്‍ ആശയം വന്നത്. നമ്മള്‍ തുടങ്ങുമ്പോള്‍ കേരളത്തില്‍ ഡ്രസുകള്‍ക്കു മാത്രമായുള്ള ഓണ്‍ലൈന്‍ ഉണ്ടായിരുന്നില്ല. അങ്ങനെ തുടങ്ങി. ഇപ്പോള്‍ നല്ല രീതിയില്‍ പോകുന്നു.

എങ്ങനെയാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍?

സാധാരണ ഓണ്‍ലൈനില്‍ കൂടിയുള്ള പ്രവര്‍ത്തനങ്ങള്‍ പോലെ തന്നെ. കാക്കനാട്ട് ഓഫീസുണ്ട്. ഒരു ഓഫീസ് എന്നതിലുപരി ഡിസൈന്‍ ഹൗസ് എന്ന കണ്‍സപ്റ്റാണ് പ്രധാനമായി ഉദ്ദേശിച്ചത് നമ്മുടെ പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ കുറച്ച് പ്രൈവസിയോടെ നേരിട്ടു വന്ന് പര്‍ച്ചേസ് നടത്താനുള്ള സൗകര്യം കൂടി ഒരുക്കുക എന്നതായിരുന്നു ലക്ഷ്യം. പക്ഷേ ഇപ്പോള്‍ സുഹൃത്തുക്കളേക്കാളുപരി അല്ലാത്തവരും ധാരാളം വന്നു തുടങ്ങി. അങ്ങനെ നേരിട്ടും ഓണ്‍ലൈന്‍ വഴിയായുമൊക്കെ ബിസിനസ് നടക്കുന്നു. സ്ത്രീകള്‍ക്കുള്ള എത്തിനിക് ഐറ്റംസ് എല്ലാമുണ്ട്. ഇപ്പോള്‍ വെഡ്ഡിംഗ് ചെയ്തു തുടങ്ങിയിട്ടുണ്ട്. ആള്‍ക്കാര്‍ നേരിട്ട് വന്ന് ഡിസൈന്‍ തന്നിട്ട് നമ്മള്‍ ചെയ്തു കൊടുക്കാറുണ്ട്. ഇതൊക്കെ ചെയ്യാനുള്ള സ്വന്തമായ യൂണിറ്റ് ആയി വരുന്നു.

ഓണ്‍ലൈന്‍ ബിസിനസിലെ വെല്ലുവിളികള്‍ എന്തൊക്കെയാണ്?

തലവേദന ഒട്ടേറെയുണ്ട്. ഷോപ്പ് ആണെങ്കില്‍ വാടക കൊടുക്കണം അതു മെയിന്റയിന്‍ ചെയ്യണം, ഓണ്‍ലൈന്‍ ആണെങ്കില്‍ അതൊന്നുമില്ലല്ലോ എന്നു നമുക്കു തോന്നും. പക്ഷേ കട തുടങ്ങുന്നത്രയും തന്നെ റിസ്ക്ക് ഇതിനുമുണ്ട്.ഓരോ പ്രോഡക്ടും പുതുതായി വരുമ്പോള്‍ അതിനു ഫോട്ടോ ഷൂട്ട് നടത്തണം. പിന്നെ ഓണ്‍ലൈനിന്റെ സെക്യൂരിറ്റി, ആര്‍ക്കും ഹാക്ക് ചെയ്യാന്‍ പറ്റാതിരിക്കണം. അതിനെല്ലാം നമ്മള്‍ പൈസ കണ്ടെത്തണം. തുടങ്ങിയ സമയത്ത് ഒരുപാട് ആള്‍ക്കാര്‍ ഒരുമിച്ച് കയറിപ്പോള്‍ വെബ്‌സൈറ്റ് ഡൗണ്‍ ആയി. എത്രയധികം ആള്‍ക്കാര്‍ ഒരുമിച്ചു കയറിയാലും പ്രശ്‌നമില്ലാത്ത സേര്‍വര്‍ മാറ്റിവയ്‌ക്കേണ്ടി വന്നു. എന്തായാലും ദൈവം സഹായിച്ച് ഇപ്പോള്‍ നന്നായി പോകുന്നു. ഒറ്റയടിക്ക് വലിയ ലാഭം കൊയ്യണമെന്നും ഞങ്ങള്‍ക്കില്ല. സാവധാനം വളരുന്നു. ഒരിക്കല്‍ വന്ന കസ്റ്റമേഴ്‌സ് വീണ്ടും വരാന്‍ തുടങ്ങിയതോടെ നമുക്ക് കോണ്‍ഫിഡന്‍സായി.

