വി. ശ്രീകാന്ത്
വെള്ളിത്തിരയെന്ന സ്വര്‍ഗരാജ്യത്തിലേക്കുള്ള വാതില്‍ തുറന്നു കിട്ടിയ സന്തോഷത്തിലാണ് ഈ മിടുക്കി. ബിഗ് സ്ക്രീനില്‍ സ്വര്‍ഗരാജ്യം ദൃശ്യമാകുമ്പോള്‍ നിറഞ്ഞ ചിരിയോടെ ഒരു നസ്രാണി പെണ്‍കുട്ടിയായി പ്രേക്ഷകരുടെ മനസിലേക്ക് അവള് ഇറങ്ങിച്ചെല്ലും. അതിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ നായിക റീബ മോണിക്ക ജോണ്‍ സിനിമയിലെ തന്റെ അരങ്ങേറ്റ വിശേഷങ്ങള്‍ രാഷ്ട്രദീപികയോട് പങ്കുവയ്ക്കുന്നു.
ജേക്കബിന്റെ സ്വര്‍ഗരാജ്യം
“മിടുക്കി’’ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തത് കൊണ്ട് മാത്രമാണ് സിനിമയിലേക്കുള്ള വാതില്‍ എനിക്കു മുന്നില്‍ തുറന്നത്. റിയാലിറ്റി ഷോയില്‍ ഫസ്റ്റ് റണ്ണറപ്പായിരുന്നു ഞാന്‍. ഈ ഷോ കണ്ടിട്ടാണ് നടനും ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ കാസ്റ്റിംഗ് ഡയറക്ടറുമായ ദിനേഷ് പ്രഭാകര്‍ ഈ സിനിമയെ കുറിച്ച് എന്നോട് പറയുന്നത്. നല്ലൊരു വേഷമുണ്ട് ചെയ്യാന്‍ താത്പര്യമുണ്ടോ എന്നു ചോദിച്ചു. പെട്ടെന്ന് മറുപടി പറഞ്ഞില്ലെങ്കിലും താത്പര്യക്കുറവ് കാട്ടിയില്ല.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ചിത്രത്തിന്റെ സംവിധായകന് വിനീതേട്ടന്(വിനീത് ശ്രീനിവാസന്) ഫോണില്‍ വിളിച്ച് സിനിമയുടെ കഥയും എന്റെ കഥാപാത്രത്തേയും കുറിച്ചു പറഞ്ഞു.
കഥ ഇഷ്ടപ്പെട്ടതോടെ വീട്ടില്‍ സമ്മതിക്കണമെന്നായി ഞാന്‍.
വീട്ടുകാരുടെ സമ്മതം
വീട്ടുകാരുടെ സമ്മതം ഇല്ലാതെ ഒന്നും നടക്കില്ലല്ലോ. ആദ്യമെല്ലാം സിനിമയെന്ന് പറഞ്ഞ് അമ്മയുടെ അടുത്തു ചെന്നപ്പോള്‍ ‘അതു വേണോ’ എന്നായിരുന്നു ചോദ്യം. വിനീത് ശ്രീനിവാസന്റെ സിനിമ, കുടുംബ ചിത്രം, നായകന് നിവിന്‍ പോളി എല്ലാംകൂടി ഒത്തിണങ്ങി വന്നിരിക്കുവല്ലേ അവസരം കളയണ്ടാന്ന് അമ്മ മിനി ഒടുവില്‍ പറഞ്ഞു. പിന്നെ പിന്തുണയുമായി അനിയത്തി ലിബിയും അനിയന് ഷെയ്നും കൂടെ കൂടിയതോടെ
എന്നാല്‍ ഒരു കൈ നോക്കമെന്ന് തീരുമാനിക്കുകയായിരുന്നു.
നിവിന്‍ പോളിയുടെ ബിഗ് ഫാന്‍
ആരാധനാ പുരുഷനോടൊപ്പം അഭിനയിക്കുക എന്നത് ഒരു ഭാഗ്യം അല്ലേ. നിവിന്‍ പോളിയുടെ ഒരു സിനിമ പോലും ഞാന്‍ കാണാതെ വിട്ടിട്ടില്ല. നിവിന്റെ നായികയാണെന്നു കേട്ടപ്പോള്‍ തന്നെ ആകാംക്ഷയായി. നിവിനെ കാണാലോ സംസാരിക്കാലോ എന്നായിരുന്നു ആദ്യം മനസിലോര്‍ത്തത്. ആദ്യ ടേക്കും നിവിനോടൊപ്പമുള്ള കോമ്പിനേഷന്‍ സീന്‍ തന്നെയായിരുന്നു. വളരെ സപ്പോര്‍ട്ടീവായ ആളാണ് നിവിന്‍ പോളി. ആദ്യമായിട്ടാണ് അഭിനയിക്കുന്നത് അതിന്റേതായ പ്രശ്നം കാണുമെന്നെല്ലാം പറഞ്ഞപ്പോള്‍. ഒട്ടും പേടിക്കണ്ട ആവശ്യത്തിന് സമയം എടുത്തോളു, എല്ലാം ശരിയാകുമെടോ എന്നായിരുന്നു മറുപടി. ഇത്ര സിമ്പിളാണ് ആളെന്ന് അപ്പോഴാണ് മനസിലായത്.
