
കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ്മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ലൈഫ് മിഷന് സിഇഒ യു.വി. ജോസിന്റെ മൊഴിയെടുത്തു.
കഴിഞ്ഞ ആഴ്ച്ച കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് മൊഴി എടുത്തത്. പദ്ധതി കരാറില്‍ റെഡ് ക്രസന്റുമായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ധാരണപത്രത്തില്‍ ഒപ്പുവച്ചത് യു.വി. ജോസാണ്. ഈ നിലയ്ക്കാണ് ഇഡി അദേഹത്തില്നിന്ന് മൊഴിയെടുത്തത്.
ലൈഫ് മിഷന് പദ്ധതിയില്‍ വടക്കാഞ്ചേരിയില്‍ സര്‍ക്കാരിന്റെ രണ്ടേക്കറില്‍ 140 ഫ്ളാറ്റ് നിര്‍മിക്കാന്‍ കരാര്‍ നല്‍കിയതിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്ക് കമ്മിഷന് നല്‍കിയതായി യൂണിടാക് നിര്മാണക്കമ്പനിയുടമ സന്തോഷ് ഈപ്പന് വെളിപ്പെടുത്തിയിരുന്നു.
ഈ പദ്ധതിക്കായി സാമ്പത്തിക സഹായം നല്‍കിയത് റെഡ് ക്രസന്റാണ്. നാലേകാല്‍ കോടി രൂപയോളം കമ്മീഷനായി നഷ്ടപ്പെട്ടെന്നാണ് ആക്ഷേപം.
ഇതു സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചറിയുന്നതിനാണ് ജോസിന്റെ മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ മൊഴിയിലെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഇഡിയോ യു.വി. ജോസോ തയാറായില്ല.
വിവാദം മുറുകിയ പശ്ചാത്തലത്തില്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിപ്പിച്ചു പരിശോധിച്ചിരുന്നു. റെഡ് ക്രസന്റുമായി ബന്ധപ്പെട്ട നിയമവകുപ്പിലെയും തദേശവകുപ്പിലെയും ഫയലുകളാണ് വിളിപ്പിച്ചത്.
നടപടിക്രമം പാലിക്കാതെ ധാരണാപത്രത്തില്‍ ഒപ്പിട്ടുവെന്ന ആരോപണം ശരിയാണോ എന്നു കണ്ടെത്തുന്നതിനായിരുന്നു ഫയലുകള്‍ ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ലൈഫ് മിഷനെങ്കിലും ഇതിന്റെ ഫയലുകള്‍ കൈകാര്യം ചെയ്തത് തദേശഭരണവകുപ്പാണ്. അതിനാല്‍ തദേശഭരണ മന്ത്രി എ.സി. മൊയ്തീനും ഫയലുകള്‍ ശേഖരിച്ച് പരിശോധന നടത്തി.