വീണ്ടും സ്‌കൂളില്‍ വില്ലനായി പാമ്പ് ! പാമ്പുകടിയേറ്റ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഹൃതിയ്ക്ക് ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം കൊണ്ട്; തുണച്ചത് അധ്യാപകരുടെ അവസരോചിതമായ ഇടപെടല്‍…

സ്‌കൂളില്‍ വീണ്ടും വില്ലനായി പാമ്പ് എത്തിയപ്പോള്‍ കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കനന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി ഹൃതിയ്ക്ക് ജീവന്‍ തിരിച്ചു നല്‍കിയത് അധ്യാപകര്‍. രാവിലെ സ്‌കൂളില്‍ എത്തിയ കുട്ടി താന്‍ വീണെന്നും എഴുന്നേറ്റ് ബാഗ് കുനിഞ്ഞെടുക്കുന്ന സമയത്ത് കാല് കല്ലില്‍ തട്ടിയപോലെ തോന്നിയതായും കാലില്‍ വേദനയുണ്ടെന്നും പറഞ്ഞു അധ്യാപകനെ സമീപിച്ചു.

ക്ലാസ് അധ്യാപകനായ ഗോപകുമാര്‍ ഉടന്‍ കുട്ടിയുമായി പ്രധാനാധ്യാപികയുടെ അടുത്തെത്തിക്കുകയായിരുന്നു. പ്രധാനാധ്യാപിക ആശയും സീനിയര്‍ അസിസ്റ്റന്റായ രാജീവും ചേര്‍ന്ന് പരിശോധിച്ചപ്പോള്‍ കാലില്‍ വളരെ ചെറിയൊരടയാളം കണ്ടു. ഉടന്‍തന്നെ കുട്ടിയെ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. രക്തപരിശോധനയില്‍ പാമ്പിന്‍ വിഷബാധയേറ്റതായി വ്യക്തമായതായും ഉടന്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്തു. വിദ്യാര്‍ഥി ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ സുഖം പ്രാപിച്ചു വരുകയാണ്.

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി ഷെഹ്ല ഷെറിന് അധ്യാപകരുടെ നിരുത്തരവാദപരമായ സമീപനം കാരണം ജീവന്‍ നഷ്ടപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് അധ്യാപകരുടെ പ്രശംസനീയമായ മാതൃക. ഈയൊരു സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനമൊട്ടാകെയുള്ള സ്‌കൂളുകളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Related posts