ജോലി വല്യ മാളില്‍. അപ്പോള്‍ കുറച്ചു പ്രകൃതി സ്്നേഹം ആകാമെന്നു കരുതിയാണ് ചെടി നട്ടത്. പോലീസ് വന്നു വിലങ്ങു വച്ചു കൊണ്ടുപോയപ്പോഴാണ് നട്ടുവളര്‍ത്തിയത് കഞ്ചാവാണെന്ന് അയല്‍ക്കാരും അറിയുന്നത്. കൊച്ചി നഗരത്തിലാണ് സംഭവം.
എറണാകുളം നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ മുറ്റത്ത് കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയതിന് എട്ടു യുവാക്കളാണ് പിടിയിലായത്. അയ്യപ്പന്‍കാവ് പവര്‍ഹൗസ് റോഡ് കെ.കെ. പത്മനാഭന് റോഡിലെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന യുവാക്കളാണ് പിടിയിലായത്. വടുതല സ്വദേശി കണ്ണന് (23), കൊല്ലം സ്വദേശികളായ യദു കൃഷ്ണന് (23), അജേഷ് (23), പാലക്കാട് സ്വദേശി വിഷ്ണു (20), ജെയ്സണ്‍ (22), സായി ശങ്കര്‍ (25), അരുണ്‍ രാജ് (20), അമല്‍ബാബു (19) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവര്‍ എറണാകുളം നഗരത്തിലെ മാളിലെ ജീവനക്കാരാണ്.
ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ഇന്നലെ വൈകുന്നേരം ഇവരുടെ താമസസ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ വീടിന്റെ മുമ്പിലെ പറമ്പില്‍ നട്ടുവളര്‍ത്തിയ നിലയില്‍ കഞ്ചാവു ചെടി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ സൂക്ഷിച്ചനിലയില്‍ കഞ്ചാവും കഞ്ചാവ് വലിക്കുന്നതിന് തയാറാക്കിയ ഹുക്കകളും പിടിച്ചെടുത്തു. ഹുക്കകള്ക്കു പുറമേ പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് തയാറാക്കിയ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ.വി. വിജയന്, സെന്‍ട്രല്‍ പോലീസ് എസ്ഐ വി. വിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.