ലക്ഷ്യ ജീവിതം തന്നെ മാറ്റി എന്നു പറയാം?

തീര്‍ച്ചയായിട്ടും. ലക്ഷ്യ തുടങ്ങിയതിനുശേഷം എന്റെ മാത്രമല്ല വീട്ടിലെ ഞങ്ങള്‍ അഞ്ചാള്‍ക്കാരുടേയും ജീവിതം തന്നെ മാറി. തുടങ്ങിയ സമയത്ത് പര്‍ച്ചേസിംഗിനും മറ്റുമായി ഞങ്ങള്‍ ഒട്ടേറെ യാത്രകള്‍ നടത്തി. അതുവരെ എന്നെ സംബന്ധിച്ച് സിനിമ മാത്രമായിരുന്നു ജീവിതം. ഷൂട്ടിംഗ്, കഥകേള്‍ക്കല്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം. ഇപ്പോള്‍ സത്യം പറഞ്ഞാല്‍ പല സിനിമകളും ഇറങ്ങുന്നതുപോലും ഞാനറിയുന്നില്ല. ലക്ഷ്യ എന്തായാലും ജീവിതത്തില്‍ ഒരുപാടു മാറ്റങ്ങള്‍ കൊണ്ടു വന്നു. എേേപ്പാഴും എന്തെങ്കിലും പുതുതായി ചിന്തിച്ചാലേ പുതുമകള്‍ കൊണ്ടുവരാന്‍ കഴിയൂ. ലക്ഷ്യ തുടങ്ങിയതിനുശേഷമുള്ള ആദ്യത്തെ ഓണമായിരുന്നു കഴിഞ്ഞത്. അപ്പോഴാണ് സെറ്റുസാരിയില്‍ കലംകാരി വര്‍ക്ക് കൊണ്ടുവന്നത്. അത് എല്ലാവര്‍ക്കും വളരെ ഇഷ്ടമായി. അതില്‍ തന്നെ ദേവാങ്ക എന്ന സാരി ഏറെ ഹിറ്റായി. ഒരുപാട് ഓര്‍ഡര്‍ വന്നു. ഇപ്പോഴും വരുന്നുണ്ട്. ദീപാവലിക്ക് മധുപാനി സാരിയിറക്കി. അതും ക്ലിക്കായി.

കസ്റ്റമേഴിസിന്റെ പ്രതികരണങ്ങള്‍ എങ്ങനെ?

ആള്‍ക്കാര്‍ പല വിധമല്ലേ. ചിലരുടെ പെരുമാറ്റം കാണുമ്പോള്‍ അസ്വസ്ഥത തോന്നും. നമ്മുടെ കൈയ്യില്‍ രണ്ടായിരം രൂപയേയുള്ളൂ. പക്ഷേ പതിനയ്യായിരത്തിന്റെ സാരി വേണം. ഈ ചിന്താഗതിയുള്ള ചിലരുണ്ട്. ഇതെന്താ ഈ വില. ഇത്ര രൂപയ്ക്ക് ചെയ്തു തന്നാലെന്താ ഇങ്ങനെയൊക്കെയാണ് ചിലരുടെ പെരുമാറ്റം. അതു പാടില്ലല്ലോ. ഇതു ബിസിനസ് അല്ലേ. ഒരു ബ്രാന്‍ഡ് പ്രോഡക്ടിനു വിലപേശല്‍ നടക്കില്ലല്ലോ.

സിനിമാ സുഹൃത്തുക്കള്‍ ലക്ഷ്യയില്‍ വരാറുണ്ടോ?

