വിടരുമോ വാടുമോ ? ബ്ലാസ്‌റ്റേഴ്‌സും മുംബൈ സിറ്റിയും ഇന്നു നേര്‍ക്കുനേര്‍

sp-blastersകൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണില്‍ തോല്‍വിയറിയാത്ത മുംബൈ സിറ്റി എഫ്‌സിയുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്നു സ്വന്തം തട്ടകത്തില്‍ കൊമ്പുകോര്‍ക്കും. തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ക്കുശേഷം നേടിയ സമനിലയുടെ പിന്‍ബലത്തിലാണു ബ്ലാസ്‌റ്റേഴ്‌സ് ഇന്നു കളിക്കാനിറങ്ങുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ രാത്രി ഏഴിനാണു കിക്കോഫ്.

കേരള ബ്ലാസ്‌റ്റേഴ്‌സും മുംബൈ സിറ്റിയും ഇന്നു നായകന്മാര്‍ ഇല്ലാതെയാകും കളിക്കാനിറങ്ങുക. മുംബൈ സിറ്റി എഫ്‌സിയുടെ ആദ്യ രണ്ടു മത്സര വിജയങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ച ക്യാപ്റ്റന്‍ ഡീഗോ ഫോര്‍ലാനും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ റൈറ്റ് ബാക്കും കഴിഞ്ഞ മത്സരത്തിലെ നായകനുമായ സെഡ്രിക് ഹെങ്ബര്‍ട്ടും ഇന്നു കളിക്കാനുണ്ടാകില്ലെന്നാണു സൂചന. ഫോര്‍ലാന്‍ ടീമിനൊപ്പം കൊച്ചിയിലെത്തിയിട്ടില്ല. പരിക്കാണു താരത്തെ അലട്ടുന്നത്.

നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരായ കഴിഞ്ഞ മത്സരത്തിലാണു ഫോര്‍ലാനു പരിക്കേറ്റത്. പരിക്ക് ഭേദമാകുന്നതിനു വിശ്രമം ആവശ്യമായതിനല്‍ കൊച്ചിയിലേക്കുള്ള യാത്ര അദ്ദേഹം ഉപേക്ഷിക്കുകയായിരുന്നു. ടീമിനോടൊപ്പം ഫോര്‍ലാന്‍ വന്നിട്ടില്ലെന്നും അദ്ദേഹം മെഡിക്കല്‍ ടീമിന്റെ പരിചരണത്തിലാണെന്നും പരിക്ക് ഭേദമായാല്‍ ഉടനടി ടീമില്‍ തിരിച്ചെത്തുമെന്നും മുംബൈ ടീമിന്റെ പരിശീലകന്‍ അലക്‌സാന്ദ്രെ ഗുയിമാറെസ് പറഞ്ഞു. ഫോര്‍ലാനു പുറമെ പ്രണോയ് ഹാല്‍ഡറുടെ സേവനവും ഇന്നു മുംബൈക്കു ലഭിക്കില്ല. കഴിഞ്ഞകളിയില്‍ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തുപോയതാണു ഹെല്‍ഡര്‍ക്കു തിരിച്ചടിയായത്. ഹെല്‍ഡര്‍ക്കു പകരം വിംഗുകളില്‍ കൂടി അതിവേഗ മുന്നേറ്റം നടത്തുന്ന ഹെയ്തി രാജ്യാന്തരതാരം സോണി നോര്‍ഡെ ആദ്യഇലവനില്‍ കളിച്ചേക്കും. കാര്യമായ മറ്റു മാറ്റങ്ങളൊന്നും മുംബൈ ടീമില്‍ ഉണ്ടായേക്കില്ല.

കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ സെഡ്രിക് ഹെങ്ബര്‍ട്ടിനു ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരത്തിനിടെയാണു പരിക്കേറ്റത്. 64ാം മിനിറ്റില്‍ ഹെങ്ബര്‍ട്ട് മുടന്തി കളിക്കളം വിട്ടതിനുശേഷം എന്‍ഡോയ്ക്കായിരുന്നു പ്രതിരോധ ചുമതല. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തംഗ്രൗണ്ടില്‍ ഇന്നു നടക്കുന്ന നിര്‍ണായക മത്സരത്തില്‍ പരിക്ക് അവഗണിച്ചു സെഡ്രിക് ഹെങ്ബര്‍ട്ട് കളിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലന്നു ടീമിന്റെ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ കോപ്പലിന് ഉറച്ച മറുപടി നല്‍കാന്‍ കഴിയുന്നില്ല. ഇന്നു നടക്കുന്ന അവസാന ഫിറ്റ്‌നസ് പരിശോധനയ്ക്കു ശേഷമേ ഹെങ്ബര്‍ട്ടിന്റെ കാര്യത്തില്‍ വ്യക്തമായി എന്തെങ്കിലും പറയാനാകൂവെന്നാണു കോപ്പലിന്റെ മറുപടി. റൈറ്റ് ബാക്കില്‍ ഹെങ്ബര്‍ട്ടിന്റെ അഭാവം ടീമിനെ ബാധിക്കും. എന്നാല്‍ മാര്‍ക്വിതാരം ആരോണ്‍ ഹ്യൂസ് ടീമില്‍ മടങ്ങിയെത്തുന്നതു കേരള ബ്ലാസ്‌റ്റേഴ്‌സിനു ആശ്വസമാകും.

യൂറോ 2016ന്റെ രണ്ടാം റൗണ്ടിലേക്ക് ഉത്തരഅയര്‍ലണ്ടിനു പ്രവേശനം നേടിക്കൊടുത്തശേഷമാണു ഹ്യൂസ് തിരിച്ചുവരുന്നത്. ഹ്യൂസ് ഇന്നു കളിക്കാനിറങ്ങും. ഡല്‍ഹിക്കെതിരേ കളിച്ച ടീമില്‍ കാര്യമായ മാറ്റം ഉണ്ടായേക്കില്ല. ബ്ലാസ്‌റ്റേഴ്‌സ് ടീം ഇന്നലെ രാവിലെ തൃപ്പൂണിത്തുറ ചോയ്‌സ് സ്കൂള്‍ മൈതാനിയില്‍ പരിശീലനം നടത്തി.

കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ മൂന്നു മത്സരങ്ങളില്‍ ഒന്നു പോലും ജയിക്കാനായില്ലെന്നതിനു പുറമെ ഒരൊറ്റ ഗോള്‍ പോലും അടിക്കാനും കഴിഞ്ഞില്ല. ഡല്‍ഹിക്കെതിരേ നേടിയ ഗോള്‍രഹിത സമനിലയില്‍നിന്നു കിട്ടിയ ഏക പോയിന്റാണ് അവസാനസ്ഥാനത്തുനിന്ന് അവരെ രക്ഷിച്ചിരിക്കുന്നത്. മുന്‍ മത്സരങ്ങളെ അപേക്ഷിച്ചു ഡല്‍ഹിക്കെതിരേ മികച്ച ആധിപത്യമാണു ബ്ലാസ്‌റ്റേഴ്‌സ് പ്രകടിപ്പിച്ചത്. 4–3–3 ശൈലിയില്‍ ആക്രമണത്തിനു മുന്‍തൂക്കം നല്‍കിയാണു സ്റ്റീവ് കൊപ്പല്‍ ടീമിനെ കളിക്കളത്തില്‍ അണിനിരത്തിയത്. നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാനുമായി. എന്നാല്‍ മൈക്കല്‍ ചോപ്ര, അന്റോണിയോ ജെര്‍മെയ്ന്‍, ഡക്കന്‍സ് നാസണ്‍ എന്നിവര്‍ അവസരങ്ങള്‍ തുലച്ചുകളയുന്നതാണു കഴിഞ്ഞ മത്സരത്തില്‍ കണ്ടത്.

