റയല്‍ സിറ്റിയില്‍

sp-rayalമാഞ്ചസ്റ്റര്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് കണ്ണുംനട്ട് നാലു ടീമുകള്‍ മാത്രം. ഇനിയുള്ളത് തീപാറും പോരാട്ടങ്ങള്‍. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യപാദ സെമിഫൈനലില്‍ ഇന്ന് സ്‌പെയിന്‍-ഇംഗ്ലണ്ട് പോര്. ആദ്യപാദത്തില്‍ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടുന്നത് സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ്. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.15നാണ് മത്സരം. ചാമ്പ്യന്‍സ് ലീഗില്‍ പെരുമ നിറഞ്ഞ റയലും സെമിയില്‍ ആദ്യമായി കടന്ന സിറ്റിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ മത്സരം പുതിയ ചരിത്രമാകും. സിറ്റിയുടെ ഗ്രൗണ്ട് എത്തിഹാദ് സ്‌റ്റേഡിയത്തില്‍ മത്സരം നടക്കുന്നതിനാല്‍ അല്പം മുന്‍തൂക്കം മാനുവല്‍ പെല്ലിഗ്രിനിയുടെ സിറ്റിക്കുണെ്ടങ്കിലും യൂറോപ്പിലെ തങ്ങളുടെ പേരിനൊത്ത പ്രകടനം നടത്താന്‍ സിനദിന്‍ സിദാന്‍ പരിശീലിപ്പിക്കുന്ന റയലിനാകും.

റയലും സിറ്റിയും ആകെ മൂന്നു പ്രാവശ്യമാണ് പരസ്പരം പോരാടിയത്. ഇതില്‍ രണെ്ടണ്ണത്തില്‍ റയല്‍ ജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയായി. ചാ മ്പ്യന്‍സ് ലീഗില്‍ സിറ്റിയും റയലും 2012-13 ചാമ്പ്യന്‍സ് ലീഗ് സീസണില്‍ ഗ്രൂപ്പ് മത്സരത്തില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതില്‍ രണ്ടു പാദങ്ങളിലുമായി റയലിനായിരുന്നു ജയം. സാന്റിയാഗോ ബര്‍ണേബുവില്‍ നടന്ന ആദ്യ പാദത്തില്‍ റയല്‍ 3-2നു ജയിച്ചപ്പോള്‍ എത്തിഹാദ് സ്‌റ്റേഡിയത്തില്‍ 1-1ന് സമനിലയാകുകയായിരുന്നു. ഇതിനു ശേഷം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ റയല്‍ 4-1ന്റെ വന്‍ ജയം സ്വന്തമാക്കിയിരുന്നു.

സെമിയില്‍ ആദ്യമായി കളിക്കുന്ന സിറ്റിയും 27-ാം സെമിയില്‍ ഇറങ്ങുന്ന റയലും ആദ്യപാദം ജയത്തോടെ തുടങ്ങി ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാനാണ് ഒരുങ്ങുന്നത്. യൂറോപ്പിന്റെ പ്രധാന കിരീടമായ ചാമ്പ്യന്‍സ് ലീഗ് ട്രോഫി പത്ത് പ്രാവശ്യം റയല്‍ സ്വന്തമാക്കിയിട്ടുണ്ട്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ ടീമിനൊപ്പം എത്തിയിട്ടുണെ്ടങ്കിലും കളിക്കുമെന്നുറപ്പില്ല. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി ഗോള്‍ നേടിക്കൊണ്ടിരിക്കുന്ന സെര്‍ജിയോ അഗ്വേറോയിലാണ് സിറ്റിയുടെ സ്വപ്നങ്ങള്‍. ബെന്‍സേമയും കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയിരുന്നില്ല.

ഇവരില്ലെങ്കിലും ഗോളടിക്കാനും ജയിപ്പിക്കാനും റയലിനു വേറെ ആള്‍ക്കാരുണെ്ടന്ന് സ്പാനിഷ് ലീഗിലെ കഴിഞ്ഞ കളി തെളിയിക്കുകയും ചെയ്തു.ഗാരത് ബെയ്ല്‍ ഇരട്ട ഗോളും ലൂകാസ് വാസ്ക്വസിന്റെ ഗോളുമാണ് വയ്യക്കാനോയ്‌ക്കെതിരെ റയലിനു തകര്‍പ്പന്‍ ജയമൊരുക്കിയത്. വയ്യക്കാനോയോടു രണ്ടു ഗോളിനു പിന്നില്‍നിന്നശേഷം മൂന്നു ഗോളടിച്ചു ജയിച്ചതിന്റെ ആത്മവിശ്വാസം റയലിനുണ്ട്. ചാമ്പ്യന്‍സ് ലീഗിലെ ടോപ് സ്‌കോറര്‍ റൊണാള്‍ഡോയ്ക്കും ബെയ്‌ലിനുമൊപ്പം കരിം ബെന്‍സമയും മികച്ച ഫോമിലാണെന്ന കാര്യം സ്പാനിഷ് ക്ലബ്ബിനു മുന്‍തൂക്കം നല്‍കുന്നു. ഈ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ റൊണാള്‍ഡോ 16 ഗോളാണ് നേടിയത്.

