വടക്കഞ്ചേരി: സംസ്ഥാനപാതയില്‍ മുടപ്പല്ലൂര്‍ സെന്ററില്‍ വെള്ളക്കെട്ടും മാലിന്യപ്രശ്നവും രൂക്ഷമായിട്ടും പൊതുമരാമത്ത് വകുപ്പോ പഞ്ചായത്തോ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരികളുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ തുടങ്ങും.ബസ് ഉള്‍പ്പെടെ നൂറുക്കണക്കിന് വാഹനങ്ങളും ഒട്ടേറെ യാത്രക്കാരും എത്തിച്ചേരുന്ന മുടപ്പല്ലൂര്‍ സെന്ററിന്റെ ശാപമായി മാറിയ വെള്ളക്കെട്ടിനു ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധിതവണ രേഖാമൂലവും അല്ലാതെയും അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കാത്തതിനെതിരേയാണ് സമരപരിപാടികളെന്ന് സമിതി പ്രസിഡന്റ് എ.കെ.അബ്ദുള്ള, സെക്രട്ടറി എ.പ്രകാശന് എന്നിവര്‍ പറഞ്ഞു.
മഴ പെയ്താല്‍ പുഴുനിറഞ്ഞ മലിനജലം മൂന്നടിയോളം പൊങ്ങും. കടകളിലേക്ക് വെള്ളംകയറി കടകള്‍ അടച്ചിടേണ്ട സ്ഥിതിയാണെന്ന് വ്യാപാരികള്‍ പറയുന്നു.പഴയ പോസ്റ്റോഫീസ് മുതല്‍ ചക്കാന്തറവരെയുള്ള ഭാഗം മുഴുവന്‍ വെള്ളക്കെട്ടിലാണ്. കാല്‍നടയാത്രക്കാര്‍ ചെളിവെളളത്തില്‍ വീണുള്ള അപകടങ്ങളും നിത്യസംഭവമാണ്. വെള്ളംകെട്ടിനിന്ന് സംസ്ഥാനപാതയിലും കുഴികള്‍ നിറഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്കിനുമുന്നില്‍ വന്‍കുഴി തന്നെ രൂപംകൊണ്ടു. രണ്ടുവര്‍ഷംമുമ്പാണ് സെന്ററിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ എംഎല്‍എ ഫണ്ടില്‍നിന്നും കാല്‍കോടി രൂപ അനുവദിച്ചത്.
ഈ ഫണ്ട് ചെലവഴിച്ച് ഒരുവശത്തുമാത്രം ചാല് നിര്‍മിച്ചെങ്കിലും ഇത് പൂര്‍ത്തിയാക്കാതെ നിര്‍ത്തിവച്ചു. ഇതിനാല്‍ വെള്ളം ഒഴുകിപോകാന്‍ വഴിതുറന്നില്ല.നിര്‍മിച്ച ചാല് തന്നെ ഇപ്പോള്‍ മണ്ണും മാലിന്യവും നിറഞ്ഞ് ആറടിയോളം താഴ്ചയുള്ള മാലിന്യചാല് നികന്നു.ജംഗ്്ഷനിലെ കള്‍വര്‍ട്ട് പൊളിച്ച് തകര്‍ന്നു കിടക്കുന്ന സ്ലാബുകള്‍ നീക്കി പുനര്‍നിര്‍മിച്ചാല്‍ മാത്രമേ വെള്ളക്കെട്ടിന് പരിഹാരം കാണാനാകൂവെന്ന് വ്യാപാരി പ്രസിഡന്റ് അബ്ദുള്ള പറഞ്ഞു.
തകര്‍ന്ന സ്ലാബിന്റെ കമ്പികള്‍ പുറത്തേക്ക് തള്ളിനിന്ന് ഇതിലാണ് പ്ലാസ്റ്റിക് മാലിന്യം തടഞ്ഞ് വെളളക്കെട്ട് രൂക്ഷമാക്കുന്നത്.ചാലിലെ മണ്ണും മാലിന്യവും നീക്കേണ്ടത് പൊതുമരാമത്ത് റോഡ്സ് വിഭാഗമാണെന്നു പഞ്ചായത്തും പ്രവൃത്തി ചെയ്യേണ്ടത് പഞ്ചായത്താണെന്നു പൊതുമരാമത്ത് വകുപ്പും പരസ്പരം പഴിചാരി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സ്ഥിതിയാണ് തുടരുന്നത്. അധികൃതരുടെ അനാസ്ഥയ്ക്കും അവഗണനയ്ക്കുമെതിരേ റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആലോചിച്ചു വരികയാണെന്ന് പ്രസിഡന്റ് അറിയിച്ചു. എല്ലാമഴക്കാലവും മുടപ്പല്ലൂരിന്റെ വലിയ പ്രശ്നമായി വെള്ളക്കെട്ടു മാറുന്നത്. നാടിന്റെ വികസനകുതിപ്പിനും ഭംഗം വരുത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു.