ഗുരുവായൂര്‍: മുല്ലപ്പൂചൂടി കേരളീയ വേഷമണിഞ്ഞ് വനിതാദിനത്തില്‍ നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രഫ. പി.കെ. ശാന്തകുമാരി ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാ കൗണ്‍സിലര്‍മാര്‍ക്കും മുല്ലപ്പൂ നല്കി. തുടര്‍ന്ന് നല്കിയ വനിതാദിന സന്ദേശത്തില്‍ സ്ത്രീകള്‍ ഇപ്പോഴും മാറ്റി നിര്‍ത്തപ്പെടുകയാണെന്നും ഇച്ഛാശക്തിയിലും ബുദ്ധിശക്തിയിലും, ആത്മബലത്തിലും പുരുഷനൊപ്പംതന്നെയാണ് സ്ത്രീകളെന്നും ഞങ്ങള്‍ മാറ്റിനിര്ത്തപ്പെടേണ്ടതല്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു.
അന്തരിച്ച നടന് കലാഭവന്‍ മണിക്ക് അനുശോചനം അര്‍പ്പിച്ചാണ് കൗണ്‍സില്‍ യോഗം ആരംഭിച്ചത്. പുരുഷ കൗണ്‍സിലര്‍മാര്‍ പിന്‍നിരയിലേക്ക് വന്ന് സ്ത്രീകള്‍ക്ക് മുന്‍നിരയില്‍ ഇരിക്കാന്‍ സൗകര്യമൊരുക്കി. തുടര്‍ന്നാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. സ്ത്രീ സൗഹര്‍ദ ദിനവുമായി ബന്ധപ്പെട്ട് പരിപാടി പ്രതിപക്ഷ വനിതാ കൗണ്‍സിലര്‍മാരെ അറിയിച്ചില്ലെന്നാരോപിച്ച് കോണ്‍ഗ്രസ് അംഗം ലതാ പ്രേമന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വനിതാ കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
യുഡിഎഫ് നേതാവ് ആന്റോ തോമസ് സംസാരിക്കാനെഴുന്നേറ്റപ്പോള്‍ സ്ത്രീകള്‍ക്ക് ആദ്യം അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷികള്‍ ബഹളം വച്ചു. തുടര്‍ന്ന് വനിതാദിനത്തിന്റെ പ്രാധാന്യവും അവര്‍ക്കു ലഭിക്കേണ്ട പരിഗണനയും ചൂണ്ടികാട്ടി ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കൗണ്‍സിര്‍മാരായ ശോഭ ഹരിനാരായണന്, എം.രതി, രതി ജനാര്ദ്ധനന്, നിര്‍മലാ കേരളന്‍, രേവതി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.