സിനിമാസുഹൃത്തുക്കള്‍ വരുന്നതു കുറവാണ്. ആരും വന്നിട്ടില്ല എന്നു പറയുന്നില്ല. പക്ഷേ അല്ലാതെയുള്ളവരും നമ്മളെ ഇഷ്ടപ്പെടുന്നവരുമാണ് ഏറ്റവും കൂടുതല്‍ വന്നിട്ടുള്ളത്. മീരാജാസ്മിന്‍, റിമിടോമി, ജോമോള്‍, എം.ജി. ശ്രീകുമാറിന്റെ ഭാര്യ, അനൂപ്‌മേനോന്റെ ഭാര്യ എന്നിവരൊക്കെ വന്നിട്ടുണ്ട്.

ലേഡീസ് ഗാര്‍മെന്റ്‌സില്‍ മാത്രം നില്‍ക്കാനാണോ ലക്ഷ്യയുടെ പ്ലാന്‍?

ഭാവിയില്‍ തീര്‍ച്ചയായും വിപുലീകരിക്കും. കുട്ടികളുടെ എക്‌സ്ക്ലുസീവായ ഒരു സെക്ഷന്‍ തുടങ്ങണമെന്നതു വലിയ ആഗ്രഹമാണ്. മെന്‍സ് സെക്ഷനാണ് മറ്റൊരു പദ്ധതി. ചേട്ടന്‍ അതിനേക്കുറിച്ച് ഏറെ അറിവുള്ളയാണ്. മെന്‍സ് ഫാഷന്‍ ഡിസൈനിംഗാണ് ചേട്ടന്‍ പഠിച്ചതും. ലക്ഷ്യ ഒരു പ്ലാറ്റ്‌ഫോമാണ്. പതുക്കെ പതുക്കെ എന്തും തുടങ്ങാം. പല മേഖലകളിലേയ്ക്കും മാറാം. ചെരുപ്പ്, കോസ്മറ്റിക്‌സ്, ആയുര്‍വേദ ഉല്‍പന്നങ്ങള്‍ അങ്ങനെ പലതും.

ഇനി സിനിമയിലേക്ക്… ആകാശവാണി എന്ന ചിത്രം പ്രതീക്ഷ നല്‍കുന്നുണ്ടോ?

ആകാശിന്റേയും വാണിയുടേയും കഥയാണ് ആകാശവാണി. ഒരു കുഞ്ഞു സിനിമ. ഭാര്യയുടേയും ഭര്‍ത്താവിന്റേയും ഇടയില്‍ ഉണ്ടാകുന്ന സ്ഥിരം ഇഷ്യൂസ് തന്നെയാണ് ഇവിടേയും ഉള്ളത്. പുതുമ എന്നു പറയുന്നത് അതിന്റെ സര്‍പ്രൈസ് ആണ്. ട്രീറ്റ് ചെയ്തിരിക്കുന്നത് വളരെ പുതുമയോടെയാണ്. അതാണ് ഈ സിനിമയിലേയ്ക്ക് എന്നെ ആകര്‍ഷിച്ചതും. വിദ്യാസമ്പന്നരായ സമൂഹത്തില്‍ നിലയും വിലയുമുള്ള ഭാര്യയും ഭര്‍ത്താവും. അവര്‍ക്കിടയിലുള്ള ചെറിയ ചെറിയ കാര്യങ്ങളിലുള്ള വഴക്കുകള്‍… വിവാഹം കഴിച്ചവര്‍ക്ക് വളരെ റിലേറ്റ് ചെയ്യാവുന്ന ചിത്രമാണ്. കഴിക്കാന്‍ പോകുന്നവര്‍ക്കും ഇന്നത്തെ കാലത്ത് ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ എന്തെന്ന് മനസിലാക്കാന്‍ പറ്റും. എന്റെ സ്വഭാവവമായി യാതൊരു ബന്ധവുമില്ലാത്ത കാരക്ടറാണ് വാണി. എന്റെ ഒരു ചലനങ്ങളും വാണിയുടേതല്ല. അതുകൊണ്ടു തന്നെ കഥാപാത്രവുമായി ഇണങ്ങാന്‍ ആദ്യം ബുദ്ധിമുട്ടി. സംവിധായകനും താരങ്ങളുമെല്ലാം ഒറ്റ മനസോടെ ചെയ്ത സിനിമയാണിത്. അതുകൊണ്ടു തന്നെ മനസുകൊണ്ട് അടുപ്പമുള്ള ചിത്രമാണ്.

