മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദനം: പത്തുപേര്‍ക്കെതിരെ കേസ്; സിപിഎം പൊതുസമ്മേളനം നടത്തിയത് പോലീസ് അനുമതിയില്ലാതെ

asianetകോഴിക്കോട്: സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പങ്കെടുത്ത പൊതുസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ കസബ പോലീസ് കേസെടുത്തു. ഇന്നലെ രാത്രി മുതലക്കുളത്തു നടന്ന ഇഎംഎസ്-എകെജി ദിനാചരണ പരിപാടിക്കിടെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സി.വി. അനുമോദ്, കാമറാമാന്‍ അരവിന്ദ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പിണറായി പ്രസംഗം കഴിഞ്ഞ് ഇറങ്ങിയതിന് പിന്നാലെ ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ തങ്ങളെ മര്‍ദിക്കുകയായിരുന്നുവെന്ന് അനുമോദും അരവിന്ദും പോലീസിനു മൊഴിനല്കി.

സദസ് വീഡിയോയില്‍ പകര്‍ത്തികൊണ്ടിരിക്കെ ഏതാനും പ്രവര്‍ത്തകര്‍ മുന്നോട്ട് വന്ന് വേദിക്കു പിന്നിലേക്ക് വിളിച്ചുകൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ കഴുത്തിനും തലയ്ക്കുമൊക്കെ പരിക്കേറ്റിട്ടുണ്ട്. ഒഴിഞ്ഞ കസേരകളുടെ വീഡിയോ പകര്‍ത്തിയെന്നാരോപിച്ചായിരുന്നു മര്‍ദനം. തുടര്‍ന്ന് പോലിസിന്റെ സഹായത്തോടെയാണ് പുറത്തെത്തിയ ഇരുവരും ബീച്ച് ഗവ.ആശുപത്രിയില്‍ ചികിത്സ തേടി.

അതേസമയം ഇന്നലെ നടന്ന സിപിഎം പരിപാടിക്കു മുന്‍കൂര്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. തെരഞ്ഞെടുപ്പു പ്രഖ്യാപനം നിലവിലിരിക്കേ പൊതുപരിപാടികള്‍ക്കു മുന്‍കൂട്ടി അനുമതി വാങ്ങണമെന്നാണ് ചട്ടം. ഇതിന്റെ ലംഘനമാണ് നടന്നത്. ഇതു സംബന്ധിച്ച് ജില്ലാ വരണാധികാരിക്കു റിപ്പോര്‍ട്ട് നല്കും. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.

അതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ കൈയേറ്റ ശ്രമത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഖേദം പ്രകടിപ്പിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തെ സിപിഎം ഒരു തരത്തിലും ന്യായീകരിക്കില്ല. പാര്‍ട്ടി അച്ചടക്കം ആരെങ്കിലും ലംഘിച്ചിട്ടുണ്ടെങ്കില്‍ വ്യക്തമായ പരിശോധന നടത്തി അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടു.

Related posts