അജുവിന്റെ പുതിയ മുഖം
സിനിമയില്‍ കോമഡിയെല്ലാം പറഞ്ഞ് രസിപ്പിക്കാറുള്ള ആളുടെ പുതിയ മുഖമായിരുന്നു ലൊക്കേഷനില്‍ കണ്ടത്. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ആണല്ലോ അജുവേട്ടന് (അജു വര്‍ഗീസ്). ഷോട്ട് കഴിഞ്ഞിട്ടുള്ള ഇടവേളകളില്‍ അടുത്തുവന്ന് പേടിക്കണ്ടാട്ടോ… കൂളായി അങ്ങ് അഭിനയിച്ചാല്‍ മതി എല്ലാം ശരിയായിക്കോളും എന്നെല്ലാം പറഞ്ഞ് അങ്ങ് പോകും. ആള് നല്ല ജോളി ടൈപ്പാണ്.
വിനീതേട്ടന് കൂളാണ്
ഇതൊരു റൊമാന്റിക് ചിത്രമല്ല, കുടുംബ ചിത്രമാണ്. അതുകൊണ്ട് അഭിനയിക്കാന്‍ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ അല്ലേ എന്നാണ് വിനീതേട്ടന് ആദ്യം ചോദിക്കുന്നത്. ഒരു ഹീറോയിന് വേഷമെന്നതിലുപരി ചിപ്പിയെന്ന കഥാപാത്രത്തിന് ചിത്രത്തില്‍ അതിന്റേതായ പ്രാധാന്യം ഉണ്ടെന്ന് വിനീതേട്ടന് പറഞ്ഞത്. പിന്നെ ലൊക്കേഷനില്‍ ചെന്നപ്പോള്‍ തന്ന പിന്തുണ അത് പറഞ്ഞറിയിക്കാന്‍ പറ്റില്ല. ടെന്‍ഷനില്ലാതെ ചിപ്പിയെന്ന കഥാപാത്രത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ സഹായിച്ചത് വിനീതേട്ടന് കാരണമാണ്. ലൊക്കേഷനില്‍ എത്ര കൂളായാണ് വിനീതേട്ടന് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതെന്ന് കണ്ട് അതിശയിച്ചു നിന്നിട്ടുണ്ട് ഞാന്‍.
ചിപ്പിയും റീബയും
എന്റെ സ്വഭാവവുമായി കുറച്ചൊക്കെ സാമ്യമുണ്ടെങ്കിലും ചിപ്പി എന്നേക്കാള്‍ പക്വതയുള്ള ഒരു പെണ്‍കുട്ടിയാണ്. ദുബായിയിലെ ഷൂട്ടെല്ലാം കഴിഞ്ഞപ്പോള്‍ സെറ്റിലുള്ള എല്ലാവരും പറഞ്ഞത് നന്നായി ചെയ്തൂട്ടോ എന്നാണ്. ജെറിന്റെ (നിവിന്‍ പോളി) കാമുകിയാണ്ചിപ്പി. അത്രമാത്രം മതി ഇപ്പോള്‍. കഥാപാത്രത്തെ കുറിച്ച് കൂടുതല്‍ പറഞ്ഞാല്‍ സസ്പെന്‍സ് പോകില്ലേ. എന്നാല്‍ കഴിയും വിധം ചിപ്പിയായി മാറാന്‍ ശ്രമിച്ചിട്ടുണ്ട്.
റിലീസിനായുള്ള കാത്തിരിപ്പ്
ചിത്രത്തിന്റെ ട്രെയിലറിന് നല്ല സ്വീകാര്യതയാണ് കിട്ടിയത്. പിന്നെ വിനീത് ശ്രീനിവാസന് ചിത്രമെന്നു പറയുമ്പോള്‍ എല്ലാവര്ക്കും ഒരു പ്രതീക്ഷയുണ്ടല്ലോ. അത് തന്നെയാണ് സിനിമയുടെ പ്ലസ് പോയിന്റ്. സിനിമാ നടി ആകണമെന്ന് സ്വപ്നത്തില്‍ പോലും ആഗ്രഹിക്കാത്തയാളാണ് ഞാന്‍. അവസരം വന്നപ്പോള്‍ അഭിനയിച്ചു എന്നു മാത്രം. ചിപ്പിയെ എങ്ങനെയാവും പ്രേക്ഷകര്‍ സ്വീകരിക്കുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോള്‍… ഒപ്പം ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ ഓരോരുത്തരേയും. ഏപ്രില്‍ എട്ടിന് ചിത്രം തിയറ്ററുകളിലെത്തും. പിന്നെയെല്ലാം പ്രേക്ഷകരുടെ കൈയിലാണ്. അവര്‍ ഇരു കൈയും നീട്ടി ചിത്രം സ്വീകരിക്കുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്.