ഓൺലൈൻ പ്രണയത്തട്ടിപ്പിൽ വീണ് പണം നഷ്ടമായവർ അനവധിയാണ്. ഇപ്പോഴിതാ അത്തരത്തിലൊരു വാർത്തയാണ് പുറത്ത് വരുന്നത്. മുംബൈയിലാണ് സംഭവം. 80-കാരനായ വൃദ്ധൻ സോഷ്യൽ മീഡിയ വഴി ഒരു യുവതിയുമായി സൗഹൃദത്തിലാവുകയും അവർക്ക് 9 കോടിയോളം അയച്ച് കൊടുക്കുകയും ചെയ്ത വാർത്തയാണ് ഇത്. കേൾക്കുന്പോൾ ഒരു സിനിമ കഥ എന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്.
2023 ഏപ്രിലിലാണ് സംഭവം. ഫേസ്ബുക്കിൽ ‘ഷർവി’ എന്ന സ്ത്രീക്ക് 80-കാരൻ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. എന്നാൽ അവർ ആദ്യം ആ റിക്വസ്റ്റ് അക്സപ്റ്റ് ചെയ്യാതെ ഡിലീറ്റ് ചെയ്തു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം അതേ സ്ത്രീ വയോധികൻ ഇങ്ങോട്ട് റിക്വസ്റ്റ് അയയ്ക്കാൻ തുടങ്ങി. അത് പിന്നെ സൗഹൃദത്തിലെത്തി. അങ്ങനെ നമ്പർ പരസ്പരം കൈമാറി. സംഭാഷണം പിന്നീട് വാട്ട്സ്ആപ്പിലെത്തി, ക്രമേണ ഇരുവരും തമ്മിൽ കൂടുതൽ അടുത്തു.
സംസാരം തുടരുന്നതിനിടയിൽ അവർ വിവാഹമോചിതയാണെന്നും രണ്ട് കുട്ടികളുടെ അമ്മയാണെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും വൃദ്ധനോട് പറഞ്ഞു. ഇവരുടെ സങ്കടം കണ്ട് മനസ് അലിവ് തോന്നി അയാൾ പണം അയച്ചുകൊടുത്തു. പി്നീട് ഇവർക്കിടയിലേക്ക് ‘കവിത’ എന്ന സ്ത്രീയും കടന്നു വന്നു അവർ അശ്ലീല സന്ദേശങ്ങൾ അയച്ച് ഇയാളുമായി കൂട്ട് കൂടി. ശേഷം, തന്റെ രോഗിയായ കുട്ടിയുടെ ചികിത്സയുടെ പേരിൽ പണം ആവശ്യപ്പെട്ടു.
തുടർന്ന് ഷാർവിയുടെ സഹോദരിയാണെന്ന് അവകാശപ്പെട്ട് ‘ദിനാസ്’ രംഗത്തെത്തി. ഷാർവി ഇനി ഈ ലോകത്തിലില്ലെന്നും. ആശുപത്രി ബില്ല് അടയ്ക്കാനെന്ന പേരിൽ വൃദ്ധനിൽ നിന്ന് പണം തട്ടിയെടുക്കുകയും പണം തിരികെ ചോദിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിനുശേഷം, ദിനാസിന്റെ സുഹൃത്താണെന്ന് അവകാശപ്പെട്ട് ‘ജാസ്മിൻ’ എന്ന സ്ത്രീ മുന്നോട്ടുവന്ന് സഹായം അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും വൃദ്ധന്റെ കൈയിലുള്ള പണം തീർന്നു പോയിരുന്നു. 2023 ഏപ്രിൽ മുതൽ 2025 ജനുവരി വരെ, വൃദ്ധൻ ആകെ 8.7 കോടി രൂപ കൈമാറ്റം ചെയ്തു. പണം കൊടുക്കാൻ വേണ്ടി ഇയാൾ മരുമകളിൽ നിന്ന് രണ്ട് ലക്ഷം കടം വാങ്ങി, മകനിൽ നിന്ന് അഞ്ച് ലക്ഷം ചോദിച്ചു.
എന്നാൽ മകന് സംശയം വരികയും ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തു. സത്യങ്ങൾ ഓരോന്നായി പറയാൻ തുടങ്ങിയപ്പോഴേക്കും മകൻ ഞെട്ടിപ്പോയി. പിതാവ് ചതിക്കപ്പെടുകയായിരുന്നു എന്നും പറ്റിക്കപ്പെട്ടെന്നും മകൻ പറഞ്ഞതോടെ വൃദ്ധൻ ഞെട്ടിപ്പോയി അവസാനം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു.
സംഭവം പോലീസിൽ അറിയിക്കുകയും അവർ അന്വേഷണം ഊർജിതമാക്കുകയും ചെയ്തു. പോലീസ് അന്വേഷണത്തിൽ നാല് സ്ത്രീകളുടെ പേരുകൾ പുറത്തുവന്നു. എന്നാൽ ഈ ഐഡന്റിറ്റികളെല്ലാം ഒരേ തട്ടിപ്പുകാരന്റേതാകാമെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി അന്വേഷണം ശക്തമാക്കി.