മുന്നറിയിപ്പില്ലാതെ സര്‍വീസ് മുടക്കല്‍: യാത്രക്കാര്‍ വലയുന്നു

ktm-boatമങ്കൊമ്പ്: ആലപ്പുഴയില്‍നിന്നും കാവാലത്തേയ്ക്കുള്ള ജലഗതാഗത വകുപ്പിന്റെ സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ മുടക്കുന്നത് വിദ്യാര്‍ഥികളടക്കമുളള യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ബോട്ടുകള്‍ റൂട്ട് മാറ്റി സര്‍വീസ് നടത്തുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഇന്നലെ വൈകുന്നേരം 4.45ന് ആലപ്പുഴയില്‍നിന്നും കാവാലത്തേ യ്ക്കു പുറപ്പെടേണ്ട കാവാലം സ്‌റ്റേഷന്റെ എസ്–38–ാം നമ്പര്‍ ബോട്ട് റൂട്ടു തിരിച്ചുവിട്ടത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.

മറ്റൊരു ബോട്ടിനു തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്നു ഈ ബോട്ട് കൈനകരി വഴി സര്‍വീസ് നടത്താനയക്കുകയായിരുന്നു. കാവാലം റൂട്ടിലുള്ള യാത്രക്കാരോടു ജലഗതാഗതവകുപ്പ് വിവേചനപരമായാണ് പെരുമാറുന്നതെന്നാണ് യാത്രക്കാരുടെ പരാതി. കാവാലം, കായല്‍മേഖല എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ അടുത്ത ബോട്ടിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടതായി വന്നു. പ്രാഥമികാവശ്യങ്ങള്‍ക്കുപോലും സൗകര്യമില്ലാതെ മുതിര്‍ന്ന പെണ്‍കുട്ടികളടക്കമുള്ള യാത്രക്കാര്‍ ഏറെ വലഞ്ഞു.

പിന്നീട് ആറോടെ പുറപ്പെട്ട ബോട്ടില്‍ യാത്രചെയ്ത കാവാലം പ്രദേശത്തുള്ള വിദ്യാര്‍ഥികള്‍ രാത്രി 7.45 ഓടെയാണ് വീടുകളിലെത്തിയത്. തങ്ങള്‍ക്കുള്ള ബോട്ട് റൂട്ടുമാറ്റി സര്‍വീസ് നടത്തിയ അധികൃതരുടെ നടപടി ഒഴിവാക്കാമായിരുന്നെന്ന് യാത്രക്കാര്‍ പറയുന്നു. കൈനകരി വഴി നാലുമുതല്‍ നാലരവരെ അഞ്ചുബോട്ടുകള്‍ ഇന്നലെയും സര്‍വീസ് നടത്തിയിരുന്നു. ഇതിനു പുറമെയാണ് കാവാലത്തേയ്ക്കുള്ള ബോട്ടു റൂട്ടുമാറ്റിയത്. കാവാലത്തേയ്ക്ക് നാലേകാല്‍ കഴിഞ്ഞാല്‍ 4.45നും, 5.45നും മാത്രമാണ് ബോട്ടുകളുള്ളത്.

ഇതിലൊന്ന് മുടങ്ങിയാല്‍ മണിക്കൂറുകള്‍ പിന്നീട് കാത്തിരിക്കണം. മാസങ്ങള്‍ക്കു മുമ്പു പൊറുതിമുട്ടിയ യാത്രക്കാര്‍ കാവാലം ഗ്രാമപഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കാവാലത്തു ബോട്ടുകള്‍ കെട്ടിയിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ജലഗതാഗതവകുപ്പധികൃതരുമായുണ്ടാക്കിയ വ്യവസ്ഥയില്‍ സര്‍വീസുകള്‍ മുടക്കില്ലെന്നു ഉറപ്പു നല്‍കിയിരുന്നു.എന്നാല്‍ ഈ ഉറപ്പാണ് ഇന്നലെ വീണ്ടും കാറ്റില്‍പ്പറത്തിയത്. ആലപ്പുഴക്കു പുറമെ ചങ്ങനാശേരിയില്‍ നിന്നും കാവാലത്തയ്ക്കുള്ള ഒരു ബോട്ടും അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോയിട്ട് ഒരാഴ്ചയോടടുക്കുന്നു.

ലിസ്യുവില്‍ നിന്നും രാവിലെ 9.20നു ചങ്ങനാശേരിക്കു സര്‍വീസ് നടത്തിയിരുന്ന ബോട്ടിലാണ് കാവാലത്തെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളെത്തിയിരുന്നത്. കാവാലത്താറ്റില്‍ പോളശല്യം രൂക്ഷമായതോടെ കടത്തുവള്ളങ്ങളുടെ സര്‍വീസും പ്രയാസകരമാണ്. ഇതുകൊണ്ട് മറുകരെ കടക്കാനും ബോട്ടിനെ ആശ്രയിക്കുന്ന വിദ്യാര്‍ഥികളും, യാത്രക്കാരും കുറവല്ല. മുടങ്ങിയ സര്‍വീസുകള്‍ പുനസ്ഥാപിക്കാന്‍ അടിയന്തിരനടപടികള്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts