മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യ: മൃതദേഹം താഴെയിറക്കിയത് 2 മണിക്കൂറിന് ശേഷം

KKD-MARANAMകൂത്തുപറമ്പ്: മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം താഴെയിറക്കാനായത് രണ്ടു മണിക്കൂറോളം നീണ്ട സാഹസിക പ്രയത്‌നത്തിനൊടുവില്‍. ഇന്നലെ വൈകുന്നേരം ആറോടെ സൗത്ത് നരവൂരിലെ വരപ്രത്ത് രമേശന്‍ (46) ആണ് കൂത്തുപറമ്പ് പോലീസ് സ്‌റ്റേഷനു സമീപത്തായുള്ള റിലയന്‍സ് കമ്പനി സ്ഥാപിച്ച നൂറ് മീറ്ററോളം ഉയരത്തിലുള്ള മൊബൈല്‍ ടവറില്‍ കയറി തൂങ്ങിമരിച്ചത്. ഇയാള്‍ ടവറിനു മുകളിലേക്ക് കയറുന്നതു കണ്ട് ആളുകള്‍ ബഹളം വച്ച് ഇയാളെ വിലക്കിയെങ്കിലും ഇയാള്‍ ധൃതിയില്‍ ടവറിന്റെ മുകളറ്റം വരെ കയറി അവിടെ തൂങ്ങി മരിക്കുകയായിരുന്നു.

വിവരമറിഞ്ഞ് കൂത്തുപറമ്പ്, പാനൂര്‍ എന്നിവിടങ്ങളില്‍ നിന്നും സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് നാട്ടുകാരുടേയും പോലീസിന്റെയും സഹായത്തോടെ ഏറെ പണിപ്പെട്ടാണ് മൃതദേഹം താഴെയിറക്കിയത്. ടവറിന്റെ പുറംഭാഗത്താണ് മൃതദേഹം തൂങ്ങികിടന്നത് എന്നതിനാലും താഴേക്ക് വിസ്തൃതി കൂടി കൂടി വരുന്ന നിലയിലാണ് ടവര്‍ എന്നതിനാലും മൃതദേഹം നേരെ താഴേക്ക് ഇറക്കാന്‍ ആവുമായിരുന്നില്ല. അതിനാല്‍ മൃതദേഹം മുകളില്‍ നിന്ന് അഴിച്ച് ടവറിനകത്തെ വളയത്തിലൂടെയാണ് സാവധാനം താഴെ ഇറക്കിയത്.

ടവറിനു മുകളില്‍ കയറി ആത്മഹത്യക്കു ശ്രമിക്കുന്നവരെ രക്ഷപ്പെടുത്തിയ ഒട്ടേറെ അനുഭവമുണ്ടായെങ്കിലും ഇത്രയേറെ ഉയരത്തിലുളള ടവറില്‍ കയറിയുള്ള സാഹസിക പ്രയത്‌നം ആദ്യമായാണെന്ന് പ്രവര്‍ത്തനത്തിനെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. കൂത്തുപറമ്പ് ഫയര്‍സ്‌റ്റേഷനിലെ ലീഡിംഗ് ഫയര്‍മാന്‍ കെ.കെ. ദിലീഷ്, ഫയര്‍മാന്‍ കെ.പി. റനീഷ്, ഹോംഗാര്‍ഡുമാരായ സുരേന്ദ്രന്‍, പ്രകാശന്‍, പാനൂര്‍ ഫയര്‍ഫോഴ്‌സിലെ ലീഡിംഗ് ഫയര്‍മാന്‍ എന്‍.പി. ശ്രീധരന്‍, എന്നിവരുടെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സിന് സംഭവസ്ഥലത്തുണ്ടായിരുന്ന നരവൂരിലെ സുബിന്‍, ദിനേശന്‍ എന്നിവരും സഹായികളായി.

ഇവര്‍ക്കൊപ്പം ടവറില്‍ കയറാനും മറ്റും നേരത്തെ കൂത്തുപറമ്പിലെ മുന്‍ ഫയര്‍മാനും ഇപ്പോള്‍ പിഡബ്ല്യുഡി ജീവനക്കാരനുമായ പാട്യത്തെ ഷിബിത്തും ഉണ്ടായിരുന്നു. എസ്‌ഐ കെ.ജെ. വിനോയിയുടെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്കി. രമേശന്റെ മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഇന്ന് ഉച്ചയോടെ വലിയ വെളിച്ചം ശാന്തിവനം പൊതുശ്മശാനത്തില്‍ സംസ്കരിക്കും. പരേതനായ ഗോവിന്ദന്‍-ലീല ദമ്പതികളുടെ മകനാണ് രമേശന്‍. ഭാര്യ: ഗീത. മക്കള്‍: രാഗില്‍, രാഹുല്‍.

Related posts