മോഷ്ടിച്ച ബൈക്കില്‍ പകല്‍ റാകിപ്പറന്ന് നോട്ടമിടും, പരുന്തിനേപ്പോലെ…! ആളില്ലാവീടുകളിലെ മോഷ്ടാവ് പരുന്ത് ഷജീര്‍ പിടിയില്‍

parunthuസ്വന്തം ലേഖകന്‍

തൃശൂര്‍: ആളില്ലാത്ത വീടുകള്‍ കണ്ടെത്തി രാത്രി വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും അടക്കം വിലപിടിപ്പുള്ളതെല്ലാം കവര്‍ച്ച നടത്തുന്ന പരുന്ത് ഷജീറിനെ പോലീസ് അറസ്റ്റു ചെയ്തു. കുപ്രസിദ്ധ കവര്‍ച്ചക്കാരനായ മലപ്പുറം വെളിയംകോട് അയ്യൂട്ടിച്ചിറ സ്വദേശി തോട്ടുങ്ങല്‍ വീട്ടില്‍ പരുന്ത് ഷജീര്‍ എന്നറിയപ്പെടുന്ന ഷജീര്‍ (30) ആണു പിടിയിലായത്.

ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുനിന്നാണ് തൃശൂര്‍ സിറ്റി ഷാഡോ പോലീസ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതോടെ അനേകം മോഷണക്കേസുകളാണു തെളിഞ്ഞത്. ഇക്കഴിഞ്ഞ എട്ടിനു രാത്രി ഗുരുവായൂര്‍ തൈക്കാട് മൂക്കത്തേയില്‍ വീട്ടില്‍ ബിജുവിന്റെ പൂട്ടിക്കിടന്ന വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകയറി മോഷണം നടത്താന്‍ ശ്രമിച്ച കേസിന്റെ അന്വേഷണത്തിനിടയിലാണ് പ്രതി പോലീസിന്റെ വലയിലായത്.

നിരവധി ക്ഷേത്ര കവര്‍ച്ചകള്‍, വാഹന മോഷണങ്ങള്‍, ഭവനഭേദനങ്ങള്‍ തുടങ്ങിയ കേസുകളില്‍ പ്രതിയാണ് പരുന്ത് ഷജീര്‍. കഴിഞ്ഞ ഒക്ടോബറില്‍ മലപ്പുറം പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായ ഇയാള്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസംവരേയും ജയിലിലായിരുന്നു. ജയിലില്‍നിന്ന് പുറത്തുവന്നതിനു പിന്നാലെ നിരവധി മോഷണങ്ങള്‍ ഇയാള്‍ ചെയ്‌തെന്ന് ചോദ്യം ചെയ്ത പോലീസിനോട് ഇയാള്‍ സമ്മതിച്ചു.     ഗുരുവായൂര്‍ അപ്പാസ് തിയേറ്ററിനരികിലുള്ള കാരയില്‍ വീട്ടില്‍ ശ്രീധരന്റെ പൂട്ടിക്കിടന്ന വീട്ടില്‍നിന്നു സ്വര്‍ണവും പണവും കവര്‍ന്നു. ഗുരുവായൂര്‍ ജനത റോഡില്‍ ചക്രമാക്കില്‍ വീട്ടില്‍ ജോജുവിന്റെയും തൈക്കാട് ബിജുവിന്റെയും വീടുകളിലും കവര്‍ച്ച നടത്തി.

ഗുരുവായൂര്‍ കണ്ണംകോട് ബസാര്‍ വഴി രായ്മരയ്ക്കാര്‍ വീട്ടില്‍ ഹമീദിന്റെ മകള്‍ ആമിനമോളുടെ പൂട്ടിക്കിടന്ന വീട്ടിലും ഇരിപ്പുറത്ത് ചീനിക്കല്‍ വീട്ടില്‍ സിദ്ദിഖിന്റെ വീട്ടിലും സാജോസ് പബ്ലിക് സ്കൂളിനരികിലെ ഗോപാലകൃഷ്ണന്റെ വീട്ടിലും മോഷണം നടത്തി. എഴുത്തുകാരനായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ പൂട്ടിക്കിടന്ന വീട്ടില്‍ മൂന്നു വര്‍ഷം മുമ്പ് കവര്‍ച്ച നടത്തിയതും ഇയാളാണെന്നു വ്യക്തമായിട്ടുണ്ട്.

