പ്രകൃതി അറിഞ്ഞു നല്കിയ സ്വഭാവമാണ് നായകളുടേത്. സംരക്ഷണം. അതു കഴിഞ്ഞേ അവയ്ക്ക് എന്തുമുള്ളൂ. പ്രകൃതിയില്‍ മനുഷ്യനുമായി ഏറ്റവുമാദ്യം ഇണങ്ങിയ മൃഗം നായയാണെന്നാണ് ചരിത്രം പറയുക. അപ്പോള്‍തന്നെ അവയ്ക്ക് മനുഷ്യനുമായുള്ള ബന്ധത്തിന്റെ ആഴം മനസിലാക്കാം. സാഹചര്യങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനുള്ള കഴിവാണ് നായകളെ മറ്റു മൃഗങ്ങളില്‍നിന്നു വ്യത്യസ്തരാക്കുന്നത്.
മുംബൈ മറൈന്‍ഡ്രൈവ് തെരുവുകളില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായകള്‍ അവിടുള്ളവര്‍ക്ക് തെരുവുനായ്ക്കളല്ല. രാത്രി ജോലികഴിഞ്ഞ് മടങ്ങുന്ന സ്ത്രീകളുടെ സംരക്ഷകരാണവര്‍. ഇത് അവരെ ആരും ഏല്പിച്ച ജോലിയല്ല. മനുഷ്യസ്ത്രീകളുടെ സുരക്ഷ തങ്ങളുടെകൂടി ഉത്തരവാദിത്തമാണെന്ന് മനസിലാക്കി ഈ നായകള്‍ തനിയെ ഏറ്റെടുത്തതാണ്.
ഫോട്ടോഗ്രാഫറായ നാടാഷ ഹെംരജനിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ലോകമറിഞ്ഞത്. മുംബൈ നരിമാന് പോയിന്റ് പ്രദേശത്ത് ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീകളുടെ കൂടെയാണ് ഈ നായകള്‍ സഞ്ചരിക്കുക. സ്നേഹത്തോടെയും കരുതലോടെയും സ്ത്രീകളുടെ കൂടെ നടക്കുന്ന ഇവര്‍ സ്ത്രീകളെ നോക്കുകയോ കമന്റടിക്കുകയോ ചെയ്യുന്ന പുരുഷന്മാരെ കുരച്ച് വിരട്ടാറുമുണ്ടെന്ന് നടാഷ ഫേസ്ബുക്കില്‍ കുറിച്ചു.
രാത്രി മറൈന്‍ ഡ്രൈവില്‍ എത്തിയ നാടാഷയുടെ ചുറ്റും സുരക്ഷാവലയം തീര്‍ത്തിരിക്കുന്ന നായകളുടെ ചിത്രമാണ് നടാഷ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടാഷയെ നോക്കി അതിലേ പോയ പുരുഷന്മാരെ വിരട്ടാനും ഈ സുരക്ഷാ സേന മറന്നില്ല. എന്നാല്‍, സ്ത്രീകള്‍ കൂടെയുണ്ടായിരുന്ന പുരുഷന്മാരെ വെറുതെ വിടുകയും ചെയ്തു.