ഇന്നു ചോപ്രയെ സൈഡ്‌ബെഞ്ചിലേക്കു മാറ്റി കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിനെ ഇറക്കാന്‍ സാധ്യതയുണ്ട്. ടീമിലെ മലയാളി സ്‌െ്രെടക്കറായ മുഹമ്മദ് റാഫിയെ കഴിഞ്ഞ കളികളില്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താത്തതില്‍ ആരാധകര്‍ നിരാശരാണ്. ഓരോ മത്സരത്തിലും സ്‌റ്റേഡിയത്തില്‍ തിങ്ങിനിറയുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ക്ക് ആഹ്ലാദിക്കാന്‍ ഉതകുന്ന ഒരു നിമിഷം പോലും സമ്മാനിക്കാന്‍ ടീമിനു കഴിഞ്ഞിട്ടില്ല. ടീമിന്റെ ഈ ദുരവസ്ഥ മാറുമെന്നും വിജയത്തിലേക്കു തിരിച്ചുവരുമെന്നുമാണു പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ആവര്‍ത്തിച്ചു പറയുന്നത്. സ്വന്തം ടീമിനെ പ്രോത്സഹിപ്പിക്കാനെത്തുന്ന വന്‍ജനക്കൂട്ടത്തോടുള്ള ഉത്തരവാദിത്വത്തെക്കുറിച്ചു കളിക്കാര്‍ക്ക് അറിയാം. ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകര്‍ കാത്തിരിക്കുന്ന വിജയ നിമിഷത്തിനുവേണ്ടി കളിക്കാര്‍ കയ്യും മെയ്യും മറന്നു പോരാടുമെന്നും സ്റ്റീവ് കോപ്പല്‍ പറഞ്ഞു.

മറുവശത്ത് ആദ്യ മത്സരത്തില്‍ 1–0നു എഫ്‌സി പൂന സിറ്റിയെയും രണ്ടാം മത്സരത്തില്‍ 1–0നു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനേയും തോല്‍പ്പിക്കുകയും മൂന്നാം മത്സരത്തില്‍ 1–1ന് അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയോടു സമനിലയും പിടിച്ച മുംബൈ സിറ്റി ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല. ഏഴ് പോയിന്റും മുംബൈ സിറ്റി സ്വന്തമാക്കി കഴിഞ്ഞു. പോയിന്റിനേക്കാള്‍ പ്രാധാന്യം ഗെയിമിനു തന്നെയാണെന്നും കളിക്കാരുടെ പ്രകടനത്തിനാണു താന്‍ ഏറെ മുന്‍ഗണന നല്‍കുന്നതെന്നും മുംബൈ സിറ്റിയുടെ പരിശീലകന്‍ അലക്‌സാന്ദ്രെ ഗുയിമാറെസ് പറഞ്ഞു. സീസണിന്റെ മുന്നൊരുക്കമായി നടന്ന പരിശീലനത്തിന്റെ മിടുക്കാണു മത്സരത്തില്‍ കാണാനായതെന്നും അദ്ദേഹം വിലയിരുത്തി.

മുംബൈ സിറ്റിക്കു കഴിഞ്ഞ മത്സരങ്ങള്‍ക്കു കാര്യമായി യാത്ര ചെയ്യേണ്ടിവന്നിട്ടില്ല. മുംബൈയിലെ ഹോം ഗ്രൗണ്ടിലും പൂനയിലെ ബലേവാഡിയിലും ആയിരുന്നു ആദ്യ മത്സരങ്ങള്‍. മഹാരാഷ്ട്രയ്ക്കു പുറത്ത് ആദ്യമായി കളിക്കാനിറങ്ങുന്ന മുംബൈ ടീം ഭയക്കുന്നത് 55,000ത്തോളം വരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആരാധകരെയായിരിക്കും. എന്നാല്‍, കളിക്കാര്‍ ആത്മവിശ്വാസത്തിലാണ്. കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരേ മികച്ച പ്രകടനം നടത്താന്‍ ഉറച്ചു തന്നെയാണു ടീം ഇന്ന് ഇറങ്ങുകയെന്നും അലക്‌സാന്ദ്രെ ഗുയിമാറെസ് പറഞ്ഞു.

കേരള ബ്ലാസ്‌റ്റേഴ്‌സും മുംബൈ സിറ്റിയും തമ്മില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതിനകം നാലുതവണ ഏറ്റുമുട്ടിയതില്‍ മുംബൈ സിറ്റി ഒരു മത്സരം ജയിച്ചു. കേരള ബ്ലാസറ്റേഴ്‌സിന് ഒരൊറ്റ ജയവും ഇല്ല. ബാക്കി മൂന്നു മത്സരങ്ങളും സമനിലയില്‍ കലാശിച്ചു. രണ്ടെണ്ണം ഗോള്‍രഹിത നിലയിലും ഒന്ന് 1–1 എന്ന നിലയിലും കലാശിച്ചു. ആദ്യ സീസണിലെ മുംബൈയില്‍ നടന്ന ആദ്യ മത്സരത്തിലായിരുന്നു മുംബൈ സിറ്റിയുടെ ജയം.

വി.ആര്‍. ശ്രീജിത്ത്‌

Related posts