വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: അറസ്റ്റിലായ സ്ത്രീയെ കോടതിയില്‍ ഹാജരാക്കും

ALP-COURTആലപ്പുഴ: തയ്യല്‍ ജോലി വാഗ്ദാനം ചെയ്ത് വിദേശത്ത് വീട്ടമ്മയെ എത്തിച്ച് കബളിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇടനിലക്കാരിയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ അയല്‍വാസിയായിരുന്ന തണ്ണീര്‍മുക്കം മരുത്തോര്‍വട്ടം കോമത്തുവെളിയില്‍ ഷീലാദേവിയെയാണ് മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. ജോലി വാഗ്ദാനം ചെയ്ത് മരുത്തോര്‍വട്ടം അറയ്ക്കല്‍ പറമ്പില്‍ വിജയലക്ഷ്മിയെ ഇവര്‍ ഷാര്‍ജയില്‍ വിസിറ്റിംഗ് വിസയില്‍ എത്തിക്കുകയായിരുന്നു.

വിജയലക്ഷ്മിയുടെ കൈയില്‍ വിദേശത്തേക്കുപോകാനുള്ള പണമില്ലാതിരുന്നതിനാല്‍ ഇവരുടെ സ്കൂട്ടര്‍ കൈക്കലാക്കിയശേഷമാണ് ഷീലാ ദേവി ഇവരെ വിദേശത്തെത്തിച്ചത്. വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതിരുന്നതോടെ വീട്ടമ്മ തിരികെ നാട്ടിലേക്ക് പോകണമെന്നാവശ്യപ്പെട്ടപ്പോള്‍ 2,75,000 രൂപ നല്‍കണമെന്നായിരുന്നു ഷീലാ ദേവി വിജയലക്ഷ്മിയെ ഏല്‍പ്പിച്ച ഏജന്‍സി ആവശ്യപ്പെട്ടത്. തുടര്‍ന്ന് വിജയലക്ഷ്മിയുടെ ഭര്‍ത്താവ് ജില്ലാ കളക്ടര്‍ക്കും പോലീസിനും പരാതി നല്‍കുകയും വിഷയം മന്ത്രി പി. തിലോത്തമന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു.

പിന്നീട് സ്വന്തം ചിലവില്‍ വിദേശത്തുനിന്നും നാട്ടിലേക്ക് മടങ്ങിയെത്തുകയായിരുന്നു. തുടര്‍ന്ന് ജോലി വാഗ്ദാനം ചെയ്ത പണം തട്ടിയെടുത്തതായി കാട്ടി പോലീസില്‍ പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷീലാ ദേവിയെ അറസ്റ്റ് ചെയ്തത്.  അതേസമയം കേസ് ഒത്തുതീര്‍പ്പാക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ശ്രമിച്ചതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. നല്‍കിയ പണം തിരിച്ച് വാങ്ങി നല്കാമെന്നും കേസില്‍ നിന്നും പിന്‍മാറണമെന്നുമായിരുന്നു ഇക്കൂട്ടരുടെ ആവശ്യം. കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിനെതിരെ പരാതി നല്‍കാനുള്ള നീക്കത്തിലാണ് വീട്ടമ്മ.

Related posts