മാവേലിക്കര: രാജാരവിവര്‍മ കോളജിന്റെ മുന്‍വശത്തുള്ള രാജാരവിവര്‍മ്മയുടെ പൂര്‍ണ്ണകായ ശില്‍പ്പം തകര്‍ച്ചാ ഭീഷണിയില്‍. വഴിയരികിലെ തണല്‍ വൃക്ഷത്തിന്റെ ശിഖരങ്ങള്‍ ശില്‍പ്പത്തിന് മുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്നതാണ് ശില്പത്തിന് ഭീഷണിയായിരിക്കുന്നത്. നേരത്തെ ഈ വൃക്ഷത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് കെട്ടിടത്തിന് നാശമുണ്ടായിട്ടുണ്ട്. രാജാ രവിവര്‍മ കോളജിലെ മുന്‍ അധ്യാപകനായ ശില്‍പ്പി ശേഖറാണ് ശില്‍പ്പം നിര്‍മിച്ചത്. അന്ന് കേരളാ ഗവര്‍ണറായിരുന്ന വി.വി.ഗിരിയാണ് ശില്‍പ്പം അനാച്ഛാദനം ചെയ്തത്. വര്‍ഷങ്ങള്‍ പഴക്കമുള്ള പ്രതിമ രാജാ രവിവര്‍മ ചിത്രം രചിക്കാനായി ബ്രഷുമായി നില്ക്കുന്ന രൂപത്തിലുള്ളതായിരുന്നു.
വേണ്ടത്ര സംരക്ഷണം ശില്പത്തിന് നല്കാതിരുന്നതിനാല് നിലവില്‍ പ്രതിമയുടെ കൈയില്‍ നിന്ന് ബ്രഷ് വേര്‍പ്പെട്ട് പോയിരിക്കുകയാണ്. ശില്‍പ്പത്തിന്റെ വെങ്കല പ്രതിരൂപം എടുത്ത് പുന:സ്ഥാപിക്കാമെന്ന് വാഗ്ദാനങ്ങള്‍ പലരില്‍ നിന്നും ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ വെറും ജലരേഖയായി മാറിയിരിക്കുകയാണ്. രാജാരവിവര്‍മ കോളജിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് ശില്‍പ്പത്തിന് സംരക്ഷണം നല്കുന്ന കാര്യങ്ങളൊക്കെ ചെയ്യാമെന്ന് അധികൃതരും ജന പ്രതിനിധികളും വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും ഇന്നും പ്രതിമയോടുള്ള അവഗണന തുടരുകയാണ്.
ലോകം തന്നെ ആരാധിക്കുന്ന പ്രശസ്ത ചിത്രകരനായ രാജാരവിവര്‍മയുടെ ഏക പൂര്‍ണ്ണകായ ശില്‍പ്പമാണ് കോളേജ് അങ്കണത്തില്‍ സ്ഥിതിചെയ്യുന്നത്. ശില്പത്തിന് ഭീഷണിയായ മരം മുറിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികകള്‍ കോളജ് അധികൃതര്‍ നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.