വിധിയെഴുത്തിനു ദിവസങ്ങള്‍ ബാക്കി; പ്രചാരണത്തിന് കൂടുതല്‍ വേഗതയും സൂക്ഷ്മതയും

TVM-ELECTIONസ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര: വിധിയെഴുത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചാരണത്തിന് കൂടുതല്‍ വേഗതയും സൂക്ഷ്മതയും ഉറപ്പാക്കാന്‍ മുന്നണികളും സ്ഥാനാര്‍ഥികളും. വോട്ടര്‍മാരുടെ മനസ്സറിയാനും അവരില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനും കുടുംബയോഗങ്ങള്‍ സഹായകമാകുമെന്നും പ്രതീക്ഷ. യുഡിഎഫ് പെരുമ്പഴുതൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്നലെ നടന്നു. പെരുമ്പഴുതൂര്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച യോഗം ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു.

കേരളത്തില്‍ അക്രമരാഷ്ട്രീയത്തിന് അവസാനം കുറിക്കാന്‍ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന് കഴിഞ്ഞുവെന്ന്    കരകുളം കൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. ഇടതുപക്ഷം ശരിയായ മദ്യനയം ഇല്ലാതെ ഇരുട്ടില്‍ തപ്പുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ. അജയകുമാര്‍ അധ്യക്ഷനായ യോഗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്‍. ശെല്‍വരാജ്, നെയ്യാറ്റിന്‍കര സനല്‍, സോളമന്‍ അലക്‌സ്, അയിര സുരേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

നെയ്യാറ്റിന്‍കരയില്‍ യുഡിഎഫ് വളരെ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ, സംസ്ഥാന നേതാക്കള്‍ എത്തുമെന്നും സനല്‍ അറിയിച്ചു.   എ.കെ. ആന്‍ണി, വി.എം സുധീരന്‍, രമേശ് ചെന്നിത്തല  മുതലായവരും യുഡിഎഫിലെ ഘടകകക്ഷി നേതാക്കളും പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും.

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗം ഇന്നലെ പെരുമ്പഴുതൂരില്‍ സിപിഎം നേതാവ് പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ഡെന്നിസണ്‍ അധ്യക്ഷനായിരുന്ന യോഗത്തില്‍ സ്ഥാനാര്‍ഥി കെ. ആന്‍സലന്‍, നീലലോഹിതദാസന്‍നാടാര്‍, ആനാവൂര്‍ നാഗപ്പന്‍, ചലച്ചിത്രനടന്‍ പ്രദീപ് പ്രഭാകര്‍ എന്നിവര്‍ പങ്കെടുത്തു.   കുടുംബയോഗങ്ങള്‍ ആരംഭിച്ചു. പ്രാദേശിക പ്രവര്‍ത്തക യോഗങ്ങളും നടക്കുന്നുണ്ട്. സ്ഥാനാര്‍ഥി ആന്‍സലന്‍ 27 ന് തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ എന്‍ഡിഎ യുടെ തെര ഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളുടെ പ്രവര്‍ ത്തനം ആരംഭിച്ചു.   ഇന്നലെ മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും സമ്പൂര്‍ണ്ണ സമ്പര്‍ക്കം നടന്ന തായി ബിജെപി നെയ്യാറ്റിന്‍കര നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.പി ഹരി അറിയിച്ചു. കുടുംബ യോഗങ്ങള്‍ അടുത്തയാഴ്ച തുടങ്ങും.
മഹിളാ കണ്‍വന്‍ഷന്‍ മെയ് ഒന്നിന് നടക്കും. സ്ഥാനാര്‍ഥി പുഞ്ചക്കരി സുരേന്ദ്രന്‍ 29 ന് പത്രിക സമര്‍പ്പിക്കും.

Related posts