വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിര്‍മാണത്തോടൊപ്പം പന്നിയങ്കര മുതല്‍ വാണിയമ്പാറ വരെയുള്ള ഭാഗത്ത് സര്‍വീസ് റോഡും യു ടേണും പന്തലാംപാടം സ്കൂള്‍ സ്റ്റോപ്പില്‍ റോഡിനു മുകളിലൂടെ നടപ്പാതയും വേണമെന്ന പ്രദേശവാസികളുടെയും സ്കൂള്‍ അധികൃതരുടെയും ആവശ്യത്തിന്മേല് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്ന് പി.കെ.ബിജു എംപി തൃശൂര്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് പന്തലാംപാടം മേരിമാതാ എച്ച്എസ്എസിലെ പ്രധാനാധ്യാപകന് സണ്ണി എന്‍.ജേക്കബ്, പിടിഎ പ്രസിഡന്റ് വി.കെ.സണ്ണി, കെ.ആര്.രാജന് എന്നിവര്‍ നല്കിയ നിവേദനത്തെ തുടര്‍ന്നാണ് എംപി കളക്ടറെ വിളിച്ച് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയത്. ആറുവരിപ്പാത നിര്‍മാണം കൊടുങ്ങല്ലൂര്‍ ചീഫ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കീഴില്‍ വരുന്നതിനാല്‍ തൃശൂര്‍ കളക്ടറുടെ അധികാരപരിധിയിലാണ് വിഷയം വരുന്നത്.
നിവേദകസംഘം പാലക്കാട് കളക്ടര്‍ക്കാണ് പരാതി നല്‍കിയത്. ഈ പരാതിയിന്മേല് നടപടികള്‍ക്കായി നാഷണല്‍ ഹൈവേ അഥോറിറ്റിക്ക് കൈമാറിയിട്ടുണ്ടെന്നും പ്രധാനാധ്യാപകന് സണ്ണി ജേക്കബ് പറഞ്ഞു. അതേസമയം സര്‍വീസ് റോഡും യുടേണും സ്കൂള്‍ സ്റ്റോപ്പില്‍ നടപ്പാലവും വേണമെന്ന ആവശ്യത്തില്‍ നാട്ടുകാരുടെ ആക്്ഷന്‍ കൗണ്‍സില്‍ പ്രത്യക്ഷ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്.