യൂറോ കപ്പ്: ജര്‍മനിയെ തകര്‍ത്ത് ഫ്രാന്‍സ് ഫൈനലില്‍

sp-finalമാഴ്‌സെല്ലെ: യൂറോ കപ്പ് ഫൈനലില്‍ പോര്‍ച്ചുഗല്‍- ഫ്രാന്‍സ് പോരാട്ടം. രണ്ടാം സെമിയില്‍ ജര്‍മനിയെ എതിരില്ലാത്ത രണ്ടു ഗോളിനു തകര്‍ത്ത് ഫ്രഞ്ചു പട ഫൈനലിലേക്കു പ്രവേശനം നേടി. 2014ലെ ബ്രസീല്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരവുമായിരുന്നു ഫ്രാന്‍സിന്റെ വിജയം. യുവതാരം അന്റോണിയോ ഗ്രിസ്മാന്‍ നേടിയ ഇരട്ട ഗോളുകളാണ് ഫ്രഞ്ച് പടയുടെ വിജയം എളുപ്പമാക്കിയത്.

മത്സരത്തില്‍ 65 ശതമാനവും ജര്‍മനിയുടെ നിയന്ത്രണത്തിലായിരുന്നു പന്ത്. എന്നാല്‍ അവരെ ഗോളടിപ്പിക്കാന്‍ ഫ്രഞ്ച് പ്രതിരോധനിര അനുവദിച്ചില്ല. 47, 72 മിനിറ്റുകളിലാണ് ഗ്രീസ്മാന്‍ ജര്‍മന്‍ ഗോള്‍വല ചലിപ്പിച്ചത്. 47-ാം മിനിറ്റില്‍ ജര്‍മന്‍ താരം ഷെയ്ന്‍സ്റ്റീഗര്‍ ഹാന്‍ഡ്‌ബോളിനെ തുടര്‍ന്ന് മഞ്ഞക്കാര്‍ഡു കണ്ടു. ഇതിനെ തുടര്‍ന്ന് ഫ്രാന്‍സിന് അനുകൂലമായ പെനാല്‍റ്റി ലഭിച്ചു. പെനാല്‍റ്റി എടുത്ത ഗ്രിസ്മാന്‍ ലക്ഷ്യം തെറ്റാതെ പന്ത് വലയിലാക്കുകയായിരുന്നു.

രണ്ടാമത്തെ ഗോള്‍ 72-ാം മിനിറ്റില്‍ ജര്‍മന്‍ ഡിഫന്‍ഡേഴ്‌സിനെ കബളിപ്പിച്ച് പോഗ്ബയടിച്ച ഷോട്ട് നൂയര്‍ തടുത്തിട്ടു. പന്ത് ചെന്നു വീണത് ഗ്രിസ്മാന്റെ കാലില്‍, ഗ്രിസ്മാന് ഒന്ന് കാല്‍ വെക്കേണ്ടതെ ഉണ്ടായിരുന്നുള്ളു പന്ത് വലയിലാകാന്‍. ടൂര്‍ണമെന്റില്‍ ആറു ഗോളുകള്‍ നേടിയ ഗ്രീസ്മാന്‍ ഒരു യൂറോയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കി. ഒമ്പതു ഗോളുകള്‍ നേടിയ പ്ലാറ്റിനിയാണ് ഗ്രീസ്മാനു മുമ്പിലുള്ളത്.

Related posts