റേഷന്‍ വിതരണക്കാരുടെ ആവശ്യങ്ങള്‍ പരിഹരിക്കണം: മന്ത്രി അടൂര്‍ പ്രകാശ്

alp-adoorprakashഅടൂര്‍: റേഷന്‍ വിതരണക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കപ്പെടണമെന്നു മന്ത്രി അടൂര്‍ പ്രകാശ്. ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം അടൂര്‍ ലോഗോസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ മേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാതെ പൊതുവിതരണ സംവിധാനം ശക്തമാക്കണം. താന്‍ വകുപ്പു മന്ത്രിയായിരിക്കുമ്പോള്‍ വ്യക്തി താത്പര്യത്തെക്കാള്‍ ജനങ്ങളുടെ താത്പര്യത്തിനാണ് പ്രാധാന്യം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ കെ.ആര്‍ അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തു മാതൃകാപരമായ പൊതുവിതരണ സമ്പ്രദായം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, ആനി വര്‍ഗീസ്, എ.ആര്‍ ബാലന്‍, പറക്കോട് അന്‍സാരി, ആര്‍ അനിരുദ്ധന്‍പിള്ള, ആന്റണി പാലക്കുഴി, എ. ഷാജഹാന്‍, അഡ്വ. മണ്ണടി അനില്‍, ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.

‘ഭക്ഷ്യസുരക്ഷാ പദ്ധതി-നേട്ടങ്ങളും കോട്ടങ്ങളും’ എന്ന വിഷയത്തില്‍ ശില്‍പശാല നടത്തി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അടൂര്‍ ഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെ.വി സുരേഷ് കുമാര്‍, പി.ജെ ജോസഫ്കുഞ്ഞ്, സിംസണ്‍ മാത്യു, എന്‍.ബി. ശിവദാസ്, ഭദ്രന്‍ കല്ലായിക്കല്‍ എന്നിവര്‍ പങ്കെടുത്തു. ഭാരവാഹികളായി കെ.ആര്‍ അരവിന്ദാക്ഷന്‍ പ്രസിഡന്റ്, അടൂര്‍ ഗോപാലന്‍ നായര്‍, എ.ആര്‍. ബാലന്‍ – വര്‍ക്കിംഗ് പ്രസിഡന്റ്, എ. ഷാജഹാന്‍ – സെക്രട്ടറി, സോമന്‍ കിടാരക്കുഴി – ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

Related posts