സിറ്റിയെ നേരിടാന്‍ പോകും മുമ്പ് നേടിയ തുടര്‍ച്ചയായ അഞ്ച് വിജയങ്ങള്‍ സിദാന്റെ ടീമിനെ കൂടുതല്‍ കരുത്തരാക്കിയിരിക്കുകയാണ്. വൂള്‍ഫ്‌സ്ബര്‍ഗിനെതിരെ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദം തോറ്റ് റയല്‍, റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ രണ്ടാംപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മന്‍ ക്ലബ്ബിനെ തകര്‍ത്തു. ആ കളിയില്‍ റൊണാള്‍ഡോ തന്റെ മികവ് വെളിപ്പെടുത്തിയതാണ്. ചാമ്പ്യന്‍സ് ലീഗില്‍ ഗോളടിച്ചുകൂട്ടുന്ന റൊണാള്‍ഡോയെ മാറ്റി നിര്‍ത്തി സിദാന്‍ ടീമിനെ ഇറക്കുമോ എന്ന കാര്യം സംശയമാണ്. പോര്‍ച്ചുഗീസ് താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്ന് സിദാന്‍ വെളിപ്പെടുത്തിയിരുന്നു. സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്കും അത്‌ലറ്റിക്കോ മാഡ്രിഡിനും പിന്നില്‍ നില്‍ക്കുന്ന റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ എ ഗ്രൂപ്പ് അംഗമായിരുന്ന റയല്‍ ഒരു കളി പോലും തോല്‍ക്കാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് മുന്നേറിയത്.

പ്രീമിയര്‍ ലീഗില്‍ ലീസ്റ്റര്‍ സിറ്റി, ടോട്ടനം ഹോട്‌സ്പര്‍ എന്നിവര്‍ക്കു പിന്നില്‍ മൂന്നാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിയും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം നടത്താനാണ് സ്വന്തം കാണികളുടെ മുന്നിലെത്തുന്നത്. അഗ്വേറോയുടെ മികവിനും പുറമേ കെവിന്‍ ഡി ബ്രുയിനും ഒപ്പമുള്ള പെല്ലിഗ്രിനു ടീമിനു കരുത്തു പകരുന്നു. ഡി ബ്രുയിന്റെ ഗോളിലായിരുന്നു സിറ്റി ക്വാര്‍ട്ടര്‍ ഫൈനലില്‍ പാരി സാന്‍ ഷെര്‍മയിനെ തകര്‍ത്തത്. റയലിനെ നേരിടുന്നതിനു മുമ്പു പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ സ്റ്റോക് സിറ്റിയെ എതിരില്ലാത്ത നാലു ഗോളിനു തകര്‍ത്ത പെല്ലിഗ്രിനിയുടെ ടീം തങ്ങളും ഒരുങ്ങിയാണെന്ന് തെളിയിച്ചു. 2009-10 സീസണില്‍ റയലിന്റെ പരിശീലകനായിരുന്നു പെല്ലിഗ്രിനി. പല കാരണങ്ങളെ തുടര്‍ന്ന് പെല്ലിഗ്രിനിയെ റയല്‍ ഒരു സീസണുശേഷം ക്ലബ്ബ് വിടുകയായിരുന്നു.

റയലിനെ പരിശീലിപ്പിക്കാന്‍ കഴിഞ്ഞത് അഭിമാനമാണെന്നും അവരോട് പകരം വീട്ടണമെന്ന ആഗ്രഹം തനിക്കില്ലെന്നും പെല്ലിഗ്രിനി പറഞ്ഞു. ഈ സീസണോടെ സിറ്റിയുടെ പരിശീലക കുപ്പായം ഊരുന്ന പെല്ലിഗ്രിനിയെ യൂറോപ്പിലെ ഏറ്റവും വലിയ കിരീടത്തോടെ യാത്രയാക്കാനാകും സിറ്റി ഒരുങ്ങുന്നത്.യായ ടുറെ ഇല്ലാത്തത് സിറ്റിയുടെ മധ്യനിരയിലും ഒപ്പം മുന്നേറ്റത്തിലും ബാധിക്കും. എന്നാല്‍ നായകന്‍ വിന്‍സന്റ് കോംപാനി തിരിച്ചെത്തുന്നത് ടീമിന്റെ പ്രകടനത്തെ അടിമുടി മാറ്റും.

പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് ഡിയില്‍ രണ്ടു കളി തോറ്റെങ്കിലും ഒന്നാം സ്ഥാനക്കാരായാണ് സിറ്റി പ്രീക്വാര്‍ട്ടറിലെത്തിയത്. പ്രീക്വാര്‍ട്ടറില്‍ ഡൈനാമോ കീവിനെതിരെ കീവില്‍ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയ സിറ്റിക്ക് സ്വന്തം നാട്ടിലെ രണ്ടാം പാദത്തില്‍ വല കുലുക്കാനായില്ല. ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയപ്പോള്‍ പിഎസ്ജിയായിരുന്നു എതിരാളികള്‍. ആദ്യ പാദം പാരീസിലും എവേ ഗ്രൗണ്ടില്‍ സിറ്റി ഒരിക്കല്‍ക്കൂടി മികവ് തുടര്‍ന്നപ്പോള്‍ മത്സരം 2-2ന് സമനിലയായി. രണ്ടാം പാദത്തില്‍ ജയമോ ഗോള്‍രഹിത സമനിലയോ മതിയായിരുന്ന സിറ്റി ജയത്തോടെ തന്നെ ആദ്യ സെമിയില്‍ എത്തുകയും ചെയ്തു.

