പുല്ലാട്: സ്കൂട്ടര്‍ യാത്രക്കാരിയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്റെ മാല അപഹരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു 2.15നായിരുന്നു സംഭവം. പുല്ലാട് – കുറവന്‍കുഴി ആനക്കുഴിക്കല്‍പടി നെല്ലിത്താനത്ത് ജിനിമോളു (33) ടെ കഴുത്തില്‍ കിടന്ന മാലയാണ് അപഹരിച്ചത്. മുണ്ടമലയിലുള്ള ആയുര്‍വേദാശുപത്രിയില്‍ നിന്നും മരുന്നുവാങ്ങി സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവെ ചാലുവാതുക്കല്‍ – കുറവന്‍കുഴി റോഡില്‍ ഇവര്‍ സഞ്ചരിച്ച്‌സ്കൂട്ടറിനെ മറികടന്ന് ബൈക്ക് എത്തുകയും കുറച്ചുമാറി റോഡിന്റെ വലത്ത് ഭാഗത്തേക്ക് സിഗ്്‌നല്‍ ലൈറ്റിട്ട് ബൈക്ക് നിര്‍ത്തിയിടുകയും ചെയ്തു.
സ്കൂട്ടര്‍ സമീപത്തെത്തിയപ്പോള്‍ ബൈക്ക് വെട്ടിത്തിരിച്ച് ജിനിമോളുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കുകയായിരുന്നെന്ന് പറയുന്നു. സംഭവത്തെപ്പറ്റി കോയിപ്രം പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സ്‌റ്റേഷന്‍ അതിര്‍ത്തിയിലുള്ള രണ്ടാമത്തെ സംഭവമാണ് ഇത്തരത്തിലുള്ള മോഷണം. ഇടവഴികളിലും മറ്റും പോലീസ് പെട്രോളിംഗ് ശക്തമാക്കിയതായി കോയിപ്രം പോലീസ് പറഞ്ഞു.