മണി ഓര്‍മ്മയില്‍ ചേനത്തുനാട് മണികിലുക്കമില്ലാതെ ഒരു പൊന്നോണം

MANIചാലക്കുടി: കലാഭവന്‍ മണിയില്ലാത്ത ആദ്യത്തെ ഓണം നൊമ്പരമായി മാറുന്നു. ഓണനാളുകളില്‍ നാടൊട്ടുക്ക് നടക്കുന്ന ഓണാഘോഷങ്ങളില്‍ കലാവിരുന്നുകള്‍ ഒരുക്കാന്‍ കലാഭവന്‍ മണി ഇനി ഉണ്ടാവില്ലല്ലോയെന്നതാണ് ആഘോഷങ്ങളുടെ പൊലിമ കുറക്കുന്നത്.

ഇക്കൊല്ലം നമ്മക്ക് ഓണിമില്ല്യാടി കുഞ്ഞേച്ചി.
കുട്ടേട്ടന്‍ തീരെ കിടപ്പിലല്ലേ
കുട്ടേട്ടന്‍ നമ്മക്ക്  കൂടപ്പിറപ്പല്ലേ
കുട്ടേട്ടന്‍ ഇല്ലാത്തൊരോണം വേണ്ടാ

എന്ന മണിയുടെ നാടന്‍ പാട്ടിന്റെ ഈരടികളാണ്  മണിയുടെ ആരാധകരുടെ മനസുകളില്‍ ഇപ്പോള്‍ മുഴങ്ങുന്നത്. ഓണവും വിഷവും ക്രിസ്മസും അമ്പുതിരുനാളുമെല്ലാം ആഘോഷമാക്കാറുള്ള കലാഭവന്‍ മണി ഓണാഘോഷത്തിന് പ്രത്യേക ഉത്സവമാണ്. ഓണക്കാലമായാല്‍ ഷൂട്ടിംഗ് തിരക്കുകളില്‍നിന്നും വിടപറഞ്ഞ് മണി സ്വന്തം തട്ടകമായ ചേനത്ത് നാട്ടിലെത്തും. കാര്‍നിറയെ പൂക്കളുമായി എത്തുന്ന മണി മണികൂടാരത്തിനു മുമ്പില്‍ വലിയ പൂക്കളമൊരുക്കും.  കൂടാതെ ചേനത്ത്‌നാട്  പുഴയോരത്ത് വലിയ പറമ്പുകള്‍ വൃത്തിയാക്കി അവിടെ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുക പതിവാണ്.

വലിയ ടീമുകളെ സംഘടിപ്പിച്ച് ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഓണക്കളി മത്സരം നടത്തുന്നത് മണിക്ക് ഹരമാണ്. കൂടാതെ യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പിണ്ടികയറ്റ മത്സരം, തീറ്റമത്സരം തുടങ്ങിയ കായിക വിനോദ മത്സരങ്ങളും സംഘടിപ്പിക്കുക പതിവായിരുന്നു. ഓണക്കാലത്ത് ചാലക്കുടിപുഴയില്‍ നടത്തിയ വള്ളംകളി മത്സരം ശ്രദ്ധേയമായിരുന്നു. ചാലക്കുടി പുഴയില്‍ ആദ്യമായി സംഘടിപ്പിച്ച വള്ളംകളിയില്‍ പങ്കെടുക്കാന്‍ ആലപ്പുഴയില്‍നിന്നും മറ്റും നിരവധി ടീമുകള്‍ എത്തിയിരുന്നു.

മത്സരം കാണാന്‍ ചാലക്കുടി പുഴപാലം മുതല്‍ ചേനത്ത് നാട് കടവുവരെ വലിയ ജനകൂട്ടം തിങ്ങിനിറഞ്ഞിരുന്നു. ഓണക്കാലത്ത് മണിയുടെ പാഡിയിലും നിരവധി കലാപരിപാടികള്‍ നടത്തിയിരുന്നു. കൂടാതെ നിര്‍ധനരായ ആളുകള്‍ക്കുവേണ്ടി വിഭവസമൃദ്ധമായ ഓണസദ്യയും നടത്തുക പതിവായിരുന്നു. ഓണക്കാലത്ത് മണിയുടെ സഹായം തേടി നിരവധി പാവപ്പെട്ടവര്‍ എത്താറുണ്ട്. എല്ലാവര്‍ക്കും അരിയും ഓണക്കിറ്റും വിതരണം ചെയ്യുകപതിവായിരുന്നു.

മണിയില്ലാതെ ഓണം ആഘോഷിക്കുമ്പോഴും മണി ഓണക്കാലത്ത് നടത്തിയ ആഘോഷങ്ങളുടെ ഓര്‍മ്മകളിലാണ് നാട്ടുകാര്‍ ഗ്രാമങ്ങളില്‍ നടക്കുന്ന ഓണാഘോഷങ്ങളില്‍ മണിയുടെ നാടന്‍ പാട്ടുകളും തമാശകളും ഓര്‍മയായി മാറി. മണിക്കൂടാരത്തിനു മുമ്പില്‍ മണിയുടെ ആരാധകര്‍ ഒഴിഞ്ഞ നേരമില്ല. സംസ്ഥാനത്തിന്റെ ഭാഗങ്ങളില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുപോലും ആളുകള്‍ ഒന്നിച്ച് ടൂറിസ്റ്റു ബസുകളില്‍ മണിക്കൂടാരം തേടി എത്തിക്കൊണ്ടിരിക്കയാണ്. മണിയുടെ ചിതയെറിഞ്ഞ സ്ഥലത്ത് പ്രാര്‍ഥിച്ച് അവര്‍ മടങ്ങുകയാണ്.

Related posts