ഇരുടീമും മികച്ച ഫോമില്‍. പ്രതിരോധവും പാറപോലെ ഉറച്ചത്. ഒരു ഗോളുപോലും വാങ്ങാതിരിക്കാനാണ് റയലിന്റെയും സിറ്റിയുടെയും ശ്രമം. രണ്ടാംപാദം സ്വന്തം ഗ്രൗണ്ടില്‍ നടക്കുന്നതുകൊണ്ട് ലീഡോടെ മുന്നോട്ടു പോകാനായിരിക്കും റയല്‍ കളത്തിലെത്തുക. റയലിന്റെ വലകുലുക്കി അവരുടെ നാട്ടിലെ രണ്ടാം പാദത്തില്‍ കൂടുതല്‍ ആത്മവിശ്വാസത്തില്‍ കളിക്കുകയാണ് സിറ്റിയും ലക്ഷ്യമാക്കുന്നത്.

ഇതൊരു വളരെ പ്രധാനപ്പെട്ട മത്സരമാണ് കളിക്കാര്‍ക്കു മാത്രമല്ല ആരാധകര്‍ക്കുമെന്ന് സിറ്റി മധ്യനിരതാരം ഫെര്‍ണാണേ്ടാ പറഞ്ഞു. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരമാണ് ഇന്നത്തേതെന്നും ബ്രസീലിയന്‍ താരം പറഞ്ഞു.റയല്‍ എന്നു പറയുന്നത് റൊണാള്‍ഡോ മാത്രമല്ല, അതില്‍ ലൂകാസ് വാസ്ക്വസ്, ലൂക്ക മൊഡ്രിച്ച്, ഇസ്‌കോ, പെപെ.. എന്നിവരുമുണ്ട്. ടീമിലെ എല്ലാവരും തന്നെ മികച്ച കളിക്കാരാണ്. അവര്‍ അപകടകാരികളാകാന്‍ മിടുക്കരുമാണ് ഫെര്‍ണാണേ്ടാ പറഞ്ഞു.

വന്ന വഴി

മാഞ്ചസ്റ്റര്‍ സിറ്റി പ്രാഥമിക റൗണ്ട്

മാന്‍. സിറ്റി 1- യുവന്റസ് 2
മോണ്‍ചെന്‍ഗ്ലഡ്ബാഷ് 1- മാന്‍. സിറ്റി 2
മാന്‍. സിറ്റി 2- സെവിയ്യ 1
സെവിയ്യ 1- മാന്‍. സിറ്റി 3
യുവന്റസ് 1- മാന്‍. സിറ്റി 0
മാന്‍. സിറ്റി 4- മോണ്‍ചെന്‍ഗ്ലഡ്ബാഷ് 2

പ്രീക്വാര്‍ട്ടര്‍ ഫൈനല്‍

ഡൈനാമോ കീവ് 1- മാന്‍. സിറ്റി 3
മാന്‍. സിറ്റി 0- ഡൈനാമോ 0
രണ്ടു പാദങ്ങളിലുമായി
മാഞ്ചസ്റ്റര്‍ സിറ്റി 3-1ന് ജയിച്ചു
ക്വാര്‍ട്ടര്‍ ഫൈനല്‍
പിഎസ്ജി 2- മാന്‍. സിറ്റി 2
മാന്‍. സിറ്റി 1- പിഎസ്ജി 0
രണ്ടു പാദങ്ങളിലുമായി മാഞ്ചസ്റ്റര്‍ സിറ്റി
3-2ന് ജയിച്ചു

റയല്‍ മാഡ്രിഡ് പ്രാഥമിക റൗണ്ട്

റയല്‍ 4, ഷാക്തര്‍ 0
മാല്‍മോ 0, റയല്‍ 2
പിഎസ്ജി 0, റയല്‍ 0
റയല്‍ 1, പിഎസ്ജി 0
ഷാക്തര്‍ 3, റയല്‍ 4
റയല്‍ 8- മാല്‍മോ 0

പ്രീക്വാര്‍ട്ടര്‍

റോമ 0, റയല്‍ 2
റയല്‍ 2, റോമ 0
രണ്ടു പാദങ്ങളിലുമായി റയല്‍
4-0ന് ജയിച്ചു
ക്വാര്‍ട്ടര്‍ ഫൈനല്‍
വൂള്‍ഫ്‌സ്ബര്‍ഗ് 2, റയല്‍ 0
റയല്‍ 3, വൂള്‍ഫ്‌സ്ബര്‍ഗ് 0
രണ്ടു പാദങ്ങളിലുമായി റയല്‍ 3-2ന് ജയിച്ചു.

Related posts