വിമാനക്കമ്പനികളുടെ ചൂഷണം മലയാളികള്‍ക്കു നേരെ; നടപടി വേണമെന്ന് പുതുശേരി

alp-josephmputhesseryപത്തനംതിട്ട: സീസണ്‍ കാലത്ത് ടിക്കറ്റു നിരക്ക് കുത്തനെ  ഉയര്‍ത്തി  യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാനകമ്പനികളുടെ ചൂഷണം തുടരുകയാണെന്ന് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന  ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശേരി ആരോപിച്ചു.ഗള്‍ഫിലെ സ്കൂള്‍ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നാട്ടിലേയ്ക്കു വരുന്നവരുടെ ടിക്കറ്റ് നിരക്കാണ് ഇപ്പോള്‍ തന്നെ ഇരട്ടിയിലധികമായി വര്‍ധിപ്പിച്ചിരിക്കുന്നത്.

കേരളത്തിലേക്കുളള  ടിക്കറ്റിന് വര്‍ധന പ്രാബല്യത്തിലായിക്കഴിഞ്ഞു. എന്നാല്‍ മുംബൈ, ഡല്‍ഹി സെക്ടറിലേക്ക് വര്‍ധന ഉണ്ടായിട്ടുമില്ല. എയര്‍ ഇന്ത്യാ എക്‌സ്പ്രസിലും മറ്റു സ്വകാര്യ വിമാന കമ്പനികളിലും ഒരേപോലെ വര്‍ധന ഉണ്ടായിട്ടുണ്ട്. മലയാളികളെ കൊള്ളയടിക്കാനുളള ഈ നീക്കം ചെറുത്തേ തീരൂവെന്ന് പുതുശേരി പറഞ്ഞു.

തിരക്ക് ക്രമാതീതമാകുന്ന സീസണുകള്‍ മുന്‍കൂട്ടി അറിയാവുന്ന വിമാന കമ്പനികള്‍ ആ സമയത്ത് കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിച്ച് തിരക്ക് കുറയ്ക്കുകയും യാത്രക്കാര്‍ക്കു സൗകര്യം ഒരുക്കുകയും ചെയ്യേണ്ടതിനു പകരം ഇതു ചാകരയായി കരുതി കുത്തനെയുളള നിരക്കു വര്‍ധന വരുത്തുന്നതിനു യാതൊരു ന്യായീകരണവുമില്ലെന്നും വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കേന്ദ്ര വ്യോമയാനമന്ത്രി പി.അശോക് രാജുവിനു നല്‍കിയ നിവേദനത്തില്‍ പുതുശേരി ആവശ്യപ്പെട്ടു.

Related posts