വടകര: വോളിബോള്‍ കോച്ചും വോളിബോള്‍ അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റുമായ മാണിക്കോത്ത് രാഘവന് കരനെല്കുഷിയില് തിളങ്ങി. പഴങ്കാവിലെ രണ്ടേകാല്‍ ഏക്കറില്‍ രാഘവന് ചെയ്ത കൃഷിയില്‍ നൂറുമേനി വിളവ്. കൊയ്ത്തുത്സവം കഴിഞ്ഞ ദിവസം വടകര നഗരസഭ ചെയര്മാന് കെ.ശ്രീധരന് ഉദ്ഘാടനം ചെയ്തു.
പലരില്‍ നിന്നും പാട്ടത്തിനെടുത്ത സ്ഥല ത്താണ് ഇത്തവണ കരനെല്‍ കൃഷി ഇറക്കിയത്. കൃഷിവകുപ്പ് ആവശ്യമായ സഹായം നല്കി. അത്യുല്പാദന ശേഷിയുള്ള ഉമ, ജയ എന്നീയിനം വിത്തു കളാണ് കൃഷിചെയ്തത്. ഏതാണ്ട് 15 വര്‍ഷത്തോളമായി രാഘവന് കരനെല്‍കൃഷി ചെയ്യുന്നു. കരനെല്ലിനു പുറമെ രണ്ടേക്കറോളം വയലിലും എല്ലാ വര്‍ഷവും പുഞ്ചകൃഷി ചെയ്യാറുണ്ട്.
കൊയ്ത്തുത്സവത്തില്‍ സിപിഎം ജില്ലാ സെക്രട്ടരിയേറ്റ് അംഗം സി. ഭാസ്കരന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആര്.ബാലറാം, സിപിഎം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ.സി.പവിത്രന്, എന്‍. രാജന്, ടി.ഭാസ്കരന്, സി. നാണു, മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് പി. അശോകന് എന്നിവര്‍ സംസാരിച്ചു.