മഴവില്ലഴകില്‍ സെറീന

fb-serinaലണ്ടന്‍: വിംബിള്‍ഡണില്‍ ഏഴു കിരീടത്തിനൊപ്പം 22 ഗ്രാന്‍ഡ്‌സ്്‌ലാം കിരീടങ്ങളും സ്വന്തം കൈയിലേന്തി ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്യംസ് ചരിത്രം കുറിച്ചു. ഓള്‍ ഇംഗ്ലണ്ട് ടെന്നീസ് ക്ലബ്ബിലെ സെന്റര്‍ കോര്‍ട്ടില്‍ ഓപ്പണ്‍ എറയിലെ തന്റെ 22 -ാം കിരീടവുമായി സ്റ്റെഫി ഗ്രാഫിനൊപ്പം ചരിത്രത്തില്‍ ഇടംപിടിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്‌സ്‌ലാം സ്വന്തമാക്കിയ മാര്‍ഗരറ്റ് കോര്‍ട്ടും സാക്ഷി. ഫൈനലില്‍ ജര്‍മനിയുടെ ആഞ്ജലിക് കെര്‍ബറെ പരാജയപ്പെടുത്തിയാണ് ജര്‍മന്‍ ഇതിഹാസം സ്റ്റെഫിഗ്രാഫിനൊപ്പം സെറീന ചരിത്രത്തില്‍ ഇടംനേടിയത്.

സ്റ്റെഫിഗ്രാഫിന്റെ റിക്കാര്‍ഡ് മറ്റൊരു ജര്‍മന്‍ താരത്തെ പരാജയപ്പെടുത്തി സെറീന നേടിയതെന്നതും ശ്രദ്ധേയമായി. ഇതോടെ വനിതാ സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന രണ്ടാമത്തെ താരമായി സെറീന. 24 കിരീടമാണ് ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ മാര്‍ഗരറ്റ് കോര്‍ട്ട് സ്വന്തമാക്കിയത്. കലാശപ്പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെറീനയുടെ വിജയം. ആദ്യസെറ്റില്‍ കെര്‍ബറില്‍നിന്നും കടുത്ത പോരാട്ടം നേരിട്ട സെറീന രണ്ടാം സെറ്റില്‍ ആധികാരിക ജയം സ്വന്തമാക്കി. സ്‌കോര്‍: 7-6, 6-3.കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ കെര്‍ബറില്‍നിന്നേറ്റ പരാജയത്തിനു മധുരപ്രതികാരം കൂടിയായി സെറീനയ്ക്ക് വിംബിള്‍ഡണ്‍. 22-ാം ഗ്രാന്‍ഡ്‌സ്്‌ലാം കിരീടമെന്ന ചരിത്ര നേട്ടത്തിനരികേയാണ് അന്ന് കെര്‍ബര്‍ സെറീനയെ വീഴ്ത്തിയത്.

ഓസ്‌ട്രേലിയന്‍, യുഎസ് ഓപ്പണുകളില്‍ ആറു തവണ വീതം കിരീടം നേടിയ സെറീന ഫ്രഞ്ച് ഓപ്പണില്‍ മൂന്നുവട്ടമാണ് ചാമ്പ്യനായത്. വിംബിള്‍ഡണില്‍ ഏഴാംവട്ടവും സെറീന കിരീടം ചൂടി. 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവുമാണ് സെറീന. 14 വര്‍ഷം മുമ്പാണ് സെറീന ആദ്യമായി വിംബിള്‍ഡണ്‍ സ്വന്തമാക്കുന്നത്. ഇക്കാലയളവില്‍ ഒരു സെറ്റ് മാത്രമാണ് സെറീന ഫൈനലില്‍ വഴങ്ങിയത്. ഈ വേദി തനിക്ക് മറ്റൊരു വീട് പോലെയാണെന്ന് സെറീന മത്സരശേഷം പറഞ്ഞു.

സെറീനയുടെ ഗ്രാന്‍ഡ്‌സ്‌ലാം കിരീടങ്ങള്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍

2003, 2005, 2007, 2009, 2010, 2015

ഫ്രഞ്ച് ഓപ്പണ്‍

2002, 2013, 2015

വിംബിള്‍ഡണ്‍

2002, 2003, 2009, 2010, 2012, 2015, 2016

യുഎസ് ഓപ്പണ്‍

1999, 2002, 2008, 2012, 2013, 2014

Related posts