തദ്ദേശ തെരഞ്ഞെടുപ്പിൽ മലയാളി സ്ഥാനാർഥികളില്ലാതെ ജില്ലയിലെ മൂന്നു പഞ്ചായത്തുകൾ. ഇടമലക്കുടി, മൂന്നാർ, വട്ടവട പഞ്ചായത്തുകളിലാണു തമിഴ് വംശജരായ സ്ഥാനാർഥികൾ മാത്രം മത്സരരംഗത്തുള്ളത്. തോട്ടം തൊഴിലാളികളും ആദിവാസികളും അധിവസിക്കുന്ന ഇവിടെ തമിഴ് വംശജരാണ് കൂടുതൽ.
ഇടമലക്കുടിയിൽ 14 വാർഡുകളിലായി 41 സ്ഥാനാർഥികളും വട്ടവടയിൽ 14 വാർഡുകളിലായി 43 സ്ഥാനാർഥികളും മൂന്നാറിൽ 20 വാർഡുകളിലായി 58 തമിഴ് വംശജരായ സ്ഥാനാർഥികളുമാണു ജനവിധി തേടുന്നത്.
യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾക്കു പുറമെ ഡിഎംകെ, എഐഡിഎംകെ, വിടുതൽ തിർത്തി എന്നീ പാർട്ടികളിലെ സ്ഥാനാർഥികളും മൂന്നാർ പഞ്ചായത്തിലെ ചില വാർഡുകളിൽ രംഗത്തുണ്ട്. ഇവിടെ ഭൂരിഭാഗം വോട്ടർമാരും തമിഴ് വംശജരായതിനാൽ പ്രചാരണത്തിനും തമിഴ് ടച്ചാണ്. നോട്ടീസുകളും പോസ്റ്ററുകളുമെല്ലാം തമിഴ്ഭാഷയിലാണ് അച്ചടിച്ചിരിക്കുന്നത്. ഇതോടൊപ്പം തമിഴ് സിനിമാഗാനങ്ങളുടെ പാരഡിഗാനങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
വോട്ടർമാരെ സ്വാധീനിക്കാൻ ഇത് ഏറെ പ്രയോജനപ്പെടുമെന്നാണ് സ്ഥാനാർഥികളുടേയും പ്രവർത്തകരുടേയും പ്രതീക്ഷ. തമിഴ്നാട്ടിൽ സിനിമമേഖലയിലുള്ളവർക്ക് വലിയ ജനപിന്തുണയാണുള്ളത്. ഇതു തിരിച്ചറിഞ്ഞാണ് തമിഴ്ഭാഷയിലെ സിനിമാഗാനങ്ങളും പാരഡിഗാനങ്ങളും പ്രചാരണത്തിന് ഉപയോഗിക്കുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും ഈ പഞ്ചായത്തുകളിൽ മലയാളി സ്ഥാനാർഥികൾ മത്സരരംഗത്തില്ലായിരുന്നു. ഇടമലക്കുടി പഞ്ചായത്തിൽ മുഴുവൻ കുടുംബങ്ങളും മുതുവാൻ സമുദായത്തിൽപ്പെട്ടവരാണ്. അതിനാൽ മുഴുവൻ വാർഡുകളും പട്ടികവർഗ സംവരണമാണ്.