2007 ലാണ് പരുന്ത് ഷജീര്‍ മോഷണക്കേസില്‍ ആദ്യമായി അറസ്റ്റിലായത്. തുടര്‍ന്ന് 2009, 2011, 2015 വര്‍ഷങ്ങളിലായി നിരവധി കേസുകളിലായാണ് ഇയാള്‍ പിടിയിലായത്. നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഇയാളെ പിടികൂടിയതോടെ ഗുരുവായര്‍, ചാവക്കാട്, കണ്ടാണശേരി, പാവറട്ടി എന്നീ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകള്‍ക്കു തുമ്പുണ്ടായി. തൃശൂര്‍, മലപ്പുറം ജില്ലകളിലെ പത്തോളം പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കവര്‍ച്ചക്കേസുകളുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്താല്‍ കൂടുതല്‍ കവര്‍ച്ചക്കേസുകളുടെ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നു പോലീസ് പറഞ്ഞു.

തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഡോ.ജെ. ഹിമേന്ദ്രനാഥിന്റെ നിര്‍ദേശപ്രകാരം ഗുഗുവായൂര്‍ എസിപി ജയചന്ദ്രന്‍ പിള്ള, ഗുരുവായൂര്‍ ടെംപിള്‍ പോലീസ് സ്റ്റേഷനിലെ സിഐ രാജേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ പോലീസ് അംഗങ്ങളും എസ്‌ഐമാരുമായ എ.പി. ഡേവിസ്, വി.കെ. അന്‍സാര്‍, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ എന്‍.ജി സുവ്രതകുമാര്‍, പി.എം. റാഫി, കെ. ഗോപാലകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.വി. ജീവന്‍, പി.കെ. പഴനി സ്വാമി, സി.പി. ഉല്ലാസ്, എം.എസ്. ലിഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഷജീറിനെ പിടികൂടിയത്.

മോഷ്ടിച്ച ബൈക്കില്‍ പകല്‍ റാകിപ്പറന്ന് നോട്ടമിടും, പരുന്തിനേപ്പോലെ

തൃശൂര്‍: പോലീസ് അറസ്റ്റുചെയ്ത കവര്‍ച്ചക്കാരന്‍ പരുന്ത് ഷജീര്‍ മോഷ്ടിച്ചു തരപ്പെടുത്തുന്ന ബൈക്കില്‍ പകല്‍ ചുറ്റിക്കറങ്ങി ആളില്ലാത്തതും പൂട്ടിക്കിടക്കുന്നതുമായ വീടുകള്‍ കണ്ടുവച്ച് രാത്രിയിലാണു കവര്‍ച്ച നടത്താറുള്ളത്.
പകല്‍ ചുറ്റിക്കറങ്ങുന്നതിനിടെ പോലീസോ മറ്റാരെങ്കിലുമോ പിന്തുടരുകയോ തടസപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്താല്‍ ബൈക്കുമായി പറപ്പിച്ചു രക്ഷപ്പെടുകയാണു പതിവ്. ഈ സ്വഭാവ വിശേഷങ്ങള്‍ ഉള്ളതിനാലാണ് ഇയാള്‍ക്കു പരുന്ത് ഷജീര്‍ എന്ന പേരു ലഭിച്ചത്.

സൗന്ദര്യ വര്‍ധക വസ്തുക്കളോടും ഫാഷന്‍ വസ്ത്രങ്ങളോടും ഭ്രമമുള്ള ഇയാള്‍ ഫോണ്‍വിളികളിലൂടെ സ്ത്രീകളെ വശീകരിക്കുന്ന വിരുതനാണ്. കണ്ണൂരിലെ മികച്ച സാമ്പത്തികശേഷിയുള്ള വലിയ കുടുംബത്തിലെ പെണ്‍കുട്ടിയെ വശീകരിച്ച് ഇയാള്‍ തട്ടിക്കൊണ്ടുപോകുകയും പിന്നീട് ചതി മനസിലാക്കി പെണ്‍കുട്ടി രക്ഷപ്പെടുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രില്‍ മാസം വരെ ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തുകയായി 80,000 രൂപ കോടതിയില്‍ കെട്ടിവച്ചാണ് ജാമ്യത്തിലിറങ്ങിയത്. ഈ തുക വീണ്ടെടുക്കാനാണ് തുടര്‍ച്ചയായി കവര്‍ച്ചകള്‍ നടത്തിയിരുന്നത്.

Related posts