വിദേശമദ്യ വില്പനശാലകളിലെ കവര്‍ച്ച: പിന്നില്‍ സമ്പന്നരായ മോഷ്ടാക്കള്‍ !

pkd-thiefവടക്കഞ്ചേരി: ബീവറേജസ് കോര്‍പറേഷന്റെ വിദേശമദ്യ വില്പനശാലകളിലെ കവര്‍ച്ചയ്ക്കു പിന്നില്‍ വന്‍സാമ്പത്തിക ഭദ്രതയുള്ള ടീമാണെന്ന് സൂചന. ആഡംബര വീടും കാറും മറ്റു സൗകര്യങ്ങളുമുള്ളവരാണ് ഇത്തരം കവര്‍ച്ചകള്‍ക്ക് നേതൃത്വം നല്കുന്നത്. ആലത്തൂരിലെ വിദേശമദ്യ വില്പനശാലയിലെ കവര്‍ച്ചാകേസില്‍ പിടിയിലായവര്‍ ഇത്തരത്തിലുള്ളവരായിരുന്നെന്നാണ് കണ്ടെത്തല്‍. വളരെ ആസൂത്രിതമായാണ് കവര്‍ച്ച നടത്തുക. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ മദ്യവില്പന നടക്കുന്ന ഔട്ട്‌ലെറ്റുകളിലൊന്നായി വടക്കഞ്ചേരി മാറിയതോടെയാണ് ഇവിടെയും കവര്‍ച്ചാസംഘങ്ങള്‍ കേന്ദ്രീകരിച്ചതെന്ന് വിലയിരുത്തുന്നു.

നെന്മാറയിലെയും കൊല്ലങ്കോട്ടേയും വില്പനശാലകള്‍ പൂട്ടിയതോടെയാണ് വടക്കഞ്ചേരി, മുടപ്പല്ലൂര്‍ എന്നീ ഔട്ട്‌ലെറ്റുകളില്‍ വില്പന കുതിച്ചുയര്‍ന്നത്. അതിനുമുമ്പും മദ്യവില്പനയില്‍ വടക്കഞ്ചേരി സംസ്ഥാനത്തുതന്നെ മുന്നിലായിരുന്നു. കഴിഞ്ഞ ഓണം സീസണോടെയാണ് മദ്യവില്പനയില്‍ വടക്കഞ്ചേരി വീണ്ടും ശ്രദ്ധേയമായത്. തിരുവോണത്തിന്റെ പിറ്റേന്നു മാത്രം 36 ലക്ഷം രൂപയുടെ മദ്യമാണ് വടക്കഞ്ചേരിയില്‍ വിറ്റത്. ഉത്രാടനാളില്‍ 35 ലക്ഷം രൂപയുടെയും തിരുവോണനാളില്‍ 31 ലക്ഷം രൂപയുടെയും മദ്യവില്പന നടന്നെന്നാണ് കണക്ക്.

പാവപ്പെട്ടവരും തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന വടക്കഞ്ചേരിയില്‍ മദ്യഉപഭോഗം റെക്കോര്‍ഡ് തകര്‍ത്തും മുന്നേറുന്നത് നാടിന്റെ ദുരവസ്ഥയായാണ് ചൂണ്ടിക്കാട്ടുന്നത്. മാസത്തില്‍ ശരാശരി അഞ്ചുകോടി രൂപ മുതല്‍ ആറു കോടി രൂപയുടെ മദ്യം വടക്കഞ്ചേരി ഔട്ട്‌ലെറ്റിലേക്കു മാത്രം ഇറക്കണം. അധിക മദ്യവില്പനമൂലം ഒന്നോ രണ്ടോദിവസം കൗണ്ടറിലെ പണം ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തുക കോടിയോളമെത്തും. എന്നാല്‍ മതിയായ സുരക്ഷാ സംവിധാനമില്ലാതെ ലക്ഷങ്ങള്‍ മദ്യവില്പനശാലയില്‍ സൂക്ഷിക്കുന്നതാണ് കവര്‍ച്ചാസംഘങ്ങളെയും ആകര്‍ഷിക്കുന്നത്.

ബിവറേജസിന്റെ മദ്യശാലകളെല്ലാം ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളതിനാല്‍ കൂടുതല്‍ സുരക്ഷാ സംവിധാനം ഒരുക്കാന്‍ കോര്‍പറേഷനു താത്പര്യമില്ല. മുമ്പൊക്കെ മദ്യശാലകള്‍ക്ക് സെക്യൂരിറ്റിക്കാരനുണ്ടായിരുന്നപ്പോള്‍ കവര്‍ച്ച കുറവായിരുന്നു. പിന്നീട് ഇന്‍ഷ്വര്‍ പദ്ധതി വന്നതോടെയാണ് സെക്യൂരിറ്റിക്കാരനെ നിയമിക്കുന്നത് നിര്‍ത്തലാക്കിയതെന്നു പറയുന്നു.ഔട്ട്‌ലെറ്റുകളില്‍ സിസി ടിവി കാമറ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അതിനു വരുന്ന ഭാരിച്ച ചെലവ് കണക്കാക്കിയപ്പോള്‍ പിന്നീട് അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു.

നാലുവര്‍ഷംമുമ്പ് മൂന്നുതവണ വന്‍കവര്‍ച്ചയും മദ്യശാലയില്‍ തീപിടിത്തവും നടന്ന ആലത്തൂരില്‍ കാമറ സ്ഥാപിക്കാനായി പരിശോധന നടത്തിയിരുന്നു. പിന്നീടത് വേണ്ടെന്നു വച്ചു. വടക്കഞ്ചേരിയിലെ കവര്‍ച്ചയ്ക്കു പിന്നിലും പ്രഫഷണല്‍ ടീമാണെന്ന നിഗമനത്തിലാണ്. നാലു ടീമായാണ് അന്വേഷണം പുരോഗമിക്കുന്നത്. സിഐ സി.ആര്‍.സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Related posts