മാവൂരില്‍ സൈറന്‍ നിലച്ചിട്ട് 15 വര്‍ഷം

kkd-sairanമുക്കം: മാവൂര്‍ ഗ്രാസിം ഫാക്ടറിയുടെ സൈറണ്‍  നിലച്ചിട്ട് ഇന്ന് 15 വര്‍ഷം പൂര്‍ത്തിയാവുന്നു. 2001 ജൂലൈ ഏഴിനാണ് സംസ്ഥാനത്തിന്റെ വികസനത്തില്‍ പുതിയ ചരിത്രം രചിച്ച  മാവൂര്‍ ഗ്രാസിമിന് താഴ് വീണത്. 1999 മാര്‍ച്ച് മാസം തന്നെ കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. സംസ്ഥാനത്ത് മാത്രമല്ല ഇന്ത്യയിലെ തന്നെ നൂറ് കണക്കിന് തൊഴിലാളികളുടെ ആശയമായിരുന്ന കമ്പനി മലിനീകരണവുമായി ബന്ധപ്പെട്ട് നടന്ന നിരവധി സമരങ്ങള്‍ക്കൊടുവില്‍ പൂര്‍ണ്ണമായും അടച്ചു പൂട്ടുകയായിരുന്നു.

വ്യവസായികാവശ്യത്തിനായി സര്‍ക്കാര്‍ നല്‍കിയ 300 ഏക്കറോളം ഭൂമി ഇപ്പോഴും കമ്പനിയുടെ കൈവശമാണ്. അതിനിടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികള്‍ തുടങ്ങുന്ന മുറക്ക് പുതിയ പദ്ധതികളുടെ പ്രൊജക്ട് സര്‍ക്കാരിന് സമര്‍പ്പിച്ച് തല്‍ക്കാലികമായി രക്ഷപ്പെടുകയായിരുന്നു കമ്പനി അധികൃതര്‍.ഇടക്കാലത്ത് പ്രകൃതി സൗഹൃദ ഐ ടി പാര്‍ക്ക് ,മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ തുടങ്ങുവാനുള്ള സാധ്യത നിലനിന്നിരുന്നു. എന്നാല്‍ തുടര്‍നടപടികളുണ്ടായില്ല.  ഇപ്പോള്‍ കമ്പനിയുടെ കൈവശമുളള ഭൂമി ഇഴജന്തുക്കളുടേയും സാമൂഹ്യ വിരുദ്ധരുടേയും തെരുവ് നായ്ക്കളുടേയും വിഹാരകേന്ദ്രമാണ്. നേരം ഇരുട്ടിയില്‍ പിന്നെ ഇതു വഴി കാല്‍നട പോലും അസാധ്യമാണ്.

അതിനിടെ കമ്പനിയുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപെട്ട് പി ടി എ റഹീം എം.എല്‍.എ രംഗത്തുവന്നു. ജില്ലയിലെ മുഴുവന്‍ എം എല്‍ എ മാരും ഈ ആവശ്യം ഉന്നയിച്ചതായും എം.എല്‍.എ പറഞ്ഞു. 15 വര്‍ഷത്തോളമായി നാട്ടുകാര്‍ കാത്തിരിക്കുന്ന പ്രകൃതി സൗഹാര്‍ദ വ്യവസായമെന്നത് ഇപ്പോഴും സ്വപ്‌നമായി നില നില്‍ക്കുകയാണ്. സര്‍ക്കാര്‍ ആര്‍ജവം കാണിച്ചാല്‍ മാവൂര്‍ ഗ്രാസിം ഭൂമിയില്‍ പുതിയ വ്യവസായമെന്നത് യാഥാര്‍ത്ഥ്യമാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

Related posts