തൃശൂര്‍: കളക്ടറേറ്റിനു മുന്നിലെ മരത്തില്‍ പെട്രോളുമായി കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ആളെ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നു ബലമായി താഴെയിറക്കി. ചാലക്കുടി സ്വദേശി മാത്തു വടാശേരിയാണ് കളക്ടറേറ്റിനു മുന്നിലെ പാര്‍ക്കിനു സമീപമുള്ള മരത്തില്‍ ഇന്നലെ രാവിലെ പതിനൊന്നേമുക്കാലോടെ കൈയില്‍ പെട്രോള്‍ കുപ്പിയുമായി കയറിയത്.
കേരളത്തിലെ ക്രമസമാധാനം തകര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയനും സഹകരണ മന്ത്രി എ.സി. മൊയ്തീനും രാജിവയ്ക്കണമെന്നും കേരളത്തില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കണമെന്നും സാധാരണക്കാരായ ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്നുമൊക്കെ ആവശ്യപ്പെട്ടാണ് ഇയാള്‍ ഭീഷണി മുഴക്കിയത്.
ആവശ്യങ്ങളെഴുതിയ നോട്ടീസുകള്‍ ഇയാള്‍ വിതരണം ചെയ്തിരുന്നു. മുഖ്യമന്ത്രിയേയും മറ്റും ജയിലില്‍ അയയ്ക്കാനുള്ള ജീവന്മരണ പോരാട്ടമാണു നടത്തുന്നതെന്നും മുഖ്യമന്ത്രി, ഡിജിപി, സഹകരണമന്ത്രി എന്നിവരോടു മാത്രമേ താന്‍ സംസാരിക്കൂവെന്നുമാണ് ഇയാള്‍ പറഞ്ഞത്. ആത്മഹത്യാഭീഷണി മുഴക്കിയ ആളെ കാണാന്‍ നിരവധിപേര്‍ മരത്തിനു ചുവട്ടില്‍ തടിച്ചുകൂടി.
വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാതിരുന്നതിനെതുടര്‍ന്ന് രക്ഷിക്കാന്‍ ഫയര്‍ഫോഴ്സ് അംഗങ്ങള്‍ മരത്തില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ സ്വയം ശരീരത്തില്‍ പെട്രോളൊഴിച്ചു.
തുടര്‍ന്നു മരത്തില്‍ കയറിയവരുടെ ശരീരത്തിലേക്കും പെട്രോളൊഴിച്ചു. ഇതേത്തുടര്‍ന്നാണ് മുകളിലിരിക്കുന്നയാള്‍ തീകൊളുത്തുമെന്ന ഭീതിയില്‍, ഫയര്‍ഫോഴ്സ് ഉടന്‍തന്നെ മരത്തിനുകീഴെ വലവിരിച്ചു വെള്ളമടിക്കാന്‍ തീരുമാനിച്ചത്. ശക്തിയായി വെള്ളം ചീറ്റിച്ചു ഫയര്ഫോഴ്സംഗങ്ങള് മരത്തില്‍ കയറി ഇയാളെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീട് അടിയില്‍ വിരിച്ച വലയിലേക്ക് ഇയാളെ വീഴ്ത്തുകയായിരുന്നു.
മാത്തുവിന്റെ കൈയിലുണ്ടായിരുന്ന ബാഗില്‍ വെട്ടുകത്തിയുമുണ്ടായിരുന്നു. മരത്തിനു മുകളിലിരിക്കുന്നതു കാണാനായി വെട്ടുകത്തിയെടുത്തു മരച്ചില്ലകള്‍ ഇയാള്‍ വെട്ടിമാറ്റുകയും ചെയ്തു. വെസ്റ്റ് സിഐ രാജു, എസ്ഐ സിന്ധു തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.