വളരെ സെലക്ടീവായി സിനിമയില്‍ തുടരാനാണോ?

അങ്ങനെ തന്നെയാണ്. എത്രയോ സിനിമകള്‍ ചെയ്തു. ഇനി എന്തെങ്കിലും വ്യത്യാസമായി ചെയ്യുക. അല്ലെങ്കില്‍ ചെയ്യാതിരിക്കുക. 2013ല്‍ അടുപ്പിച്ചുവന്ന ചില സിനിമകള്‍ ഗുണം ചെയ്തില്ല. അതെനിക്ക് വലിയ വിഷമമായി. 2014ല്‍ അതുകൊണ്ടു തന്നെ സിനിമ ചെയ്തതേയില്ല. പക്ഷേ സിനിമ വിടുക എന്നതു ശരിയല്ലല്ലോ. എല്ലാം ആയി. ഇനി സിനിമ വേണ്ടെന്ന് പറയുന്നതു നന്ദികേടാണ്. അഞ്ചാമത്തെ വയസുമുതല്‍ സിനിമ ഒരു കുടുംബം പോലെ എന്നോടൊപ്പമുണ്ട്. സിനിമയില്‍ നിന്നാണ് ഞാന്‍ ജീവിതത്തെ പഠിച്ചത്. നല്ലതും ചീത്തയുമായ അനുഭവങ്ങള്‍, സുഹൃത്തുക്കള്‍ ഇതെല്ലാം സിനിമ തന്നതാണ്. അതുകൊണ്ടു തന്നെ ഞാന്‍ സിനിമ നിറുത്തില്ല. ക്ഷമയോടെ നല്ല സിനിമകള്‍ക്കായി കാത്തിരിക്കുകയാണ്. പല സബ്ജക്ടുകളും കേള്‍ക്കുന്നുണ്ട്. മനസില്‍ നല്ലത് എന്നു തോന്നുന്ന സബ്ജക്ടുകള്‍ക്ക് ഹീറോയെ കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും. കാരണം നായികാ പ്രധാന്യമുള്ള കഥയാണല്ലോ. അങ്ങനെ പല പ്രശ്‌നങ്ങളുമുണ്ട്. ആള്‍ക്കാര്‍ പലതും പറയുമായിരിക്കും. കാവ്യയ്ക്കിപ്പോള്‍ സിനിമയില്ല. ഔട്ടായി എന്നൊക്കെ. എനിക്ക് ആരേയും ബോധിപ്പിക്കേണ്ട. എന്റെ അച്ഛനും അമ്മയും പിന്നെ ദൈവവും. ഈ മൂന്നു പേരെ മാത്രമേ എനിക്ക് എന്തും ബോധിപ്പിക്കേണ്ടതുള്ളൂ.

ജിത്തുജോസഫിന്റെ സിനിമ ഏറെ പ്രതീക്ഷ നല്‍കുന്നല്ലോ?

ജിത്തു ചേട്ടന്റെ സിനിമയ്ക്ക് മുമ്പു മറ്റൊരു സിനിമ ചെയ്യുന്നുണ്ട്. വളരെ നല്ല സബ്ജക്ടാണ്. അതിന്റെ ഒഫീഷ്യല്‍ ഒഅനൗണ്‍സ് മെന്റായിട്ടില്ല. ഏപ്രിലില്‍ അത് തുടങ്ങും. അതു കഴിഞ്ഞാല്‍ ചേട്ടനൊപ്പം ഓസ്‌ട്രേലിയായില്‍ പോകും. ജൂണില്‍ തിരിച്ചെത്തിയാല്‍ ജിത്തു ചേട്ടന്റെ സിനിമ ചെയ്യും. ഹീറോയിന്‍ ഓറിയന്റഡ് സബ്ജക്ടാണ്. ഡാന്‍സറാണ് എന്റെ കാരക്ടര്‍. പക്ഷേ ചിത്രത്തില്‍ ഡാന്‍സില്ല. ത്രില്ലറാണ്. ഒരു ട്രാവല്‍ മൂവിയെന്നു പറയാം. കാള്‍ട്ടണ്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. വളരെ പ്രതീക്ഷയാണ് ആ ചിത്രത്തെക്കുറിച്ചുള്ളത്. കാമറാമാന്‍ സാലുജോര്‍ജ് സംവിധാനം ചെയ്യുന്ന സിനിമയാണ് മറ്റൊന്ന്. അതും വളരെ നല്ലൊരു ത്രില്ലിംഗ് സബ്ജക്ടാണ്.

