മുടപ്പല്ലൂര്‍- മംഗലംഡാം റോഡ് പാതിവഴിയില്‍: ഉപരോധം, ഉപവാസസമരം എട്ടിന്

PKD-ROADKUZHIവടക്കഞ്ചേരി: ആറുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന മുടപ്പല്ലൂര്‍-മംഗലംഡാം റോഡുവികസനം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് വണ്ടാഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എട്ടിന് റോഡ് ഉപരോധിക്കലും ഉപവാസസമരവും നടത്തും. രാവിലെ 9.30ന് വണ്ടാഴി മോസ്‌കോമുക്കില്‍ നടക്കുന്ന സമരപരിപാടികള്‍ മുന്‍മന്ത്രി വി.സി.കബീര്‍ ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ.ചന്ദ്രന്‍ അധ്യക്ഷത വഹിക്കും.

ഒരു മണിക്കൂര്‍ നീളുന്ന റോഡ് ഉപരോധത്തെ തുടര്‍ന്ന് പഞ്ചായത്ത് മെംബര്‍മാരും കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ബോര്‍ഡംഗങ്ങളും വൈകുന്നേരം വരെ സെന്ററില്‍ ഉപവാസസമരം നടത്തും. മഴ പെയ്താല്‍ ചെളിനിറഞ്ഞും മഴയില്ലെങ്കില്‍ പൊടിമൂടിയും റോഡിന് ഇരുവശവുമുള്ള താമസക്കാരുടെയും കടക്കാരുടെയും ജീവിതം ദുരിതപൂര്‍ണമാണ്. കല്ലിളകി കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ പോകുമ്പോള്‍ കല്ല് ദേഹത്തേക്കു തെറിച്ചു കാല്‍നട യാത്രക്കാര്‍ക്കും സ്കൂള്‍ കുട്ടികള്‍ക്കും ഉണ്ടാകുന്ന അപകടങ്ങള്‍ക്കും കണക്കില്ല.

റോഡുനിര്‍മാണത്തിനായി ഓരോ കരാറുകാര്‍ മാറി വന്നെങ്കിലും പണികള്‍ പൂര്‍ത്തിയാകാതെ റോഡ് കുഴിനിറഞ്ഞും തകര്‍ന്നും കോലംകെട്ട മട്ടിലാണ്.വാഹനം ഓടിക്കാനാകാത്തവിധം റോഡ് തകര്‍ന്നു കിടക്കുന്നതിനാല്‍ ബസ് സര്‍വീസുകളും മുടങ്ങുന്ന സ്ഥിതിയുണ്ട്. അടിയന്തിരമായി റോഡിലെ കുഴികള്‍ അടച്ച് മഴമാറുന്നതോടെ ഫുള്‍ ടാറിംഗ് ഉള്‍പ്പെടെയുള്ള പണികള്‍ പൂര്‍ത്തീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Related posts