മംഗലംഡാം: ഒരു പതിറ്റാണ്ടിലേറെയായി ഉപയോഗശൂന്യമായി കിടന്നിരുന്ന മംഗലംഡാമിലെ കോണ്‍ക്രീറ്റ് കുളങ്ങള്‍ മത്സ്യംവളര്‍ത്തല്‍ പദ്ധതിക്കായി അറ്റകുറ്റപ്പണി തുടങ്ങി. പറശേരി റോഡിനോടു ചേര്‍ന്നു പുഴയോരത്താണ് ഇറിഗേഷന്റെ എട്ട് കോണ്‍ക്രീറ്റ് കുളങ്ങളുള്ളത്. ഇതെല്ലാം ചോര്‍ച്ചമൂലം കാലങ്ങളായി പൊന്തക്കാടു കയറി ഉപയോഗശൂന്യമായി അനാഥമായ സ്ഥിതിയിലാണ്.
മലമ്പുഴ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് ഇപ്പോള്‍ കുളങ്ങളുടെ റിപ്പയര്‍ പണികള്‍ നടത്തുന്നത്. മലമ്പുഴയില്‍നിന്നും മത്സ്യക്കുഞ്ഞുങ്ങളുടെ ആദ്യരൂപമായ സ്പോണ് കൊണ്ടുവന്ന് നാല്പതോളം ദിവസം ഈ ടാങ്കുകളില്‍ വളര്‍ത്തിയാണ് പദ്ധതി നടപ്പിലാക്കുക. ടാങ്കുകളില്‍ നിശ്ചിത വളര്‍ച്ചയ്ക്കുശേഷം പിന്നീടാണ് റിസര്‍വോയറിലെ പാണ്ടിക്കടവിലുള്ള പെന്‍കള്‍ച്ചറില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുക. മുട്ടയില്‍നിന്നും വിരിഞ്ഞ് രണ്ടോ മൂന്നോ ദിവസം പ്രായമുള്ളതാണ് സ്പോണ്. ഈ ഘട്ടത്തില്‍ ഒരു ചെറിയ കറുത്ത പൊട്ടുപോലെയെ മത്സ്യക്കുഞ്ഞുണ്ടാകൂ.
സ്പോണ് കൊണ്ടുവന്ന് വളര്‍ത്താന്‍ മംഗലംഡാമില്‍ സൗകര്യമില്ലാത്തതിനാല്‍ മലമ്പുഴയില്‍നിന്നും രണ്ടോ മൂന്നോ സെന്റിമീറ്റര്‍ വലിപ്പമുള്ള മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്നാണ് പെന്‍കള്‍ച്ചറില്‍ നിക്ഷേപിച്ചിരുന്നത്. കുളങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതോടെ ഇനി ഡാമിലെ പട്ടികജാതി-വര്‍ഗ ഫിഷറീസ് സംഘത്തിന്റെ റിസര്‍വോയറിലെ മത്സ്യംവളര്‍ത്തല്‍ പദ്ധതിയും കൂടുതല്‍ ലാഭകരമാകുമെന്ന് സംഘം പ്രസിഡന്റ് ചന്ദ്രന് പറഞ്ഞു.
കുളങ്ങളോടു ചേര്‍ന്ന് ഓഫീസ് കെട്ടിടം, മോട്ടോര്‍പ്പുരയും മോട്ടോറും ജനറേറ്ററുമുണ്ടാകും. ചുറ്റുമതില്‍ കെട്ടി ഇവിടത്തെ ഇറിഗേഷന്‍ സ്ഥലവും സംരക്ഷിക്കും. നിലവിലുള്ള ഇവിടത്തെ പഴയ കെട്ടിടം പൊളിച്ചുകളയും. ഈ വര്‍ഷം എട്ടുലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് റിസര്‍വോയറിലേക്ക് തുറന്നുവിടാനായി പാണ്ടിക്കടവിലെ പെന്‍കള്‍ച്ചറില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഇത് അടുത്തമാസം റിസര്‍വോയറിലേക്ക് തുറന്നുവിടും.