വണ്ടാനം മെഡിക്കല്‍ കോളജിലെ ആര്‍ഒ പ്ലാന്റില്‍ തര്‍ക്കങ്ങള്‍ പതിവാകുന്നു

alp-plantആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ സ്ഥാപിച്ച ആര്‍ഒ പ്ലാന്റില്‍നിന്നും വെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ടു തര്‍ക്കങ്ങള്‍ പതിവാകുന്നു. ആശുപത്രിയിലെത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കുമായി സ്ഥാപിച്ച പ്ലാന്റില്‍നിന്നും പുറത്തുനിന്നും കന്നാസുകളും മറ്റുമായി എത്തുന്നവര്‍ വെള്ളമെടുക്കുന്നതിനെച്ചൊല്ലിയാണ് പലപ്പോഴും തര്‍ക്കങ്ങള്‍ പതിവാകുന്നത്.

കഴിഞ്ഞയിടെ പുറത്തുനിന്നും ബൈക്കില്‍ രണ്ടു കന്നാസുകളുമായെത്തിയ യുവാക്കള്‍ വെള്ളമെടുത്തത് ചോദ്യം ചെയ്ത ആശുപത്രിയില്‍ രോഗിക്കു കൂട്ടിരിപ്പിനെത്തിയ മധ്യവയസ്കനു നേരേ അസഭ്യവര്‍ഷങ്ങള്‍ മുഴക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണമുണ്ട്. പ്ലാന്റിനു മുമ്പില്‍ കുപ്പികളില്‍ മാത്രമേ വെള്ളമെടുക്കാവൂ എന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിലും നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാറില്ല. കനത്ത വെയിലത്തു ക്യൂ നിന്ന് ആളുകള്‍ വെള്ളമെടുക്കുമ്പോള്‍ ക്യൂ തെറ്റിച്ചെത്തുന്നവര്‍മൂലവും തര്‍ക്കങ്ങള്‍ പതിവാണ്.

ആശുപത്രി ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും തമ്മില്‍ ക്യൂ തെറ്റിക്കുന്നതിനെച്ചൊല്ലി വാക്കുതര്‍ക്കവും ഇവിടെ പതിവാണ്. മിക്കവാറും ദിവസങ്ങളില്‍ ഇവിടെ തര്‍ക്കങ്ങള്‍ ഉണ്ടാകുമ്പോഴും അധികൃതര്‍ അലംഭാവം കാണിക്കുകയാണെന്നാണ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പറയുന്നത്. തര്‍ക്കങ്ങളും മറ്റും ഒഴിവാക്കാന്‍ ആര്‍ഒ പ്ലാന്റില്‍ സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

Related posts