ടിജോ കല്ലറയ്ക്കല്‍
കാലടി: മഞ്ഞപ്ര ഗ്രാമത്തിലെ ഗ്രാമക്ഷേമം ലൈബ്രറി സപ്തതി നിറവില്‍. ഭാരതം സ്വതന്ത്രയാ കുന്നതിനും ഒരു വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1946ലാണ് ലൈബ്രറിയുടെ ചരിത്രം തുടങ്ങുന്നത്. നാട്ടിലെ പുരോഗമ ചിന്താഗതിക്കാരും വിജ്ഞാനതല്പരരുമായ ഒരു സംഘം ചെറുപ്പക്കാരാണ് ഈ മഹത് പ്രസ്ഥാനത്തിനു വിത്തു പാകിയത്. വായനയിലൂടെ ജനങ്ങളില്‍ ദേശസ്നേഹം വളര്‍ത്തുകയെന്ന ലക്ഷ്യമായിരുന്നു അവരുടെ മനസില്‍. പറയത്ത് ഗോപി, അമ്പാടത്ത് തങ്കപ്പന് മേനോന്, പല്ലൂര് അരവിന്ദാക്ഷന് നായര്‍ തുടങ്ങിയവരാണ് വായനശാല രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങിയത്. 1946 ഏപ്രില്‍ 27 ന് പല്ലൂര് ശങ്കരന് നായരുടെ ഉടമസ്ഥതയിലുള്ള പീടികമുറി വാടകയ്ക്കെടുത്തായിരുന്നു തുടക്കം. മാമ്പിലായില്‍ രാമകൃഷ്ണന് നായരായിരുന്നു പ്രഥമ പ്രസിഡന്റ്. ചെങ്ങനാട്ട് പ്രഭാകരന് സെക്രട്ടറിയും.
ലൈബ്രറി ഭരണസമിതി തിരു-കൊച്ചി സര്‍ക്കാരിനു നല്കിയ നിവേദനത്തെ തുടര്‍ന്ന് 1955-ല്‍ മഞ്ഞപ്ര ചന്ദ്രപ്പുരയില്‍ കുത്തകപ്പാട്ട വ്യവസ്ഥയില്‍ രണ്ടു സെന്റ് ഭൂമി ലൈബ്രറിക്കു പതിച്ചു നല്കി. ഈ സ്ഥലത്ത് ആദ്യം നിര്‍മിച്ച ഓടുമേഞ്ഞ കെട്ടിടം 1958-ല്‍ സോഷ്യലിസ്റ്റ് നേതാവായ ജയപ്രകാശ് നാരായണനാണ് ഉദ്ഘാടനം ചെയ്തത്. 1959-ല്‍ മഹാകവി വള്ളത്തോള്‍ ലൈബ്രറി സന്ദര്‍ശിച്ചത് പഴമക്കാരുടെ മനസില്‍ ഇന്നും മായാതെ നില്ക്കുന്നു. ലൈബ്രറിയുടെ രജതജൂലിയിയോടനുബന്ധിച്ച് തരംഗം മാസികയും, സുവര്‍ണജൂബിലിയോടനുബന്ധിച്ച് മനീഷ ത്രൈമാസികയും പ്രസിദ്ധീകരിച്ചിരുന്നു.
ലൈബ്രറിയോടനുബന്ധിച്ച് ബാലവേദി, വനിതാവേദി, നൃത്ത-സംഗീത കലാലയം എന്നിവയും പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ കുട്ടികളെ നിലത്തെഴുത്ത് പഠിപ്പിക്കുന്ന കുടിപ്പള്ളിക്കൂടവും, ഓര്‍ഗണ്‍, വയലിന്, ഗിറ്റാര്‍, ഡ്രംസ് എന്നീ സംഗീത ഉപകരണങ്ങളുടെ പഠന ക്ലാസും ഇവിടെ നടക്കുന്നുണ്ട്. വിവിധ ബോധവല്‍ക്കരണ ക്ലാസുകള്‍, ആഴ്ചവട്ടം, ഒറിഗാമി ശില്പശാല, വായനമത്സരം, നിയമസാക്ഷരതാ ക്ലാസ്, ചര്‍ച്ചകള്‍, സെമിനാറുകള്‍ തുടങ്ങിയവയും ഇവിടെ നടത്തിവരുന്നു. ഓണം, ക്രിസ്മസ്, പുതുവത്സരം എന്നിവയ്ക്കു ആഘോഷങ്ങളും ഒരുക്കാറുണ്ട്. സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, ഗ്രന്ഥശാലാ ദിനം തുടങ്ങിയ പ്രധാന ദിനങ്ങളിലും പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു. വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യാഭ്യാസ രംഗത്തും കലാ-കായിക രംഗത്തും മികവു പുലര്‍ത്തുന്നവരെ ആദരിക്കുന്ന പതിവുമുണ്ട്.