ഇനി എല്ലാവരും ചോദിക്കുന്ന കാര്യം… ഒരു വിവാഹം വേണ്ടേ?

പലരും എന്നെ വിവാഹം കഴിപ്പിക്കാന്‍ തിരക്കുകയാണ്. ഈ ഫെബ്രുവരിയില്‍ കല്യാണമാണെന്നു പറഞ്ഞ് എവിടെയോ വന്നു. ഭ്രാന്ത് അല്ലാതെന്തു പറയാന്‍. ഇങനെ പറഞ്ഞു പറഞ്ഞ് എന്റെ കല്യാണയോഗം ഇല്ലാതാക്കരുതെന്നേ എനിക്കു പറയാനുള്ളൂ. സീരിയസായി കല്യാണത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നേയില്ല. അച്ഛന്റെ അമ്മയ്ക്ക് എന്റെ വിവാഹം നടക്കാത്തതില്‍ വിഷമമായിരുന്നു. ഓര്‍മയില്ലാതെ കിടന്നപ്പോഴും ഇടയ്ക്കിടെ എന്റെ കാര്യം ഓര്‍ത്ത്് കരയുമായിരുന്നു. വല്ല്യമ്മ മരിച്ചു. അതെനിക്കു വലിയ വിഷമമായിരുന്നു. ഞാന്‍ സെക്യൂര്‍ഡ് അല്ല എന്ന തോന്നലിലാണ് വല്യമ്മ മരിച്ചത്. പക്ഷേ അപ്പോഴും വേറെയാരെങ്കിലും തൃപ്തിപ്പെടുത്താനായി പിന്നെയും ജീവിതം കളയണോ. കല്യാണം എന്നതാണ് ജീവിതത്തിന്റെ അവസാനം എന്നു ഞാന്‍ ചിന്തിക്കുന്നില്ല.

ഞാനൊരു ഫെമിനിസ്റ്റൊന്നുമല്ല. ആണ്‍തുണയില്ലാതെ ജീവിക്കാമെന്നും കരുതുന്നില്ല. പക്ഷേ ഇനി എടുത്തുചാടി ഒന്നും ചെയ്യില്ല. അനുഭവമാണ് എന്നെ പഠിപ്പിച്ചത്. ഞാനൊരു സെലിബ്രറ്റിയാണ്. ഇനി എന്റെ ജീവിതത്തില്‍ എന്തു നടന്നാലും വാര്‍ത്തയാണ്. ഇനി കല്യാണം കഴിക്കുമെങ്കില്‍ അതെനിക്ക് പൂര്‍ണമായും ബോധ്യം വരുന്നയാളെയായിരിക്കണം. അല്ലാതെ കല്യാണം ആലോചിച്ച് പെണ്ണുകണ്ടുള്ള ഒരു കല്യാണം വേണ്ട. അങ്ങനെ വരുന്നവരെല്ലാം കാവ്യ എന്ന താരത്തിനെ മാത്രം കണ്ടിട്ടു വരുന്നതാണ്. അല്ലാതെ എന്നെ മനസിലാക്കുന്നയാളാകണമെന്നില്ല. പുതിയൊരാളെ കണ്ടെത്താന്‍ എനിക്കാവില്ല. ഞാന്‍ കാണുന്നവരെല്ലാം എന്നെ സെലിബ്രറ്റിയായാണ് കാണുന്നത്. ഇടയ്‌ക്കോര്‍ത്തു സായ്പിനെയെങ്ങാനും കല്യാണം കഴിച്ചാലോ എന്നു വരെ. അവര്‍ക്കെന്നെ അറിയില്ലല്ലോ. പക്ഷേ സായ്പന്‍മാരോട് അങ്ങനെയൊരു ഇഷ്ടം തോന്നിയിട്ടില്ല. ഇന്ത്യന്‍ മുഖമല്ലാത്തവരെ എങ്ങനെ പ്രേമിക്കും?

Related posts