വന്‍ പരാജയമായി ധോണിയുടെ ടീം

sp-doniഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്രാഥമിക റൗണ്ട് അവസാനിക്കുമ്പോള്‍ ഏറ്റവും വലിയ പരാജയമായി മാറിയ ടീം ഏതെന്നു ചോദിച്ചാല്‍ ഒറ്റവാക്കില്‍ പറയാന്‍ കഴിയുന്നത് മഹേന്ദ്രസിംഗ് ധോണിയുടെ ടീം പൂന സൂപ്പര്‍ ജയന്റ്‌സ് എന്നാണ്. 14 കളികളില്‍നിന്ന് അഞ്ചു ജയമുള്ള ടീമിന് കേവലം 10 പോയിന്റാണു ലഭിച്ചത്. ഒമ്പതു മത്സരങ്ങളിലും പരാജയപ്പെട്ടു. ഏഴാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ട ടീം അവസാന മത്സരത്തില്‍ മഹേന്ദ്രസിംഗ് ധോണിയുടെ അവിശ്വസനീയ പ്രകടനംകൊണ്ടാണ് വിജയിച്ചത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകസ്ഥാനത്തുനിന്ന് പൂനയുടെ നായകനായപ്പോള്‍ ധോണിക്ക് വേണ്ടത്ര ശോഭിക്കാനായില്ല.

കൂടാതെ കൂനിന്മേല്‍ കുരു എന്നു പറഞ്ഞപോലെ അവരുടെ മികച്ച താരങ്ങളായ ഫാഫ് ഡുപ്ലസി, സ്റ്റീവന്‍ സ്മിത്ത്, കെവിന്‍ പീറ്റേഴ്‌സണ്‍, മിച്ചല്‍ മാര്‍ഷ് തുടങ്ങിയവര്‍ വിവിധ ഘട്ടങ്ങളില്‍ പിന്മാറിയതും തിരിച്ചടിയായി. ബൗളിംഗ് നിരയില്‍ ആര്‍. അശ്വിന്‍ സമ്പൂര്‍ണ പരാജയമായി. ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ആദം സാംബയുടെ മികച്ച ബൗളിംഗാണ് പൂനയെ ശ്രദ്ധേയമാക്കിയത്. സീസണിലെ ഏറ്റവും മികച്ച പ്രകടനം സാംബയുടേതാണ്. സണ്‍ റൈസേഴ്‌സിനെതിരേ 19 റണ്‍സ് വഴങ്ങി ആറു വിക്കറ്റാണ് സാംബ സ്വന്തമാക്കിയത്. വരുന്ന വര്‍ഷങ്ങളില്‍ ടീം കൂടുതല്‍ മികവു പുലര്‍ത്തുമെന്നു കരുതാം.

സ്ഥിരതയില്ലാത്ത മുംബൈ

പതിന്നാല് മത്സരങ്ങള്‍, ഏഴില്‍ വീതം ജയ-പരാജയങ്ങള്‍. ഫിനിഷ് ചെയ്തത് അഞ്ചാമതായി. ഏഴു വര്‍ഷത്തിനിടെ ആദ്യമായി പ്ലേ ഓഫ് കാണാതെ നിലവിലെ ചാമ്പ്യന്മാരായ മുംബൈ പുറത്ത്. സ്ഥിരതയില്ലായ്മയും പരിക്കുമായിരുന്നു ഇത്തവണ മുംബൈക്കു തിരിച്ചടിയായത്.
സ്റ്റാര്‍ ബൗളര്‍ ലസിത് മലിംഗയും ഓപ്പണര്‍ ലെന്‍ഡല്‍ സിമ്മണ്‍സും ഇല്ലാതെയാണ് സീസണ്‍ തുടങ്ങിയത്. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്ത പാര്‍ഥിവ് പട്ടേല്‍ തികഞ്ഞ പരാജയമായി. വെടിക്കെട്ട് ഓള്‍റൗണ്ടറായ കോറി ആന്‍ഡേഴ്‌സണ് ഒറു മത്സരത്തില്‍പ്പോലും ഇടം ലഭിച്ചില്ല.

പലപ്പോഴും മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറക്കിയ ഹര്‍ദിക് പാണ്ഡ്യക്കാകട്ടെ ഒരിക്കല്‍പ്പോലും തിളങ്ങാനായില്ല. 3.2 കോടി മുടക്കി ടീമിലെത്തിച്ച നിഗൂഢബൗളര്‍ നാഥു സിംഗിനും ഒരു മത്സരത്തില്‍പ്പോലും അവസരം നല്‍കാത്തത് എന്തേ എന്ന ചോദ്യം ബാക്കി.
വന്‍കിട താരങ്ങളാരും മുടക്കുമുതലിനൊത്ത പ്രകടനം കാഴ്ചവച്ചില്ല. 300 റണ്‍സിനു മേല്‍ റണ്‍സ്‌സ്വന്തമാക്കിയത് രോഹ്തി ശര്‍മയും (489) അമ്പാട്ടി റായുഡുവും(334) മാത്രമാണ്.

3.8 കോടി വിലകൊടുത്തു വാങ്ങിയ ജോസ് ബട്‌ലര്‍ സമ്പൂര്‍ണ പരാജയമായി. 41 ആണ് ബട്‌ലറുടെ മികച്ച സ്‌കോര്‍. കെയ്്‌റോണ്‍ പൊളാര്‍ഡും അവിശ്വസനീയ പ്രകടനങ്ങളൊന്നും നടത്തിയില്ല. പൂന സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലെ തോല്‍വിയോടെ തുടങ്ങിയ മുംബൈ ഗുജറാത്ത് ലയണ്‍സിനെതിരേ ആറു വിക്കറ്റ് തോല്‍വിയോടെയാണ് സീസണ്‍ അവസാനിപ്പിക്കുന്നത്.

ഡല്‍ഹിയെ 80 റണ്‍സിനു പരാജയപ്പെടുത്തിയതാണ് സീസണിലെ മികച്ച വിജയം. സണ്‍റൈസേഴ്‌സിനെതിരേ വന്‍ പരാജയം നേരിട്ടതാവട്ടെ നാമക്കേടുമായി. ബോളിംഗില്‍ മിച്ചല്‍ മക്്ക്ലനേഗന്റെ പ്രകടനം മാത്രമാണ് എടുത്തു പറയാനുള്ളത്. 19 വിക്കറ്റുകള്‍ അദ്ദേഹം കീശയിലാക്കി. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് മുംബൈയുടെ ഏറ്റവും വലിയ പരാജയം. ലോകകപ്പില്‍ മിന്നും പ്രകടനം പുറത്തെടുത്ത അദ്ദേഹം ഒമ്പതു മത്സരങ്ങളില്‍നിന്ന് 44 റണ്‍സാണ് നേടിയത്. കിട്ടിയതാകട്ടെ മൂന്നു വിക്കറ്റും.

Related posts