തിരുവനന്തപുരം: വര്‍ക്കലയില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയായ ദളിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ കാമുകനടക്കം മൂന്നുപേര്‍ പിടിയില്‍. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി ഇന്ന് മജിസ്ട്രേട്ട് രേഖപ്പെടുത്തും. വര്‍ക്കല ഒന്നാംക്ലാസ് മജിസ്ട്രേട്ട് ആര്.രാജേഷ് ഇന്ന് ഉച്ചക്ക് ശേഷം ആശുപത്രിയിലെത്തി പെണ്‍കുട്ടിയില്‍ നിന്നും മൊഴി രേഖപ്പെടുത്തും.
മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട കാമുകനെ ഇന്നലെ ആദ്യമായാണ് കണ്ടതെന്ന് പെണ്‍കുട്ടി പോലീസിനോട് മൊഴി നല്‍കിയിരുന്നു. വര്‍ക്കലയില്‍ നഴ്സിംഗ് പഠനം നടത്തുന്ന തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയെ കാമുകന് വശീകരിച്ച് ഇന്നലെ രാവിലെ കൊല്ലത്ത് കൊണ്ട് പോയിരുന്നു.
കൊല്ലത്ത് ചുറ്റി കറങ്ങിയ ശേഷം സിനിമ കാണാനായിരുന്നു പദ്ധതിയിട്ടിരുന്നത്. കൊല്ലത്തെ സിനിമാ തീയേറ്ററില്‍ എത്തിയപ്പോള്‍ സിനിമ തുടങ്ങിയിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കഴക്കൂട്ടത്ത് എത്തിയ്ക്കാമെന്ന് പറഞ്ഞ് കാമുകനും രണ്ട് സുഹൃത്തുക്കളും ഓട്ടോറിക്ഷയില്‍ വര്‍ക്കലയിലെ വിജനമായ സ്ഥലത്തെത്തിച്ചു. അവിടെ വച്ച് ആദ്യം കാമുകന് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് രണ്ട് സുഹൃത്തുക്കളും പീഡിപ്പിച്ചു. പീഡനത്തിനിടെ അപസ്മാര ബാധ ഉണ്ടായപ്പോള്‍ കാമുകന്റെ ഒരു സുഹൃത്ത് ദേഹോപദ്രവമേല്‍പ്പിച്ചുവെന്നും പെണ്‍കുട്ടി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
വര്‍ക്കല അയന്തി ഭാഗത്ത് ഓട്ടോറിക്ഷയില്‍ ഒരു പെണ്‍കുട്ടിയുമായി മൂന്നു യുവാക്കള്‍ ഏറെ നേരമായി ചുറ്റികറങ്ങുന്നത് കണ്ട നാട്ടുകാര്‍ വര്‍ക്കല പോലീസില്‍ വിവരം അറിയിച്ചു. ഇന്നലെ വൈകിട്ട് 5.30ന് പോലീസ് അയന്തി ഭാഗത്ത് എത്തിയപ്പോള്‍ ഓട്ടോറിക്ഷയില്‍ അവശ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. കാമുകനും സുഹൃത്തുക്കളും ഇതിനിടെ കടന്ന് കളഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ വസ്ത്രം അഴിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് വര്‍ക്കലയിലെ സ്വകാര്യാശുപത്രിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ പോലീസിന് നല്കിയ മൊഴിയിലാണ് കാമുകനും സുഹൃത്തുക്കളും തന്നെ കൂട്ടമാനഭംഗത്തിനിരയാക്കിയ വിവരം പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇന്നലെ രാത്രിയോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി പോലീസ് എത്തിക്കുകയായിരുന്നു. പെണ്‍കുട്ടി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കാമുകന്റെയും സുഹൃത്തുക്കളുടെയും ജീവിത പശ്ചാത്തലം മോശമാണെന്ന് പോലീസിന് വിവരം കിട്ടി. പ്രതികളില്‍ ഒരാള്‍ മോഷണം, പിടിച്ചുപറി കേസുകളിലെ പ്രതിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.