യുവാവിന്റെ ദുരൂഹമരണം: പുനരന്വേഷണ ത്തിന് ഹൈക്കോടതിയുടെ ഉത്തരവ്

EKM-COURTഅടൂര്‍: എട്ടു വര്‍ഷം മുമ്പ് ദുരൂഹസാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പുനരന്വേഷണം നടത്താന്‍ ഉത്തരവ്. തൂവയൂര്‍ തെക്ക് അരിവന്‍കോട്ടുവിള സഹദേവന്റെ മകന്‍ വിനോദ് കുമാറിന്റെ (വൈക്കം മണി -27) ദുരൂഹമരണമാണ് പുനരന്വേഷിക്കുന്നത്. 2008 മാര്‍ച്ച് 11ന് വീടിനു സമീപമുള്ള തോടിന്റെ കരയിലാണ് വിനോദ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് പുനരന്വേഷണത്തിന് നടപടി തുടങ്ങിയതെന്ന് അടൂര്‍ ഡിവൈഎസ്പി എസ്. റഫീക് പറഞ്ഞു. ദക്ഷിണമേഖല ഐജി മനോജ് ഏബ്രഹാം അന്വേഷണത്തിനു നേതൃത്വം നല്‍കുമെന്നും ഇതിനായി ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവില്‍ പറയുന്നു.

ജില്ലാ പോലീസ് മേധാവി ഇന്നുതന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചേക്കും.  ഏനാത്ത് പോലീസാണ് നേരത്തെ കേസ് അന്വേഷിച്ചത്. പോലീസ് അന്വേഷണത്തില്‍ അസംതൃപ്തി രേഖപ്പെടുത്തിയും മരണത്തില്‍ സംശയം ഉണ്ടെന്നു ചൂണ്ടിക്കാട്ടിയും ബന്ധുക്കള്‍ മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. മരിച്ച വിനോദ്കുമാറിന്റെ സഹോദരന്‍ മണക്കാല പുളിമൂടന്‍വിളയില്‍ സന്തോഷ്കുമാറാണ് ഹൈക്കോടതിയെ സമീപിച്ച് പുനരന്വേഷണത്തിന് ഉത്തരവു വാങ്ങിയത്.

Related posts