പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ വെളിയിട വിസര്‍ജനവിമുക്ത ജില്ലയെന്ന ഖ്യാതി പത്തനംതിട്ട സ്വന്തമാക്കി. എന്നാല്‍ ജില്ലയിലെ പൊതുസ്ഥലങ്ങളിലും ബസ് സ്റ്റേഷനുകളിലുമടക്കം പ്രാഥമികാവശ്യങ്ങള്‍ക്ക് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനായിട്ടില്ല. പൊതുസ്ഥലങ്ങളില്‍ ആവശ്യമായ ശൗചാലയങ്ങള്‍ ഹൈടെക് നിലവാരത്തോടു സ്ഥാപിച്ചു സംസ്ഥാനത്തിനു തന്നെ മാതൃകയാകാന്‍ ഇറങ്ങിപ്പുറപ്പെട്ട പത്തനംതിട്ട ജില്ലയ്ക്ക് അപമാനമായി ഇ ടോയ്ലറ്റുകള് മാറുക യും ചെയ്തു.
യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടേണ്ട പദ്ധതിയാണ് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ അനാസ്ഥയില്‍ കുടുങ്ങിക്കിടക്കുന്നത്. ശൗചാലയങ്ങളില്ലാത്ത വീടുകള്‍ക്ക് ഇവ നിര്‍മിച്ചു നല്കി തദ്ദേശസ്ഥാപനങ്ങള്‍ വെളിയിട വിസര്ജവിമുക്ത സ്ഥലങ്ങളായി പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം പൊതുസ്ഥലങ്ങളില്‍ ശൗചാലയങ്ങള്‍ വേണമെന്ന ആവശ്യത്തിനുനേരെ പ്രാദേശിക ഭരണകൂടങ്ങള്‍ ഇപ്പോഴും തലതിരിഞ്ഞു നില്ക്കുന്നു.
2010 -15 കാലയളവിലെ ജില്ലാ പഞ്ചായത്ത് ഭരണസമിതി നടപ്പാക്കിയ ഇ ടോയ്ലറ്റ് പദ്ധതി ഈ മേഖലയില്‍ വന്‍ കുതിച്ചുചാട്ടത്തിനു വഴിതെളിച്ചിരുന്നു. ജില്ലാ പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് സംയുക്ത പദ്ധതിയായാണ് ജില്ലയിലെമ്പാടും ഇ ടോയ്ലറ്റുകള് സ്ഥാപിച്ചത്. കേന്ദ്രീകൃതമായ നിയന്ത്രണത്തിലൂടെയായിരുന്നു പ്രവര്‍ത്തനം. ഓരോ ഗ്രാമപഞ്ചായത്തുകളും അനുയോജ്യമായ സ്ഥലങ്ങള്‍ നിര്‍ണയിച്ച് ഇ ടോയ്ലറ്റുകള് സ്ഥാപിച്ചു. 2012 – 13 വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് പദ്ധതി പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു ഇത്. പൊതുപ്രാധാന്യമേറെയുള്ള സ്ഥലങ്ങളിലാണ് ഇ ടോയ്ലറ്റുകള് സ്ഥാപിച്ചത്.
സഞ്ചാരികള്‍, വഴിയാത്രക്കാര്‍ തുടങ്ങിയവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പദ്ധതിയായിരുന്നു ഇത്. ജില്ലാ പഞ്ചായത്ത് നല്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഇ ടോയ്ലറ്റുകള് സ്ഥാപിക്കപ്പെട്ടു. ഇവയുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും വരുമാനം ഏറ്റെടുക്കാനും വൈദ്യുതി, വെള്ളം ഇവ ഉറപ്പാക്കാനുമുള്ള ചുമലത ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ക്കായിരുന്നു. ഇ ടോയ്ലറ്റുകള് സ്ഥാപിച്ച പല സ്ഥലങ്ങളിലും വെള്ളവും വൈദ്യുതിയും ഗ്രാമപഞ്ചായത്തുകള്‍ നല്‍കിയില്ല.
പണം സ്വന്തമായി നിക്ഷേപിക്കുമ്പോള്‍ വാതിലുകള്‍ തുറന്നുവരികയും അകത്തുകയറിയാല്‍ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ വെള്ളം ലഭിക്കുകയും ഒക്കെ ചെയ്യുന്ന ഇ ടോയ്ലറ്റുകള് പലയിടത്തും സാധാരണക്കാര്‍ക്കു പ്രയോജനപ്പെട്ടില്ല. കോന്നി, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി തുടങ്ങി ചുരുക്കം ചില ഇ ടോയ്ലറ്റുകള് മാത്രം പ്രവര്‍ത്തിച്ചു. തകാറിലായവ പ്രവര്‍ത്തിപ്പിക്കാനോ ഇവയുടെ പ്രവര്‍ത്തനങ്ങളിലെ പോരായ്മ പരിഹരിക്കാനോ കരാറുകാര്‍ തയാറായില്ല. കോടി കണക്കിനു രൂപ കരാറുകാര്‍ സ്വന്തമാക്കിയെങ്കിലും പദ്ധതിയുടെ സുഗമമായ നടത്തിപ്പില്‍ പങ്കാളിത്തം നല്‍കിയില്ല. ഇതോടെ ഇ ടോയ്ലറ്റുകള് നോക്കുകുത്തിയായി.
റോഡരികിലും പൊതുസ്ഥലങ്ങളിലും ഇത്തരം ആധുനിക ടോയ്ലറ്റുകള് അനിവാര്യമാണ്. മറ്റു ജില്ലകളില്‍ മെച്ചപ്പെട്ട രീതിയില്‍ നടത്തിയ ഇ ടോയ്ലറ്റ് പദ്ധതിക്കു പത്തനംതിട്ടയില്‍ എന്തു സംഭവിച്ചുവെന്ന് ബന്ധപ്പെട്ടവരാരുംതന്നെ അന്വേഷിച്ചതുമില്ല. പിന്നീടുവന്ന ജില്ലാ പഞ്ചായത്ത് ഭരണസമിതി ഇ ടോയ്ലറ്റുകള് പുനരുദ്ധരിക്കാന്‍ പദ്ധതി ഫണ്ട് നീക്കിവച്ചു. എന്നാല്‍ പദ്ധതിയുമായി മുമ്പോട്ടു പോകാന്‍ സാങ്കേതികതടസം ഉണ്ടായി. നിര്‍മാണം ഏറ്റെടുത്ത കരാറുകാരനെ കരിമ്പട്ടികയില്‍പെടുത്തി തുടര്‍ നിയമനടപടികള്‍ക്കു നീക്കമുണ്ടായെങ്കില്‍ ഇതും തടസപ്പെട്ടു.
വിനോദ സഞ്ചാരികള്‍ അടക്കം ധാരാളംപേരെത്തുന്ന റൂട്ടുകളില്‍പോലും പൊതുശൗചാലയങ്ങളില്ല. ബസ് സ്റ്റേഷനുകളിലും സര്‍ക്കാര്‍ ഓഫീസുകളിലുമുള്ള ശൗചാലയങ്ങള്‍ ഏറെയും വൃത്തിഹീനമാണ്. പഞ്ചായത്തുവക ബസ് സ്റ്റാന്‍ഡുകളില്‍ സ്ത്രീകള്‍ക്കായി ശൗചാലയങ്ങള്‍ പലയിടത്തുമില്ല. ജില്ല, ജനറല്‍ ആശുപത്രി പരിസരങ്ങളിലും ഇതാണ ്സ്ഥിതി.