നിലമ്പൂര്‍: മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് വി.എ.കരീമിനുവേണ്ടി നിലപാട് കടുപ്പിച്ച് ആര്യാടന്‍ മുഹമ്മദ്. മലപ്പുറം ഡിസിസി പ്രസിഡന്റ് പദത്തിനുവേണ്ടി എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളായ വി.വി.പ്രകാശും വി.എ.കരീമും അവകാശവാദവുമായി രംഗത്തുവന്നതോടെയാണ് മലപ്പുറത്തെ തന്റെ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ തന്റെ വിശ്വസ്തനും കെപിസിസി സെക്രട്ടറിയുമായ വി.എ.കരീമിനുവേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവരെ ആര്യാടന്‍ മുഹമ്മദ് ബന്ധപ്പെട്ട് തന്റെ നിലപാട് അറിയിച്ചത്.
മലപ്പുറത്ത് തന്റെ നോമിനിയല്ലാതെ മറ്റൊരു ഡിസിസി പ്രസിഡന്റ് വന്നാല്‍ തന്റെ രാഷ്ട്രീയ നേതൃത്വത്തിന് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലാണ് വി.എ.കരീമിനുവേണ്ടി നിലപാട് കൂടുതല്‍ ശക്തമാക്കാന്‍ ആര്യാടന്‍ ഒരുങ്ങുന്നത്. ഐ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളുമായും ബന്ധപ്പെട്ട് തന്റെ നോമിനിക്ക് പിന്തുണ ഉറപ്പിക്കാന്‍ ആര്യാടന്‍ കരുനീക്കം നടത്തിയതായും സൂചനയുണ്ട്. എന്നാല്‍ ജില്ലയിലെ സീനിയര്‍ എ ഗ്രൂപ്പ് നേതാക്കളില്‍ ഒരാളായ വി.വി.പ്രകാശ് ഇക്കുറി പ്രസിഡന്റ് സ്ഥാനം തനിക്ക് ലഭിക്കണമെന്ന ഉറച്ച നിലപാടിലാണ്. പാര്‍ട്ടി ഹൈക്കമാന്റ് ആവശ്യപ്പെട്ടപ്രകാരം കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനിന്ന കാര്യം നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തിയാണ് പുതിയ കരുനീക്കം.
കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും മാനസിക പിന്തുണയും വി.വി.പ്രകാശിനാണെന്നാണ് സൂചന. മുന്‍കാലങ്ങളില്‍ ആര്യാടനോടൊപ്പം ഉറച്ചുനിന്നിരുന്ന രണ്ടാം നിരയില്‍പ്പെട്ട നിലമ്പൂരിലെ വലിയൊരു നേതൃത്വനിര ഇക്കുറി വി.വി.പ്രകാശിന് അനുകൂലമാണെന്നാണ് സൂചന. തന്റെ തീരുമാനം മറികടന്ന് ജില്ലയില്‍ ഡിസിസി പ്രസിഡന്റിനെ നിയമിച്ചാല്‍ അത് പാര്‍ട്ടിക്ക് ഏറെ ദോഷം ചെയ്യുമെന്ന സൂചനയും ആര്യാടന്‍ നല്‍കുന്നുണ്ട്. ഡിസിസി പ്രസിഡന്റ് പദം നേടാനായില്ലെങ്കില്‍ വി.വി.പ്രകാശിന് അത് കനത്ത തിരിച്ചടിയാവും. എന്തായാലും ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് മലപ്പുറം ജില്ലയിലെ എ ഗ്രൂപ്പിനെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്.