2005-ലാണ് ഇന്നു കാണുന്ന കെട്ടിടത്തിന്റെ താഴത്തെ നില നിര്‍മിച്ചത്. എംപി ഫണ്ട് ഉപയോഗിച്ചായിരുന്നു നിര്‍മാണം. 2007-ല്‍ രാജാറാം മോഹന്‍ റോയ് ഫൗണ്ടേഷനില്‍ നിന്നുള്ള ധനസഹായം ഉപയോഗിച്ച് ഒന്നാം നിലയും, 2012-ല്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് രണ്ടാം നിലയും നിര്‍മിച്ചു. 2000 ത്തോളം അംഗങ്ങളാണ് ലൈബ്രറിയില്‍ ഉള്ളത്. ഇതില്‍ 300 പേര് ആജീവനാന്ത അംഗങ്ങളാണ്. ഇരുപതിനായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമാണ് ഇവിടെയുളളത്. കഴിഞ്ഞ വര്‍ഷം ജില്ലാ പഞ്ചായത്തിന്റെ ലൗ മൈ ലൈബ്രറി പദ്ധതിയുടെ ഭാഗമായി 65,000 രൂപയുടെ ലൈബ്രറി സാമഗ്രികള്‍ ജില്ലാ പഞ്ചായത്തംഗം ഷേര്‍ളി ജോസ് ലൈബ്രറിയ്ക്കു കൈമാറിയിരുന്നു. ഇതില്‍ 52,000 രൂപ വില വരുന്ന പുസ്തകങ്ങളും 13,000 രൂപയുടെ അലമാരയും ഉള്‍പ്പെടും. ഇന്റര്‍നെറ്റ് ലൈബ്രറിയും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. പത്തിലധികം ദിനപത്രങ്ങളും നിരവധി ആനുകാലിക പ്രസിദ്ധീകരങ്ങളും വരുത്തുന്നുണ്ട്.
ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സജീവ് അരീയ്ക്കല്‍(പ്രസിഡന്റ്), ടി.കെ. ജയന് (വൈസ് പ്രസിഡന്റ്), കെ.കെ. വിജയന്(സെക്രട്ടറി), ഉഷാ മാനാട്ട്(ജോയിന്റ് സെക്രട്ടറി) എന്നിവരും സപ്തതിയാഘോഷങ്ങള്‍ക്ക് ജോളി പി. ജോസുമാണ് (ജനറല്‍ കണ്‍വീനര്‍) നേതൃത്വം നല്‍കുന്നത്. ബാലവേദിയുടെ പ്രസിഡന്റായി മീനാക്ഷി വത്സന്, സെക്രട്ടറിയായി അഞ്ജലി ദിലീപ്കുമാറും കര്‍മരംഗത്തുണ്ട്. വിജയലക്ഷ്മി ചന്ദ്രന് വനിതാവേദിയുടെ പ്രസിഡന്റും ജിനി തരിയന്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്നു.
39 വര്‍ഷമായി സി.പി. ശിവന് ലൈബ്രേറിയനായി പ്രവര്‍ത്തിക്കുന്നു. താലൂക്കിലെ മികച്ച ലൈബ്രറിയായി ഗ്രാമക്ഷേമം ലൈബ്രറി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. താലൂക്ക് ലൈബ്രറി കലോത്സവത്തില്‍ ഈ വര്‍ഷം രണ്ടാം സ്ഥാനവും ലൈബ്രറി നേടി. മഞ്ഞപ്ര ഗ്രാമത്തിന്റെ അക്ഷരസ്വപ്നങ്ങള്‍ക്ക് ഊടും പാവും നെയ്ത ഗ്രാമക്ഷേമം ലൈബ്രറിയുടെ പ്രവര്‍ത്തനം 70 വര്‍ഷങ്ങള്‍ പിന്നിട്ട് ജൈത്രയാത്ര തുടരുമ്പോള്‍ ഇവിടുത്തെ അക്ഷരച്ചൂടേറ്റു വളര്‍ന്നവര്‍ക്കും സന്തതസഹചാരികള്‍ക്കും അത് അഭിമാനത്തിന്റെ നിമിഷങ്ങളാകും സമ്മാനിക്കുക.
ലൈബ്രറിയുടെ സപ്തതിയാഘോഷങ്ങളുടെ ഉദ്ഘാടനവും അവാര്‍ഡ് ജേതാക്കളെ ആദരിക്കലും ഇന്ന് വൈകുന്നേരം നാലിനു ഇന്നസെന്റ് എംപി നിര്‍വഹിക്കും. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കല്‍ അധ്യക്ഷത വഹിക്കും. ടി.പി. ബാലകൃഷ്ണന് നായര്‍ അനുസ്മരണം കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. പി.ജെ. ചെറിയാന് നടത്തും. മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെറിയാന് തോമസ് വിദ്യഭ്യാസ അവാര്‍ഡ് വിതരണം നിര്‍വഹിക്കും.
ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സരിത സുനില്‍, ലൈബ്രറി സെക്രട്ടറി കെ.കെ. വിജയന്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്. സുരേന്ദ്രന്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. ഷാജി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സി.കമ്മിറ്റിയംഗം ഉഷാ മാനാട്ട്, കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് സുനില്‍ ചെറിയാന്, ലൈബ്രറി വൈസ് പ്രസിഡന്റ് ടി.കെ. ജയന് എന്നിവര്‍ പ്രസംഗിക്കും തുടര്‍ന്ന് കലാപരിപാടികളും ഉണ്ടാകും.