രാമപുരം: യുഡിഎഫ്- ആംആദ്മി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഇന്നലെ വൈകുന്നേരം 4.30ന് രാമപുരം ടൗണില്‍ നടന്ന ആംആദ്മി വാഹന പ്രചരണ ജാഥയില്‍ പ്രസംഗം നടന്നു കൊണ്ടിരിക്കെയായിരുന്നു ആക്രമണം. ഒരു സംഘം യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും വേദിയിലേക്ക് തള്ളിക്കയറി ആംആദ്മി നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിക്കുകയായിരുന്നുവെന്ന് ആംആദ്മി നല്കിയ പരാതിയില്‍ പറയുന്നു. പ്രചാരണ വാഹനത്തിലെ ഫഌക്്സ് ബോര്‍ഡുകളും മൈക്കും തകര്‍ത്തു.
ആക്രമണത്തില്‍ പാര്‍ട്ടി ജില്ലാ മണ്ഡലം കണ്‍വീനര്‍ റാണി ആന്റോ, ജില്ലാ കോ- ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ അനിത മാണി, ജില്ലാ വോളണ്ടിയര്‍മാരായ ടോമി ജോര്‍ജ്, പ്രിന്‍സ് , സുജാത ജോര്‍ജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. രാമപുരം സിഐഇമ്മാനുവല് പോള്‍, എസ്ഐ എം.എസ് രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും കേന്ദ്രസേനയുമെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. ഇതു സംബന്ധിച്ച് സ്വമേധയാ കേസെടുത്തതായി എസ്ഐ എം.എസ് രാജീവ് പറഞ്ഞു.
ആംആദ്മിയുടെ അഴിമതി വിരുദ്ധ സമ്മേളനം ആക്രമണത്തെ തുടര്‍ന്ന് തടസപ്പെട്ടെങ്കിലും പിന്തുണയുമായി എത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വന്തം അനൗണ്‍സ്്മെന്റ് വാഹനം പ്രസംഗിക്കാന്‍ നല്‍കിയതോടെ വീണ്ടും ആരംഭിച്ചു. എന്നാല്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയുടെ പ്രചരണത്തിനായി പെര്‍മിറ്റ് എടുത്തിട്ടുള്ള വാഹനത്തില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ എന്ന പേരില്‍ ചിലര്‍ കെ.എം മാണിയെ വ്യക്തിഹത്യ ചെയ്യുംവിധം പ്രചാരണം നടത്തിയെന്നും ഇതിനെതിരായ സംഭവത്തില്‍ യുഡിഎഫിന് പങ്കില്ലെന്നും രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോണ്‍ പറഞ്ഞു.
ഇത് രണ്ടാം വട്ടമാണ് ആംആദ്മി പ്രവര്‍ത്തകര്‍ക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ തിരിയുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പൈകയില്‍ ഇരു പാര്‍ട്ടി പ്രവര്‍ത്തകരും തമ്മില്‍ സംഘട്ടനമുണ്ടായെങ്കിലും പോലീസ് ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. ഇടതു മുന്നണി സ്ഥാനാര്‍ഥിയുടെ വിജയത്തിനായാണ് ആംആദ്മി രംഗത്തിറങ്ങിയിരിക്കുന്നതെന്നതെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. ആംആദ്മി പാര്‍ട്ടിപ്രവര്‍ത്തകര്‍ കെ.എംമാണിയെ വ്യക്തിഹത്യ നടത്തുകയാണെന്ന് ആരോപിച്ച് യുഡിഎഫ് നല്കിയ പരാതിയില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് പ്രചരണ വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. മാത്രമല്ല തെരെഞ്ഞെടുപ്പ് സ്ക്വാഡ് ആംാദ്മി പാലാ ഓഫീസില്‍ പരിശോധന നടത്തി പോസ്റ്ററുകളും മറ്റും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.