ജിജേഷ് ചാവശേരി
മട്ടന്നൂര്‍: മട്ടന്നൂര്‍, ഇരിട്ടി നഗരസഭകളില്‍ കുടിവെളളം കാര്യക്ഷമമാക്കുന്നതിന് 100 കോടിയുടെ പദ്ധതി വരുന്നു. ഇതിനായി ആദ്യഘട്ടമെന്ന നിലയില്‍ സര്‍ക്കാര്‍ 50 കോടി രൂപ അനുവദിച്ചു. ടെന്‍ഡര്‍ നല്‍കുന്നതോടെ പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി ആരംഭിക്കും. നഗരസഭകളിലെ എല്ലാ വാര്‍ഡുകളിലും കുടിവെളളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. പഴശിഡാമില്‍ നിന്നാണ് പദ്ധതിക്കായി വെളളം ശേഖരിക്കുക.
പഴശിഡാമില്‍ പുതിയ കിണറും ചാവശേരി പറമ്പില്‍ ശുചീകരണ പ്ലാന്റും നിര്‍മിക്കും. മട്ടന്നൂര്‍ നഗരസഭയില്‍ വെളളമെത്തിക്കുന്നതിന് മഞ്ചക്കുന്നില്‍ മൂന്നുലക്ഷം ലീറ്ററിന്റെയും പഴശിരാജ കോളജിന് സമീപത്ത് 15 ലിറ്റര്‍ വെളളം ശേഖരിക്കാവുന്ന ടാങ്കും പണിയും. ഇരിട്ടി നഗരസഭയില്‍ കുടിവെളളം വിതരണം നടത്തുന്നതിന് ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപത്ത് 15 ലിറ്ററിന്റെ ടാങ്കും നിര്‍മിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ചാവശേരി പറമ്പില്‍ 65 ലക്ഷം ലിറ്റര്‍ വെളളം ശേഖരിക്കാവുന്ന ശുചീകരണ പ്ലാന്റുമാണ് നിര്‍മിക്കുക. പദ്ധതിക്കായി പൊട്ടാത്ത 750, 450, 300 എംഎം പൈപ്പുകളാണ് സ്ഥാപിക്കുക.
പഴശിഡാം മുതല്‍ ചാവശേരി പറമ്പ് വരെ 750 എംഎം പൈപ്പും ചാവശേരിപറമ്പ് മുതല്‍ ഇരിട്ടി വരെ 450 എംഎം പൈപ്പും മട്ടന്നൂരിലെ ടാങ്കിലേക്ക് 300 എംഎം പൈപ്പുമാണ് വെളളം പമ്പ് ചെയാന്‍ ഉപയോഗിക്കുക. നിലവില്‍ മട്ടന്നൂര്‍ നഗരസഭയില്‍ കൊളച്ചേരി പദ്ധതിയില്‍ നിന്നും ഇരിട്ടി നഗരസഭയില്‍ കീഴൂര്‍-ചാവശേരി പദ്ധതിയില്‍ നിന്നുമാണ് വെളളം വിതരണം ചെയ്യുന്നത്. ഇരുപദ്ധതികളിലെയും പൈപ്പുകള്‍ പഴകിയത് കാരണം പൊട്ടലും ചീറ്റലും വര്‍ധിച്ചതോടെ വെളളം ജനങ്ങള്‍ക്ക് വെളളം ലഭ്യമാകുന്നില്ലായിരുന്നു. ഇതിനിടെയാണ് മട്ടന്നൂര്‍ നഗരസഭ വാട്ടര്‍ അഥോറിറ്റിയുടെ സഹായത്തോടെ പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്.
പുതിയ പദ്ധതിയെക്കുറിച്ച് വാട്ടര്‍ അഥോറിറ്റി സര്‍വേ നടത്തി നേരത്തെ റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. നഗരസഭ എല്‍ഡിഎഫ് സര്‍ക്കാരിന് പദ്ധതി സമര്‍പ്പിച്ചതോടെയാണ് പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. പുതിയ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ജനങ്ങളുടെ കുടിവെളള ക്ഷാമത്തിന് പരിഹാരമാകുമെന്ന് മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ പറഞ്ഞു. നിലവില്‍ പൈപ്പ് സ്ഥാപിച്ച സ്ഥലത്തിനോട് ചേര്‍ന്നായിരിക്കും പുതിയ പൈപ്പുകളും സ്ഥാപിക്കുക.