നെയ്യാറ്റിന്‍കര: റേഷന്‍ കടകളില്‍ ഓണക്കാലത്ത് കൃത്യമായ അളവിലും തൂക്കത്തിലും സാധനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന കാര്യത്തില്‍ അധികൃതര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് റേഷനിംഗ് ഓഫീസര്‍. കഴിഞ്ഞ ദിവസം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ കൗണ്‍സിലര്‍മാരുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
റേഷന്‍ കടകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടും വകുപ്പിനെ സംബന്ധിച്ചും വിവിധ തരത്തിലുള്ള ആക്ഷേപങ്ങളുയരുന്നതായി ചില കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. നഗരസഭ പരിധിയില്‍ ആകെ 50 റേഷന്‍ കടകളാണ് നിലവിലുള്ളതെന്ന് ഇന്‍സ്പെക്ടര്‍ അറിയിച്ചു. രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം നാലു മുതല്‍ രാത്രി എട്ടു വരെയുമാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം. കടകളുടെ നെയിം ബോര്‍ഡിനു സമീപം തന്നെ ഈ വിവരം രേഖപ്പെടുത്തിയിട്ടുമുണ്ട്. സമയക്രമം പാലിക്കാത്ത റേഷന്‍ കടകളെക്കറിച്ച് പരാതിപ്പെടാം.
സാധനങ്ങളുടെ അളവും തൂക്കവും കുറഞ്ഞാണ് ലഭിക്കുന്നതെങ്കിലും അധികൃതര്‍ക്ക് പരാതി നല്‍കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണക്കാലത്ത് ഗുണഭോക്താക്കള്‍ക്ക് കൃത്യമായ അളവിലും തൂക്കത്തിലും സാധനങ്ങള്‍ വിതരണം ചെയ്യുന്നതു പരിശോധിക്കാനും മറ്റും പ്രത്യേക സ്ക്വാഡുകള്‍ വരെ രൂപീകരിച്ചിട്ടുണ്ട്. കണ്ട്രോളറുടെയും ഡിഎസ്ഒ യുടെയും നേതൃത്വ ത്തിലുള്ള സ്ക്വാഡുകളും സജീവമാണെന്നും റേഷനിംഗ് ഓഫീസര്‍ രാഷ്ട്രദീപിക യോട് പറഞ്ഞു.